സാന്റാ അനയുടെ അഗ്‌നിതാണ്ഡവം

ഡോ. ഗോപകുമാർ ചോലയിൽ
Published on Jan 19, 2025, 09:38 AM | 3 min read
കലിഫോർണിയയിലെ ലോസ് ആഞ്ചലസിനെ കാട്ടുതീ വിഴുങ്ങുകയാണ്. സംഹാര രൂപികളായി മാറിയ പാലി സൈഡ്സ്, ഈറ്റൺ കാട്ടുതീകൾ ജനുവരി 7 മുതൽ താണ്ഡവമാടുകയായിരുന്നു. ചിലയിടങ്ങളിൽ നിയന്ത്രണ വിധേയമായെങ്കിലും തീയണയ്‌ക്കുന്ന കാര്യത്തിൽ ഭരണകൂടം പതറുകയാണ്.
മലയിടുക്കിലെ കാറ്റ്
ലോസ് ആഞ്ചലസിലെ പ്രദേശങ്ങൾ നിന്നനിൽപ്പിൽ കത്തിയമർന്നതിന് പ്രാദേശികമായ കാരണങ്ങൾക്കൊപ്പം ആഗോളാടിസ്ഥാനത്തിലുള്ള മറ്റ് കാരണങ്ങളും ഉണ്ട്. സാന്റാ അന (Santa Ana) എന്നുപേരുള്ള വടക്കുകിഴക്കൻ കാറ്റുകളാണ് കാട്ടുതീ പടരുന്നതിനും ആളിക്കത്തുന്നതിനും പ്രധാന കാരണമായത്. കലിഫോർണിയയിലെ ഓറഞ്ച് പ്രവിശ്യയിലുള്ള സാന്റാ അനാ മലയിടുക്കുകളിൽനിന്ന് തീരമേഖല ലക്ഷ്യമാക്കി വീശുന്ന ഈ കാറ്റുകൾ വർഷത്തിൽ പല തവണ ഉണ്ടാകാറുണ്ട്. ചില വർഷങ്ങളിൽ 20 ലേറെ തവണ സാന്റാ അന കാറ്റുകൾ വീശാറുണ്ട്. സെപ്തംബർ അവസാനംമുതൽ മെയ് വരെ അനുഭവപ്പെടുന്ന ശൈത്യ മാസങ്ങളിൽ ഈ കാറ്റുകളുടെ ആയുസ്സ് സാധാരണഗതിയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ്. എന്നാൽ അപൂർവമായി ഇവ ഒരാഴ്ചയോളം തുടർച്ചയായും വീശാറുണ്ട്. ഇക്കുറി അത് ദിവസങ്ങൾ നീണ്ടു എന്നതും പ്രവചനങ്ങൾ തെറ്റിച്ചു. കാട്ടുതീ ഉണ്ടാകുന്ന അവസരങ്ങളിൽ സാന്റാ അന കാറ്റുകൾ ഉണ്ടായാൽ, അവയുടെ തീവ്രതയ്ക്ക് അനുസരിച്ചായിരിക്കും തീയുടെ വ്യാപന ശക്തി. സാധാരണഗതിയിൽ ഈ കാറ്റുകളുടെ വേഗത മണിക്കൂറിൽ 95–130 കിലോമീറ്ററാണ്. എന്നാൽ ചില അവസരങ്ങളിൽ അപ്രതീക്ഷിതമായി പ്രവേഗമേറുന്ന ഇവ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗം ആർജിക്കാറുണ്ട്.
ചെകുത്താൻ കാറ്റ്
പ്രാദേശികവാതങ്ങളാണെങ്കിൽ പോലും കാലാവസ്ഥയിലെ മാറ്റങ്ങളോടു ചേർന്ന് സാന്റാ അനാ കാറ്റുകളുടെ പ്രകൃതത്തിലും സമീപകാലത്തായി പ്രകടമാറ്റങ്ങളുണ്ടാവുകയാണ്. ഇവയുടെ പ്രവേഗം കാറ്റഗറി 2 ചുഴലി വാതങ്ങളുടെ പ്രവേഗത്തോടൊപ്പമെത്തുകയാണ്. കാട്ടുതീ ഉണ്ടാകുന്ന അവസരങ്ങളിൽ സാന്റാ അന കാറ്റുകൾ ശക്തമാണെങ്കിൽ അത് അഗ്നിശമന പ്രവർത്തനങ്ങളെ വിഷമവൃത്തത്തിലാക്കും. ജനവാസകേന്ദ്രങ്ങളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും പടർന്നു കയറിയ തീനാളങ്ങളെ നിയന്ത്രിക്കാനാകാതിരുന്നത് ഇതു മൂലമാണ്. ദുരന്തജനകമായവ ആയതിനാൽ ഈ കാറ്റുകളെ "ചെകുത്താൻ കാറ്റുകൾ (devil winds) എന്നും, തീ പടർത്തി വീശുന്നവയായതിനാൽ, "ചുവന്ന കാറ്റുകൾ’ എന്നും വിളിക്കാറുണ്ട്.
