നായയുടെ പിറവി ചെന്നായ്ക്കളിൽ നിന്നല്ല, 16000 വര്ഷങ്ങൾ മുന്നേ മനുഷ്യരോട് കൂട്ടായി -പഠനം


എൻ എ ബക്കർ
Published on Mar 28, 2026, 02:15 PM | 2 min read
ബ്രിസ്ബേൻ: മനുഷ്യനും നായ്ക്കളും തമ്മിലുള്ള ഈടുറ്റ ബന്ധത്തിന്റെ വേരുകൾ കുറഞ്ഞത് 16,000വർഷങ്ങൾക്ക് മുമ്പുള്ള ഹിമയുഗം മുതൽ ആരംഭിച്ചതായി പുതിയ ഗവേഷണം. പുരാവസ്തു ഖനനങ്ങളിൽ നിന്ന് ലഭിച്ച നായ്ക്കളുടെ അസ്ഥികൂടങ്ങളിൽ നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സർവകലാശാല, ബ്രിട്ടനിലെ ലിവർപൂൾ സർവകലാശാല, തുർക്കിയിലെ അങ്കാറ ഹാസി ബയറാം വേലി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് നടത്തിയ പഠനം 'നേച്ചർ'ശാസ്ത്രജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആദ്യകാല നായ്ക്കളുടെ തിരിച്ചറിയൽ
മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തുകയും തലമുറകളിലൂടെ കാട്ടുമൃഗങ്ങളിൽ നിന്ന് വേർതിരിക്കുകയും ചെയ്ത ജീവികളാണ് നായ്ക്കൾ. പുരാവസ്തു സ്ഥലങ്ങളിൽ ലഭിക്കുന്ന അസ്ഥികൂടങ്ങളുടെ ആകൃതി മാത്രം വച്ച് നായ്ക്കളുടേതും ചെന്നായ്ക്കളുടേതും തമ്മിൽ വേർതിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു. അത് കാരണം ചെന്നായ്ക്കളിൽ നിന്നാണ് നായ്ക്കളെ വളർത്തിയെടുത്തതെന്നാണ് കരുതിപ്പോന്നിരുന്നത്.
പുതിയ, പുരാതന ഡിഎൻഎ വിശകലന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനം ചെന്നായ് വംശാവലി സംബന്ധിച്ച ധാരണ തിരുത്തി. ജനിതകപരമായി ചെന്നായ്ക്കളിൽ നിന്ന് വ്യത്യസ്തരായ നായ്ക്കളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞു.
തുർക്കിയിലെ കരമാൻ പ്രദേശത്തുള്ള പിനാർബാഷി എന്ന ഗുഹാ സ്ഥലത്ത് നിന്ന് 2004-ൽ കണ്ടെടുത്ത അസ്ഥികൂടമാണ് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും പഴക്കമേറിയ നായയുടേതെന്ന് ഈ പഠനം സ്ഥിരീകരിച്ചു. ഏകദേശം 15,800വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഈ നായയുടെ അസ്ഥികൂടം, ആദ്യം നായ്ക്കുട്ടിയുടേതോ ചെന്നായ്ക്കുട്ടിയുടേതോ ആകാമെന്ന് കരുതിയിരുന്നതാണ്. ഇരുപത് വർഷങ്ങൾക്ക് ശേഷം നടത്തിയ ഡിഎൻഎ വിശകലനമാണ് ഇത് നായയുടേതാണെന്ന് ഉറപ്പാക്കിയത്.

ശ്രദ്ധേയമായ കാര്യം, ഈ നായ്ക്കുട്ടികളെ വളരെ ശ്രദ്ധയോടെ സംസ്കരിച്ചിരുന്നു എന്നതാണ്. അടുത്തുതന്നെ സംസ്കരിക്കപ്പെട്ട മനുഷ്യരുടെ ശവകുടീരങ്ങൾക്ക് സമാനമായ രീതിയിലായിരുന്നു നായ്ക്കുട്ടികളുടെ സംസ്കാരം. രാസ വിശകലനങ്ങൾ സൂചിപ്പിക്കുന്നത്, ഈ മനുഷ്യരും നായ്ക്കളും സമാനമായ ആഹാരം പങ്കിട്ടിരുന്നു എന്നാണ്. പ്രദേശത്തെ ചെറിയ മത്സ്യങ്ങൾ വരെ അവർ ഒരുമിച്ച് ഭക്ഷിച്ചിരുന്നു. അതായത്,വേട്ടയാടലിലെ സഹകരണം,കാവൽക്കാരായുള്ള പങ്ക് എന്നിവയിലൂടെ നായ്ക്കൾ അന്നേ മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു എന്ന് പഠനം പറയുന്നു.
മനുഷ്യരോടൊപ്പമുള്ള യാത്രകൾ
പിനാർബാഷിയിലെ നായ്ക്കൾക്ക് ജനിതകപരമായി സാമ്യമുള്ള ഏകദേശം 14,300വർഷങ്ങൾക്ക് മുമ്പത്തെ നായ്ക്കളുടെ ഫോസിൽ ബ്രിട്ടനിലെ ഗോഫ് ഗുഹയിലും കണ്ടെത്തി. ഇത് സൂചിപ്പിക്കുന്നത്, ഒരു കൂട്ടം അടുത്ത ബന്ധമുള്ള നായ്ക്കൾ യുറേഷ്യ മുതൽ യൂറോപ്പിന്റെ അറ്റം വരെ വളരെ വേഗത്തിൽ വ്യാപിച്ചു എന്നാണ്. അവ മനുഷ്യരോടൊപ്പം സഞ്ചരിക്കുകയും വ്യത്യസ്ത മനുഷ്യ സമൂഹങ്ങൾക്കിടയിൽ സഞ്ചരിക്കുകയും ചെയ്തു എന്ന നിഗമനത്തെ ഇവ പിന്താങ്ങുന്നു.

