രാജേന്ദ്രമൈതാനത്ത് ജന്തർമന്തർ ചലോ കൂട്ടായ്മ ഇന്ന്

കൊച്ചി
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ പൊരുതുന്ന പ്രക്ഷോഭകാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച കൊച്ചിയിൽ ജന്തർമന്തർ ചലോ കൂട്ടായ്മ. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭം ഉൾപ്പെടെ ഐതിഹാസിക പോരാട്ടങ്ങൾക്ക് വേദിയായ കൊച്ചി കായലോരത്തെ രാജേന്ദ്ര മൈതാനമാണ് ചരിത്രമുന്നേറ്റത്തിന് വേദിയാകുക. ‘അനീതി നിയമമാകുമ്പോൾ പ്രതിരോധം കടമയായി മാറുന്നു’ മുദ്രാവാക്യം ഉയർത്തിയാണ് കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചിട്ടുള്ളത്.
ടി കെ രാമകൃഷ്ണൻ സാംസ്കാരികകേന്ദ്രം, പ്രൊഫ. എം കെ സാനു സാംസ്കാരികകേന്ദ്രം, ഇ എം എസ് പഠനഗവേഷണകേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. വൈകിട്ട് നാലിന് മറൈൻ ഡ്രൈവിന് സമീപത്തുനിന്ന് റാലി ആരംഭിച്ച് അഞ്ചിന് രാജേന്ദ്ര മൈതാനത്തെത്തിച്ചേരും. തുടർന്ന് നടക്കുന്ന കൂട്ടായ്മയിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും. കലാവതരണങ്ങളും ചിത്രരചനയും സാംസ്കാരിക പരിപാടികളും അരങ്ങേറും.
എഴുത്തുകാരും സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരുമായ എൻ എസ് മാധവൻ, കെ ആർ മീര, സുനിൽ പി ഇളയിടം, ആർ രാജഗോപാൽ, കമൽ, മുരുകൻ കാട്ടാക്കട, വേടൻ, രഞ്ജി പണിക്കർ, ആഷിഖ് അബു, റിമ കല്ലിങ്കൽ, അമൽ നീരദ്, ബിജിബാൽ, വിനയ് ഫോർട്ട്, സൂരജ് സന്തോഷ്, ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, എൻ ഇ സുധീർ, രാജീവ് രവി, ഇർഷാദ്, സോഹൻ സിനുലാൽ, ബി ഉണ്ണിക്കൃഷ്ണൻ, പി രാജീവ്, സി എൻ മോഹനൻ, എസ് സതീഷ്, കെ ജെ ജേക്കബ്, ഹർഷൻ, സനീഷ്, സന്തോഷ് കീഴാറ്റൂർ, ഷാഹിന, എൻ മാധവൻകുട്ടി, ശീതൾ ശ്യാം, സജിത മഠത്തിൽ, രഞ്ജിനി ഹരിദാസ്, ഡോ. കെ ജി പൗലോസ്, ടി എ സത്യപാൽ, സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുക്കും.








0 comments