കാർബൺ ന്യൂട്രൽ കായികലോകം; കരുതലോടെയൊരു ചുവടുവയ്പ്

എഐ പ്രതീകാത്മകചിത്രം

ഡോ. അജീഷ് പി ടി
Published on Sep 29, 2026, 04:31 PM | 6 min read
അപ്രതീക്ഷിതവും ക്രമാതീതവുമായി ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം ഈ നൂറ്റാണ്ടിൽ, പ്രത്യേകിച്ച് വർത്തമാനകാലത്ത് ലോകജനത അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ്. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ തലങ്ങളിൽ ഇത് സങ്കീർണ്ണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. കായികശാസ്ത്രമേഖലകളിൽ കാലാവസ്ഥാവ്യതിയാനം എന്ന വിഷയത്തിന് താരതമ്യേന അത്യൽപമായ ശ്രദ്ധ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ എന്നത് ആശ്ചര്യകരമായ വസ്തുതയാണ്. നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ പ്രാണവായുവിൻ്റെ ഗുണനിലവാരസൂചിക ഏറ്റവും മോശപ്പെട്ട നിലയിലാണുള്ളത്.
ലോകമെമ്പാടുമുള്ള വൻനഗരങ്ങളിൽ അമിതമായി വർധിച്ചുവരുന്ന വായുമലിനീകരണം കേവലം ഒരു പരിസ്ഥിതി പ്രശ്നം എന്നതിലുപരി ജനങ്ങൾക്കിടയിലെ വലിയൊരു ആരോഗ്യസാമ്പത്തിക പ്രതിസന്ധിയായി മാറിക്കഴിഞ്ഞു. ലോകരാഷ്ട്രങ്ങളിൽ മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ മുൻനിരയിൽ സ്ഥാനംനേടിയ ഡൽഹിയിൽ, അമിതമായ പുകമഞ്ഞുകാരണം ഗതാഗതമേഖലയുടെ പ്രവർത്തനവും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ലോകത്തെ പല തിരക്കേറിയ നഗരങ്ങളുടെയും സ്ഥിതി ഡൽഹിയുടേതിന് സമാനമാണ്. മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന രീതിയിൽ അന്തരീക്ഷ മലിനീകരണവും വായുമലിനീകരണവും സൃഷ്ടിക്കപ്പെടുമ്പോൾ 'കാർബൺ ന്യൂട്രാലിറ്റി' എന്ന ആശയത്തിന് സമകാലിക പ്രസക്തിയേറിവരുന്നു. ‘നെറ്റ് സീറോ കാർബൺ എമിഷൻ’ എന്ന പുരോഗമനവും നൂതനവുമായ സങ്കല്പത്തിന് ആഗോളതലത്തിൽ വലിയ പ്രാധാന്യവും സ്വീകാര്യതയും കൈവന്നിരിക്കുന്നു. ആഗോള കാലാവസ്ഥാവ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള നിർണ്ണായക സാധ്യത എന്ന നിലയിലാണ് ഇതിനെ പരിഗണിക്കേണ്ടത്.
അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവും പ്രകൃതിദത്തമോ കൃത്രിമമോ ആയ കാർബൺ സിങ്കുകൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണംചെയ്യുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കാർബൺ ന്യൂട്രാലിറ്റി. ആഗോളതലത്തിൽ മനുഷ്യനുണ്ടാക്കുന്ന കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ 2010ൽ നിന്ന് 2030ഓടെ ഏകദേശം 45 ശതമാനം കുറയുകയും 2050ഓടെ പൂജ്യത്തിലെത്തുകയും വേണമെന്നാണ് അന്താരാഷ്ട്രതല ശാസ്ത്രസമവായം. പുറത്തുവിടുന്നതിനേക്കാൾ കൂടുതൽ കാർബൺ അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യുവാൻ കാർബൺ സിങ്കിലൂടെ കഴിയണം. വനങ്ങൾ, സമുദ്രം, മണ്ണ് തുടങ്ങിയ പ്രകൃതിദത്ത കാർബൺ സിങ്കുകളെ നന്നായി സംരക്ഷിക്കുവാൻ മനുഷ്യർക്ക് കഴിയേണ്ടതുണ്ട്. ആഗോള താപനിലയിലെ വർധനവ് ലഘൂകരിക്കുന്നതിലൂടെ കാലാവസ്ഥാവ്യതിയാനത്തിൻ്റെ ആഘാതം നിഷ്പക്ഷമാക്കുക എന്നതും പൊതുവിൽ ലക്ഷ്യമിടുന്നു. കാർബൺ ന്യൂട്രാലിറ്റി എന്ന അമൂർത്തമായ ആശയം ഇന്ന് ലോകജനതയുടെ അത്യന്താപേക്ഷിത ആവശ്യകതയായി മാറിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുക, ശുദ്ധമായ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവ പോലെയുള്ള നൂതനപരിഹാരങ്ങൾ കാർബൺ ന്യൂട്രൽ ഇവൻ്റുകളിലേക്ക് ക്രമേണ നയിക്കുന്നു.

