കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി ; 25 പേർ ചികിത്സയിൽ

കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.
ഇന്നലെ വൈകിട്ട് 7.40ഓടെ വടക്കൻ കൊൽക്കത്തയിലെ ശാരദ പാർക്കിന് സമീപമുള്ള ചോർ ഭാഗനിലാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ പൂജ നടക്കുന്ന ഇടുങ്ങിയ സ്ഥലത്തേക്ക് ആളുകൾ തിക്കിത്തിരക്കി കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രദേശത്ത് വെളിച്ചക്കുറവുണ്ടായിരുന്നതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.
പൊലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി. ബംഗാളിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. സംഭവത്തിൽ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു.








0 comments