യൂറോപ്യൻ നായ്ക്കൾ മറ്റിടങ്ങളിലെ നായ്ക്കളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകം വളർത്തിയെടുക്കപ്പെട്ടവയാണെന്നുള്ള പഴയ സിദ്ധാന്തത്തെ ഈ പഠനം തള്ളിക്കളയുന്നു. ഏകദേശം 8,500 വർഷങ്ങൾക്ക് മുമ്പ് തുർക്കിയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറിയ കർഷകരോടൊപ്പം വളരുകയും പ്രാദേശിക ചെന്നായ്ക്കളുമായി ഇണചേരുകയും ചെയ്ത് നായ്ക്കളുടെ പരമ്പരയാണ് പിൽക്കാല യൂറോപ്യൻ നായ്ക്കളുടെ ജനിതക വ്യത്യാസത്തിന് കാരണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
തുർക്കിയിലെ കൊന്യ സമീപത്തുള്ള 11,000 വർഷം പഴക്കമുള്ള ബോൺ ജുക്ലു ഗ്രാമത്തിൽ നിന്ന് ലഭിച്ച നായയുടെ ഡിഎൻഎയാണ് ഇതിന് തെളിവ്. ഇവിടെ നിന്നും ലഭിച്ച നായ്ക്കുട്ടികളുടെ അസ്ഥികൂടങ്ങൾ പിനാർബാഷിയിലെ സമൂഹവുമായി നേരിട്ട് ബന്ധമുള്ള മനുഷ്യരുടെ ശവകുടീരങ്ങളിൽ കണ്ടെത്തി. ഇവർ സ്ഥിരമായ വീടുകളിലും ചെറിയ തോതിലുള്ള കൃഷിയെ ആശ്രയിച്ചുമായിരുന്നു ജീവിച്ചിരുന്നത്.
ഭൂതകാലത്തിൽ നിന്ന് വർത്തമാനത്തിലേക്ക്
ഈ രണ്ട് പഠനങ്ങളും ചേർന്ന് വ്യക്തമാക്കുന്നത്, കൃഷി ആരംഭിക്കുന്നതിനും വളരെ മുമ്പ്, അവസാന ഹിമയുഗത്തിൽ തന്നെ അനറ്റോളിയ (ഇന്നത്തെ തുർക്കി) മുതൽ പടിഞ്ഞാറൻ യൂറോപ്പിന്റെ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശത്ത് നായ്ക്കൾ മനുഷ്യരോടൊപ്പം ജീവിച്ചിരുന്നു എന്നതാണ്. നായ്ക്കളുടെ ചരിത്രം നാം കരുതിയിരുന്നതിലും പഴക്കമുള്ളതും കൂടുതൽ ചലനാത്മകവും മനുഷ്യ ചരിത്രവുമായി കൂടുതൽ ഇഴചേർന്നതുമാണ് എന്ന് പഠനം കണ്ടെത്തുന്നു.
നായ്ക്കളുടെ വളർത്തൽ എവിടെ, എപ്പോൾ ആരംഭിച്ചു എന്ന കൃത്യമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ഹിമയുഗത്തിന്റെ അവസാനത്തോടെ തന്നെ നായ്ക്കൾ മനുഷ്യജീവിതത്തിൽ ആഴത്തിൽ ഇഴചേർന്നു കഴിഞ്ഞിരുന്നു. അവ കേവലം ചുറ്റുപാടുമുള്ള മൃഗങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് സമൂഹത്തിന്റെ ഭാഗമായി മാറുകയും ഇന്നും തുടരുന്ന ആഴമുള്ള ബന്ധമായി രൂപപ്പെടുത്തുകയും ചെയ്തു. ഇന്ന് കുടുംബങ്ങളിലെ സ്നേഹഭാജനങ്ങളായ നായ്ക്കളുടെ ഈ സ്ഥാനം പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു യാത്രയുടെ തുടർച്ചയാണെന്ന് ഈ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.









0 comments