കാലാവസ്ഥാവ്യതിയാനവും കാർബൺ ബഹിർഗമനവും കേവലം പാരിസ്ഥിതിക വെല്ലുവിളികൾ മാത്രമല്ല, മറിച്ച് മനുഷ്യന്റെ ആരോഗ്യം, അടിസ്ഥാനസൗകര്യവികസനം, കായികവളർച്ച എന്നിവയിൽ അഗാധമായ സ്വാധീനം ചെലുത്തുന്നവയാണ്. വളർന്നുവരുന്ന കായികതാരങ്ങൾക്ക് ലഭ്യമാകുന്ന മോശം പാരിസ്ഥിതികസാഹചര്യങ്ങൾ പലപ്പോഴും അവരുടെ കരിയറിന്റെ തുടക്കത്തിൽത്തന്നെ സവിശേഷപ്രതിസന്ധി സൃഷ്ടിക്കും. പരിശീലന ഷെഡ്യൂളുകളെ തടസ്സപ്പെടുത്തുന്ന തീവ്രമായ കാലാവസ്ഥാവ്യതിയാനവും വായുവിന്റെ മോശം ഗുണനിലവാരവും പലതരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിലൂടെ ആഗോള താപനിലയിൽ ഉണ്ടാകുന്ന വർധനവ് ഔട്ട്ഡോർ സ്പോർട്സിൽ പങ്കെടുക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അമിതമായ ചൂട് താരങ്ങളെ തളർത്തുകയും സൂര്യാഘാതം, പൊള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. 2024ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്; മത്സരകാലയളവിൽ പലപ്പോഴും വരെ താപനില ഉയർന്നിരുന്നു. ഇത് തുറസായ വേദികളിൽ കായികപ്രവർത്തനങ്ങളിലും പരിശീലനത്തിലും ഏർപ്പെടുന്ന താരങ്ങൾക്ക് ക്ഷീണം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായി.
സ്വന്തം രാജ്യത്ത് മികച്ചനിലയിൽ കായികപ്രകടനം കാഴ്ചവച്ചവർക്ക് ഇത്തരം പ്രതികൂലമത്സരവേദികൾ സമ്മാനിക്കുന്ന ദുരനുഭവങ്ങൾ വളരെ വലുതാണ്. ഡൽഹി ഉൾപ്പെടെ വായുനിലവാരത്തിൽ വളരെ പിന്നാക്കംനിൽക്കുന്ന നഗരങ്ങളിൽ കായികപരിശീലനത്തിൽ ഏർപ്പെടുന്ന താരങ്ങൾക്ക് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ വളരെ പെട്ടെന്ന് പിടിപെടാനും ഇത് ഇടയാക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിലൂടെ സംഭവിക്കുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ കായികപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിൽ പലപ്പോഴും തടസ്സംസൃഷ്ടിക്കുന്നു. അതിതീവ്ര വെള്ളപ്പൊക്കവും വരൾച്ചയും ഒരുപോലെ ജലകായികമേഖലയെയും സാരമായി ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ജലകായിക മത്സരസാധ്യതകളെയും ഷെഡ്യൂളുകളെയും തടസ്സപ്പെടുത്തുന്നുണ്ട്. വേൾഡ് അത്‌ലറ്റിക്‌സ് പോലുള്ള സംഘടനകൾ കാർബൺ പുറന്തള്ളൽ പ്രതിവർഷം 10 ശതമാനം വീതം കുറയ്ക്കാൻ ലക്ഷ്യമിടുന്നതോടൊപ്പം, ഇവന്റുകളിൽ പ്രാദേശിക സുസ്ഥിരപരിശീലന സാധ്യതകളെ പ്രോത്സാഹിപ്പിക്കുകയും വേദികൾക്ക് ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 2024ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഉയർന്ന ചൂടും ഈർപ്പവും കാരണം ഒരു റഫറി തളർന്നുവീണ സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടുതൽ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പ്രവചനാതീതമായ കാലാവസ്ഥാരീതികൾ മത്സരങ്ങൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ഇടയാക്കുന്നുണ്ട്; 2024ലെ യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഒരു മത്സരം ഇടിമിന്നൽ കാരണം താൽക്കാലികമായി നിർത്തിവച്ച സംഭവം സമീപകാല ഉദാഹരണമാണ്.