കാട്ടുതീ രൂക്ഷമാക്കുന്നുവെന്നു മാത്രമല്ല, തുടർന്നുള്ള ദുരന്തങ്ങളുടെ വ്യാപ്തിയും കൂട്ടാൻ സാന്റാ അന കാറ്റുകൾക്കാവും. ജലാംശം നന്നെ കുറഞ്ഞ വായുവാണ് തീ പടരാൻ പ്രധാന പ്രേരകം. മരുപ്രദേശങ്ങളിൽനിന്ന് ഉൽഭവിക്കുന്ന ഈ കാറ്റുകൾ സ്വതവേ വരണ്ട പ്രകൃതമുള്ളവയാണ്. അവയുടെ പ്രയാണവേളയിൽ കൂടുതൽ വരണ്ട പ്രകൃതമാർജിക്കുകയും കടന്നുവരുന്ന വഴികളിലെ സസ്യജാലങ്ങൾ നിർജലീകരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് തീ ആളിപ്പടരാനും ഉണങ്ങിയ സസ്യജാലങ്ങൾ അതിവേഗം കത്തിയമരാനും ഇടയാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം
അന്തരീക്ഷ താപവർധനയും മഴയിലുണ്ടായ പ്രകടമായ കുറവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാണ്. കലിഫോർണിയയിൽ സമീപവർഷങ്ങളിൽ സംഭവിച്ച കാട്ടുതീ വേളകൾക്ക് കാരണവും പ്രേരണയും ആയതും കാലാവസ്ഥയിലുണ്ടായ ഈ വ്യതിയാനങ്ങളാണ്. 8 മാസത്തിലേറെയായി ലോസ് ആഞ്ചലസിൽ മഴ ലഭിക്കുന്നില്ല. റെക്കോഡ് ചൂടിനൊപ്പം താപതരംഗവും തുടർച്ചയായി ഉണ്ടായി. കാട്ടുതീ ഉണ്ടാകാനും അത്തരം സന്ദർഭങ്ങൾ ആവർത്തിക്കപ്പെടാനുമുള്ള പശ്ചാത്തലമൊരുക്കുന്നത് കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളാണ്. ഏറിവരുന്ന അന്തരീക്ഷ താപനം, വ്യാപകമാകുന്ന വരൾച്ചാവേളകൾ, ജലാംശ രഹിതമായ അന്തരീക്ഷം എന്നിവയാണ് പ്രധാനമായും കാട്ടുതീ രൂക്ഷമാക്കുന്നത്. ശക്തമായ മഴ ലഭിക്കുന്ന വേളകളെത്തുടർന്ന് വരുന്ന തീക്ഷ്ണമായ വരൾച്ചാവേളകൾ കാട്ടുതീ വ്യാപകമാക്കും. നന്നായി മഴ ലഭിക്കുന്ന അവസരങ്ങളിൽ വനമേഖലകളിലും മറ്റിടങ്ങളിലും പരിപോഷിതമാവുകയും തഴച്ചുവളരുകയും ചെയ്യുന്ന സസ്യജാലങ്ങൾ, തുടർന്നുവരുന്ന വരൾച്ചാവേളകളിൽ വലിയതോതിൽ ഉണങ്ങിക്കരിയും. ജലാംശം നഷ്ടപ്പെട്ട് പൂർണമായോ ഭാഗികമായോ ഉണങ്ങിക്കരിഞ്ഞ സസ്യങ്ങളും വൃക്ഷങ്ങളുമാണ് വേനൽമാസങ്ങളിലും വരൾച്ചാവേളകളിലുമുണ്ടാകുന്ന കാട്ടുതീ പടർന്നു പിടിക്കാൻ ഇന്ധനമാകുന്നത്.
താപന സാഹചര്യങ്ങളിൽ അന്തരീക്ഷത്തിലെ അതിമർദമേഖലകളും മർദ പതനമേഖലകളും തമ്മിലുള്ള മർദവ്യത്യാസം കൂടുതൽ പ്രകടമാകുന്നു. തൽഫലമായി ശക്തമായ കാറ്റുകൾക്കുള്ള സാധ്യതയും ആവൃത്തിയും ഏറുന്നു. ഉഷ്ണതരംഗങ്ങൾ, വരൾച്ച, അതിശക്തമായ കാറ്റുകൾ, അതിതീവ്ര മഴ വെള്ളപ്പൊക്കം, കാട്ടുതീ, ഉരുൾപ്പൊട്ടൽ എന്നിവ കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളുടെ ഉൽപ്പന്നങ്ങളോ, ഉപോൽപ്പന്നങ്ങളോ ആണ്. അതിവേഗം ചൂടേറുന്ന ഭൂമിയിൽ ഈ പ്രതിഭാസങ്ങളെല്ലാം ഉൽക്കണ്ഠാജനകമാംവിധം ആവർത്തിക്കപ്പെടുകയാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളിൽനിന്ന് വിമുക്തമായ ഒരിടം പോലും ഭൂമിയിലില്ലെന്നർഥം. താപനമാണ് മൂലകാരണം. താപനം നിയന്ത്രിതമാകണമെങ്കിൽ താപനകാരികളെ നിയന്ത്രിക്കണം. ഇതിന് ലോകജനതയും രാഷ്‌ട്രങ്ങളും ഒന്നിച്ചേ മതിയാവു. ലോസ് ആഞ്ചലസും ഒരു മുന്നറിയിപ്പാണ്.
യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം. കലിഫോർണിയ സംസ്ഥാനത്തെ ജനസാന്ദ്രത കൂടിയ നഗരം. ഹോളിവുഡ് സിനിമയുടെ ആസ്ഥാനം. 1299 ചതുരശ്ര കിലോമീറ്ററാണ് ലോസ് ആഞ്ചലസിന്റെ ആകെ വിസ്‌തീർണം.
ദിവസങ്ങളായി പടർന്നുപിടിച്ച കാട്ടുതീയിൽ 180 ചതുരശ്ര കിലോമീറ്ററിലേറെയും കത്തിയമർന്നു. വീടുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഹോട്ടലുകളും കത്തിചാമ്പലായി. 25ലധികം പേർ വെന്ത് മരിച്ചെന്നാണ് കണക്കുകൾ. മുതിർന്ന ഹോളിവുഡ് താരം ഡാളിസ് കാറിയും ഇക്കൂട്ടത്തിൽപെടും. ഓർട്ടഡീനയിലെ വസതിയിൽ കത്തിയമർന്നനിലയിൽ ഇവരുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. 2 ലക്ഷത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്.
നാസയുടെ പ്രധാന സെന്ററായ ജറ്റ് പ്രപ്പൽഷൻ ലബോറട്ടറി പൂർണമായി അടച്ചിടുകയും ശാസ്‌ത്രജ്ഞരെയും സാങ്കേതികജീവനക്കാരെയും ഒഴിപ്പിക്കുകയും ചെയ്‌തു. ഈറ്റൺ പ്രദേശത്തേക്ക് കാട്ടുതീ പടർന്നതിനെ തുടർന്നായിരുന്നു ഇത്. 150 ജീവനക്കാരുടെ വീടുകൾ കത്തി നശിച്ചതായി സെന്റർ ഡയറക്ടർ ലോറി ലെഷിൻ സ്ഥിരീകരിച്ചു. സെന്ററിന്റെ 60 വർഷത്തെ ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു പ്രതിസന്ധി. മിഷൻ കൺട്രോൾ സെന്ററാണിത്.
ഈറ്റണിൽ 14,000 ലേറെ ഏക്കർ കത്തി നശിച്ചതായും കണക്കുകൾ വരുന്നുണ്ട്. ഓസ്‌കർ നോമിനേഷനും വോട്ടെടുപ്പും പ്രഖ്യാപനവും മാറ്റിയിട്ടുണ്ട്. അടങ്ങാത്ത തീക്കാറ്റ് അഗ്നിശമന പ്രവർത്തനങ്ങളേയും രക്ഷാപ്രവർത്തനങ്ങളേയും ബാധിച്ചു. ഒപ്പം സർക്കാർ സംവിധാനങ്ങളുടെ നിസ്സഹായവസ്ഥയും അനാസ്ഥയും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ചൈനീസ് നഗരമായ ചോംങ്‌ചിങ്ങിൽ 2022ൽ ഇതിന് സമാനമായതോ കൂടുതൽ രൂക്ഷമായതോ ആയ കാട്ടുതീ പടർന്നുപിടിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഇടപെടലിൽ വേഗം തന്നെ തീ അണയ്ക്കാനായി. ജനങ്ങളും പങ്കാളികളായി. 2019 ഡിസംബർമുതൽ 2020 ജനുവരിവരെ നീണ്ടുനിന്ന ഓസ്‌ട്രേലിയൻ കാട്ടുതീ ലോകത്തെ ഞെട്ടിച്ചിരുന്നു. 2.43 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് കത്തിയമർന്നത്. 3000 കെട്ടിടങ്ങൾ ചാമ്പലായി. നിരവധി ആളുകൾ മരിച്ചു.കാട്ടുമൃഗങ്ങളും പക്ഷികളുമടക്കമുള്ള ജീവജാലങ്ങൾക്കും വൻ നാശമുണ്ടായി. ഓസ്‌ട്രേലിയയുടെ കാലാവസ്ഥയെ പോലും ഇത് ബാധിച്ചു.
ടെക്‌സാസിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായ വൻ കാട്ടുതീയും വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു. പതിവായി കാട്ടു തീ ഉണ്ടാകുന്നത് ആമസോൺ കാടുകളുടെ നാശത്തിന് കാരണമാകുന്നുണ്ട്.










0 comments