Deshabhimani

‘ഇക്കോകോൺ’

‘EcoCon’

റോണിയ മരിയ ഫിലിപ്പ്, അലീന ജോസ്, ആർ കെ ആകർഷ

avatar
എം പി നിത്യൻ

Published on Oct 16, 2026, 03:34 AM | 1 min read

ആലുവ


കരിക്കിന്റെ തൊണ്ടില്‍നിന്ന് പരിസ്ഥിതിസൗഹൃദമായ കൊതുകുനിവാരണി വികസിപ്പിച്ച് ദേശീയ മത്സരത്തിന് തയ്യാറെടുക്കുകയാണ് ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജിലെ മൂന്ന് വിദ്യാർഥിനികൾ. ജന്തുശാസ്ത്ര വിഭാഗത്തിലെ റോണിയ മരിയ ഫിലിപ്, അലീന ജോസ്, ആർ കെ ആകർഷ എന്നിവർ ചേർന്നാണ് ‘ഇക്കോകോൺ’ എന്ന പ്രകൃതിദത്ത കൊതുകുനിവാരണി വികസിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന യുക്തി ഇന്നൊവേഷൻ ചലഞ്ചിലാണ് നേട്ടം കൈവരിച്ചത്.


സംസ്ഥാന മത്സരം വിജയകരമായി പിന്നിട്ടാണ് ടീം ദേശീയതലത്തിലേക്ക് എത്തുന്നത്. പാഴ്‌വസ്തുക്കളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ‘വെൽത്ത് ഫ്രം വേസ്റ്റ്’ ആശയമാണ് ഇക്കോകോണിന്റെ അടിസ്ഥാനം. പേറ്റന്റിനുള്ള അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.


​ആശയങ്ങൾക്ക് 
ചിറകുനൽകി 
"സ്പേസ്'


വിദ്യാർഥികളിലെ നൂതന ചിന്തകൾക്കും സംരംഭകത്വ സ്വപ്നങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുന്ന കോളേജ് 2019 മുതൽ ദേശീയ ഇന്നൊവേഷൻ സെല്ലിന്റെ ഭാഗമാണ്. കോളേജിലെ സെന്റ് ജോസഫ് ബ്ലോക്കിന്റെ നാലാംനിലയിൽ പ്രവർത്തിക്കുന്ന സ്പേസ് ഇൻക്യുബേഷൻ സെന്ററാണ് മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രം. വിദ്യാർഥികൾക്ക് ഒരുമിച്ചിരുന്ന് ചിന്തിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും അവയെ പ്രായോഗിക സംരംഭങ്ങളാക്കി വികസിപ്പിക്കാനുമുള്ള ഇടമായാണ് സ്പേസ് ഒരുക്കിയിരിക്കുന്നത്. നൂതന ആശയങ്ങൾ രൂപപ്പെടുത്താനും വികസിപ്പിക്കാനും എല്ലാ മാസവും ഐഡിയ ഹാക്കത്തോണുകളും നടക്കും.


​ദേശീയ
തലത്തിൽ 
മികവ്‌


വിദ്യാർഥികളെ സംരംഭകരാക്കാനും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കോളേജിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2019-ലെ ഐഐസി ദേശീയ റാങ്കിങ്ങിൽ ഫൈവ് സ്റ്റാർ പദവി നേടിയ കോളേജ്, ഈ നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ ആർട്സ് ആൻഡ് സയൻസ് കോളേജാണ്. അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെന്റ്സിൽ ദേശീയതലത്തിൽ പെർഫോർമർ വിഭാഗത്തിലും ഇടം നേടി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിലിന്റെ മെന്റർ പദവിയിലേക്ക് കേരളത്തിൽനിന്ന് തെരഞ്ഞെടുത്ത മൂന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏക ആർട്സ് ആൻഡ് സയൻസ് കോളേജും സെന്റ് സേവ്യേഴ്‌സാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home