ജന്തര്മന്തറുകളായി കാമ്പസുകള്

ഷെഹിൻഷാ
Published on Oct 16, 2026, 03:38 AM | 1 min read
കൊച്ചി
സമൂഹമാധ്യമങ്ങളിലെ ഹാഷ്ടാഗുകളിൽ തുടങ്ങി തെരുവുകളിലേക്ക് പടരുന്ന പ്രതിഷേധങ്ങൾ. കൈകളിൽ പ്ലക്കാർഡുകൾ, മുദ്രാവാക്യങ്ങളുമായി യുവതലമുറ. ഡൽഹിയിലെ പ്രതിഷേധവീഥികളിൽ ജെൻ സി ഉയർത്തുന്ന ചോദ്യങ്ങൾ കേരളത്തിലെ കാമ്പസുകളിലും പ്രതിധ്വനിക്കുന്നു. അനീതികൾക്കും അവകാശനിഷേധങ്ങൾക്കും ഭരണനേതൃത്വത്തിന്റെ അവഗണനയ്ക്കുമെതിരെ ശബ്ദമുയർത്തുന്ന പുതിയ തലമുറ, സമരങ്ങളെ വീണ്ടും പൊതുചർച്ചയില് എത്തിക്കുകയാണ്. ഡിജിറ്റൽ ലോകത്ത് ആശയങ്ങൾ പങ്കുവയ്ക്കുകയും തെരുവിൽ ഒത്തുചേരുകയും ചെയ്യുന്ന ജെന് സിയുടെ ഇടപെടൽ, വിദ്യാർഥിരാഷ്ട്രീയത്തിന്റെ പുതിയ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്.
ജില്ലയിലും സമരച്ചൂട്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ശക്തമായ വിദ്യാര്ഥി പ്രക്ഷോഭത്തിനാണ് വേദിയായത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നേതൃത്വത്തില് ശക്തമായ സമരപരിപാടികള് കാമ്പസില് നടന്നു. എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത വിദ്യാര്ഥികളെ സസ്പെൻഡ് ചെയ്തും കള്ളക്കേസില് കുടുക്കിയുമാണ് അധികൃതര് പ്രതിഷേധങ്ങളെ നേരിട്ടത്. എന്നാല്, സംഘപരിവാർ–യുഡിഎഫ് സർക്കാർ വേട്ടയ്ക്കുമുന്നില് പതറാതെ വിദ്യാര്ഥികള് പോരാടി. കോതമംഗലം എംഎ എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയും അരുണാചൽ പ്രദേശ് സ്വദേശിയുമായ മിച്ചി മർപുവിന്റെ മരണത്തെത്തുടർന്ന് ഉയർന്ന പ്രതിഷേധം കാമ്പസില് ആളിക്കത്തി. ഇയർബാക്ക് ആയതില് മനംനൊന്തായിരുന്നു മിച്ചി മർപു ജീവനൊടുക്കിയത്. മിച്ചി മർപുവിന് നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടുമായി കോളേജിലെ മുഴുവൻ വിദ്യാർഥികളും സമരരംഗത്തിറങ്ങി.
എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകള് വിദ്യാര്ഥികള്ക്ക് ഊര്ജം പകർന്നതോടെ മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറായി. തുടര്ന്ന് തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
‘പൊളിറ്റിക്കല് ജെന് സി'
കാമ്പസുകൾ പഠിക്കാനുള്ള ഇടങ്ങൾ മാത്രമല്ല, ചോദ്യങ്ങൾ ചോദിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും സമൂഹത്തെക്കുറിച്ച് കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനുമുള്ള ഇടങ്ങൾകൂടിയാണ്. ഡൽഹിയിലെ തീപാറുന്ന പ്രതിഷേധങ്ങളിൽനിന്ന് കാമ്പസ് വരാന്തകളിലേക്ക് എത്തുന്ന സന്ദേശവും അതുതന്നെ. കാമ്പസുകളിലെ ദൈനംദിന പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന എസ്എഫ്ഐ, ജില്ലയിലെ യൂണിയന് തെരഞ്ഞെടുപ്പുകളില് നേടിയ വലിയ വിജയം ഇതിനുദാഹരണം. യുവതലമുറയുടെ ശബ്ദം കേൾക്കപ്പെടണം, അവരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടാകണമെന്ന് കാമ്പസുകളില് ജെന് സി ഉറക്കെ പറയുന്നു. കാമ്പസുകളില് ഒരു രാഷ്ട്രീയവും സമരവും പാടില്ലെന്ന തിട്ടൂരങ്ങൾക്ക് സമരങ്ങളിലൂടെ മറുപടി നല്കുകയാണ് പുതിയ തലമുറ.








0 comments