2025 ജൂലൈ - ആഗസ്ത് മാസങ്ങളിൽ യൂറോപ്പിലുടനീളം അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗം ഔട്ട്‌ഡോർ ടെന്നീസ് മത്സരങ്ങളെ സാരമായി ബാധിച്ചു. നിർജലീകരണവും അമിതക്ഷീണവും കാരണം പല മുൻനിരതാരങ്ങൾക്കും മത്സരങ്ങൾക്കിടയിൽ പിന്മാറേണ്ടിവന്നു. ഇതേത്തുടർന്ന്, ഉച്ചസമയത്തെ മത്സരങ്ങൾ റദ്ദാക്കാനും അവ രാത്രികാലങ്ങളിലേക്ക് പുനഃക്രമീകരിക്കാനും സംഘാടകർ നിർബന്ധിതരായി. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും ഏഷ്യയുടെ വിവിധഭാഗങ്ങളിലും കടുത്ത ചൂടുമൂലം പകൽസമയത്തെ അത്‌ലറ്റിക്സ് പരിശീലനങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടു. യുവതാരങ്ങൾക്ക് സൂര്യാഘാതവും പേശിപിടുത്തവും ഉണ്ടാകുന്നത് ഒഴിവാക്കാൻ പരിശീലനം പുലർച്ചെയിലേക്കും രാത്രിയിലേക്കും മാറ്റേണ്ടിവന്നു. ഏഷ്യൻ ഉപഭൂഖണ്ഡത്തിലുണ്ടായ അപ്രതീക്ഷിത കനത്ത മഴയും ഇടിമിന്നലും കാരണം ആഭ്യന്തരഅന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വൻതോതിൽ തടസ്സപ്പെട്ടു. ഒരു പന്തുപോലും എറിയാനാകാതെ പല മത്സരങ്ങളും ഉപേക്ഷിക്കേണ്ടിവന്നത് സംഘാടകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. യൂറോപ്പിൽ പെട്ടെന്നുണ്ടായ അതിതീവ്രമഴയും പ്രളയസമാന സാഹചര്യങ്ങളും കാരണം നിരവധി പ്രമുഖ ക്ലബ്ബ് മത്സരങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും പിന്നീട് മറ്റൊരു തീയതിയിലേക്ക് മാറ്റുകയും ചെയ്യേണ്ടിവന്നിരുന്നു.

താപനില ഉയരുന്നതിലൂടെ സ്വാഭാവികമഞ്ഞിന്റെ അളവ് കുറയുന്നത് വിന്റർ സ്‌പോർട്സിനെയും സാരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ 'സ്‌പോർട്സ് ഫോർ ക്ലൈമറ്റ് ആക്ഷൻ' രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ശരിവയ്ക്കുന്ന രീതിയിൽ, മഞ്ഞിന്റെ ലഭ്യത കുറഞ്ഞതുമൂലം 20252026 സീസണിലെ പല മഞ്ഞുകാല കായികമത്സരങ്ങളും റദ്ദാക്കുകയോ കൃത്രിമ മഞ്ഞ് ഉപയോഗിച്ച് നടത്തുകയോ ചെയ്യേണ്ടിവന്നു. ഇത് കായികതാരങ്ങൾക്ക് കൂടുതൽ പരിക്കുകൾ സംഭവിക്കുന്നതിനും കാരണമായി. കൂടാതെ, ചില പ്രദേശങ്ങളിലുണ്ടായ കടുത്ത വരൾച്ചകാരണം നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് താഴ്ന്നത് റോവിംഗ്, കനോയിംഗ് മത്സരങ്ങളെ ബാധിച്ചു. മറ്റു ചിലയിടങ്ങളിലാകട്ടെ, കനത്ത പ്രളയവും ജലാശയങ്ങളിൽ വിഷപ്പായലുകൾ നിറഞ്ഞതും ജലകായികമത്സരങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചു.
അമിതമായ ചൂട്, കാലാവസ്ഥാവ്യതിയാനം, അനിയന്ത്രിതമായ കാർബൺഗമനം എന്നിവ കായികതാരങ്ങളെയും കായികമേഖലയെയും ഒരുപോലെ സാരമായി ബാധിക്കുന്നുണ്ട്. ഉയർന്ന താപനിലയോടൊപ്പം വർദ്ധിച്ചുവരുന്ന വായുമലിനീകരണം കായികതാരങ്ങളിൽ ശ്വാസതടസ്സം, നിർജലീകരണം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. കഠിനമായ വേനൽ, മൺസൂൺ, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രതികൂലകാലാവസ്ഥകൾ കാരണം കായികമത്സരങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും പതിവായിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾപോലും പല വർഷങ്ങളിൽ മാറ്റിനിശ്ചയിക്കുവാൻ ഇടയാക്കിയിട്ടുണ്ട്. മറ്റൊരുവശത്ത്, ആഗോളതലത്തിൽ മഞ്ഞുകാലദൈർഘ്യവും മഞ്ഞുവീഴ്ചയും കുറയുന്നത് സ്കീയിങ് ഉൾപ്പെടെയുള്ള ശൈത്യകാല കായികവിനോദങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം കൃത്രിമമഞ്ഞ് ഉത്പാദിപ്പിക്കേണ്ടി വരുന്നത് പരിസ്ഥിതിക്ക് കൂടുതൽ ആഘാതമുണ്ടാക്കുകയും ചെയ്യുന്നു. സമീപകാലപഠനങ്ങൾ വ്യക്തമാക്കുന്നത് ലോകത്തിലെ ഭൂരിഭാഗം എലൈറ്റ് കായികതാരങ്ങളും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും അത് തങ്ങളുടെ കരിയറിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കടുത്ത ആശങ്കാകുലരാണെന്നാണ്. ഇത് താരങ്ങളിൽ അമിത മാനസികസമ്മർദ്ദം, പരുക്കുകൾക്കുള്ള സാധ്യത, പ്രകടനത്തിലെ അസ്ഥിരത എന്നിവയ്ക്ക് വഴിവെക്കുന്നു. അതിനാൽ, പാരിസ്ഥിതികസുസ്ഥിരതയ്ക്കായി കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ മുൻകൈയെടുക്കേണ്ടതുണ്ട്. വേൾഡ് അത്‌ലറ്റിക്സിന്റെ 'ചാമ്പ്യൻസ് ഫോർ എ ബെറ്റർ വേൾഡ്' പോലുള്ള പദ്ധതികൾ, കാലാവസ്ഥാസംരക്ഷണ പ്രവർത്തനങ്ങളിലും ബോധവൽക്കരണക്യാമ്പയിനുകളിലും സജീവമായി പങ്കാളികളാകാൻ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുന്നത്.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനവിഭാഗം, കായികമേഖലയുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി ചില അടിസ്ഥാന തത്ത്വങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. ഇതനുസരിച്ച് കായികസംഘടനകളുടെ ദൈനംദിനപ്രവർത്തനങ്ങൾ, കായികമത്സരങ്ങൾ, അടിസ്ഥാനസൗകര്യവികസനം, ആശയവിനിമയം എന്നിവയിലെല്ലാം പരിസ്ഥിതിസംരക്ഷണവും കാലാവസ്ഥാവ്യതിയാനവും പ്രധാന ഘടകങ്ങളായി ഉൾപ്പെടുത്തേണ്ടതുണ്ട്. താൽക്കാലികപരിഹാരങ്ങൾക്കപ്പുറം, അന്താരാഷ്ട്രതലത്തിൽത്തന്നെ ഇതിനായി ശക്തമായ സുസ്ഥിരനയങ്ങൾ രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കായികമാമാങ്കങ്ങളുടെ വലുപ്പച്ചെറുപ്പമല്ല, മറിച്ച് അവ പ്രകൃതിയിലുണ്ടാക്കുന്ന ചലനങ്ങളാണ് നാം വിലയിരുത്തേണ്ടത്. ചെറുതോ വലുതോ ആയ ഏതൊരു കായികകൂട്ടായ്മയ്ക്കും മത്സരത്തിനും തനതായൊരു പാരിസ്ഥിതിക ആഘാതമുണ്ടെന്ന യാഥാർത്ഥ്യം കായികലോകം തിരിച്ചറിയേണ്ടതുണ്ട്. തങ്ങൾ വരുത്തുന്ന പരിസ്ഥിതിമലിനീകരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാനും, ഹരിതാഭമായ ഒരു നാളേക്കായി പ്രതിജ്ഞാബദ്ധരായി നിലകൊള്ളാനും കായികരംഗത്തെ ഓരോ പ്രസ്ഥാനവും മുന്നോട്ടുവരേണ്ടതുണ്ട്. ഇതിനായി സ്വന്തം പ്രവർത്തനങ്ങളിൽനിന്നുള്ള ഹരിതഗൃഹവാതക പുറന്തള്ളൽ കൃത്യമായി അളന്ന് ഒരു 'ബേസ്‌ലൈൻ ഫൂട്ട്പ്രിന്റ്' തിട്ടപ്പെടുത്തുകയാണ് ആദ്യപടി. തുടർന്ന്, ഹരിതഗൃഹവാതകങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ആരംഭത്തിലേ ഒഴിവാക്കുക, നിലവിലെ പ്രവർത്തനങ്ങൾ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതം പരമാവധി കുറയ്ക്കുക., കൂടുതൽ കാര്യക്ഷമവും മലിനീകരണമുക്തവുമായ ഇന്ധനങ്ങളും ഉപകരണങ്ങളും പകരം സംവിധാനങ്ങളായി കണ്ടെത്തുക, ഒഴിവാക്കാൻ കഴിയാത്ത മലിനീകരണത്തിനുപകരമായി മറ്റ് പരിസ്ഥിതി അനുയോജ്യപദ്ധതികളിൽ നിക്ഷേപിച്ച് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ശാസ്ത്രീയവും ശ്രേണിബദ്ധവുമായ ഘട്ടങ്ങൾ കർശനമായി പിന്തുടരേണ്ടതുണ്ട്. ഇതോടൊപ്പം, കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുമുള്ള അറിവുകൾ, മാർഗ്ഗങ്ങൾ, മികച്ച മാതൃകകൾ എന്നിവ കായികസംഘടനകൾ പരസ്പരം പങ്കുവെക്കുകയും ആഗോളപ്രാദേശിക തലങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുകയും വേണം. വിജ്ഞാനവിനിമയത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ഈ രംഗത്തെ അറിവില്ലായ്മകൾ പരിഹരിക്കാൻ എല്ലാ കായിക സംഘടനകളും ഒത്തൊരുമിച്ച് മുന്നേറേണ്ടതുണ്ട്.
കായികമത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ, പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ സാധനങ്ങളും സേവനങ്ങളും നൽകാൻ വിതരണക്കാരെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള സംഭരണനയങ്ങൾ കായികസംഘടനകൾ രൂപീകരിക്കേണ്ടതുണ്ട്. കൂടാതെ, കായികമേഖലയിലെ ഏറ്റവും വലിയ കാർബൺ പുറന്തള്ളൽ സ്രോതസ്സായ ഗതാഗതരംഗത്ത് സുസ്ഥിരവും മലിനീകരണം കുറഞ്ഞതുമായ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും സംഘാടകർ മുന്നിട്ടിറങ്ങണം. കായികമേഖലയ്ക്കുള്ള വൻജനപ്രീതിയും സ്വാധീനവും ഒരു ശക്തമായ ആയുധമാക്കി മാറ്റിക്കൊണ്ട് കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള സന്ദേശങ്ങൾ സമൂഹത്തിലേക്ക് നിരന്തരമായി എത്തിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾ, പ്രശസ്തരായ കായികതാരങ്ങളെ 'ക്ലൈമറ്റ് അംബാസഡർമാരാ’ക്കൽ, സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും സുസ്ഥിരമാതൃകകൾ നടപ്പിലാക്കൽ എന്നിവയിലൂടെ ആരാധകരിലും പൊതുസമൂഹത്തിലും ശക്തമായ പാരിസ്ഥിതിക ബോധവൽക്കരണം ഉറപ്പാക്കാനാകും. വരുംതലമുറകൾക്കായി ഭൂമിയെ സുരക്ഷിതമായി നിലനിർത്താൻ കായികമേഖലയുടെ ഈ ഹരിതചുവടുവയ്പ് അത്യന്താപേക്ഷിതമാണ്. സ്‌പോർട്‌സ് മേഖലയെ കൂടുതൽ പാരിസ്ഥിതികസുസ്ഥിരമാക്കാൻ രൂപകല്പന ചെയ്‌തിരിക്കുന്ന മാർഗനിർദേശങ്ങളെയും ചട്ടക്കൂടുകളെയും ഉൾക്കൊള്ളുന്ന 'സ്‌പോർട്‌സ് ഗ്രീൻ പ്രോട്ടോക്കോൾ' നിർബന്ധമാക്കേണ്ടതുണ്ട്. കായികമത്സരങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, അനുബന്ധപ്രവർത്തനങ്ങൾ എന്നിവയിൽ പരിസ്ഥിതി സൗഹൃദരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, വിഭവസമാഹരണവും മാനേജ്‌മെൻ്റും മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന മാർഗനിർദേശങ്ങളും ചട്ടക്കൂടുകളും ഇതിൽ ഉൾപ്പെടുന്നു.
1992ൽ രൂപീകരിച്ച കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന 'സ്‌പോർട്‌സ് ഫോർ ക്ലൈമറ്റ് ആക്ഷൻ ഫ്രെയിംവർക്ക്' പ്രകാരം, 2040ഓടെ കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ മുന്നൂറിലധികം കായികസംഘടനകൾ പ്രതിജ്ഞയെടുത്തിട്ടുള്ളത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാൻ കായികസംഘടനകൾ മത്സര ഷെഡ്യൂളുകൾ പരിഷ്കരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, കഠിനമായ ചൂട് ഒഴിവാക്കാൻ 2022ലെ ഖത്തർ ഫിഫ ലോകകപ്പിന്റെ ഷെഡ്യൂൾ ശൈത്യകാലത്തേക്ക് മാറ്റിയിരുന്നു. കൂടാതെ, പല ഔട്ട്‌ഡോർ മത്സരങ്ങളും ഇൻഡോർ സംവിധാനങ്ങളിലേക്ക് മാറ്റുകയും, ചൂട് പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള പരിസ്ഥിതിസൗഹൃദരീതികളിലേക്ക് കായികതാരങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട്. സമീപകാലത്ത് ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേളയും കഠിനമായ ചൂട് കാരണം രാവിലേക്കും രാത്രിയിലുമായി ക്രമീകരിക്കുകയും, പരമാവധി മത്സരങ്ങൾ ഇൻഡോർ സംവിധാനങ്ങളിൽ നടത്തുകയുമാണുണ്ടായത്.
കാർബൺ ന്യൂട്രലായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കായികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഹരിതാഭമായ കായികയിടങ്ങളിൽ സ്വതന്ത്രമായി ശുദ്ധവായു ശ്വസിച്ചുകൊണ്ട് പരിശീലിക്കാനും മത്സരിക്കാനും അവസരം ലഭിച്ചാൽ മാത്രമേ താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിക്കുകയുള്ളൂ. കായികമേഖലയിലെ ഇത്തരം കാർബൺ ന്യൂട്രൽ സമീപനത്തിലൂടെ പരിസ്ഥിതിസൗഹൃദ സ്റ്റേഡിയങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും നിർമ്മാണവും പുനർനിർമ്മാണവുമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുനരുപയോഗ ഊർജസ്രോതസ്സുകൾ, ജലസംരക്ഷണസംവിധാനങ്ങൾ, സുസ്ഥിര നിർമ്മാണവസ്തുക്കