അനിൽ മേനോൻ ആദ്യ സ്പേസ്‌വാക്കിന് ഒരുങ്ങുന്നു, മൂന്നു തവണ നിലയത്തിന് പുറത്തിറങ്ങും

വാഷിംഗ്ടൺ: നാസയുടെ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ തന്റെ കന്നി ബഹിരാകാശ നടത്തത്തിന് ഒരുങ്ങുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സോളാർ പാനലുകൾ നവീകരിക്കുക, ആശയവിനിമയ ആന്റിന മാറ്റിസ്ഥാപിക്കുക എന്നീ ഉത്തരവാദിത്തം കൂടി അദ്ദേഹം നിലയത്തിന് പുറത്ത് നിര്‍വ്വഹിക്കും.
ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള അനിൽ മേനോൻ സോയൂസ് MS-29 പേടകത്തിലേറി ജൂലൈ 14 നാണ് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എട്ട് മാസത്തോളം അദ്ദേഹം നിലയത്തിൽ ചെലവഴിക്കുന്നുണ്ട്. അടുത്ത ആഴ്ച നിലയത്തിന് പുറത്തിറങ്ങും.
സഹ യാത്രികയായ ജെസിക്ക മെയറുമായി ചേർന്ന് ആഗസ്റ്റ് 6 മുതൽ ആകെ മൂന്ന് സ്പേസ്‌വാക്കുകൾ നടത്തുമെന്ന് നാസ അറിയിച്ചു. ഓരോ ആഴ്ച ഇടവിട്ട് മൂന്ന് തവണയാണ് നടത്തം.
ഇൻഡ്യക്കാരനായ പിതാവിന്റെയും ഉക്രൈൻകാരിയായ മാതാവിന്റെയും മകനായി മിന്നിയാപോളിസിലാണ് അനിൽ ജനിച്ചത്. 49കാരനായ ഇദ്ദേഹം എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് സ്പേസ് ഫോഴ്സിലെ കേണലുമാണ്. 2014ൽ ഫ്ലൈറ്റ് സർജനായാണ് നാസയിൽ കരിയർ ആരംഭിക്കുന്നത്. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നത്. ഭാര്യ അന്ന വിൽഹെം ബഹിരാകാശ യാത്രികയാണ്. 2024 സെപ്റ്റംബറിൽ സ്പേസ് എക്സിന്റെ പോളാരിസ് ഡോൺ എന്ന കോർപ്പറേറ്റ് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അവരും ബഹിരാകാശ യാത്ര നടത്തിയിരുന്നു.










0 comments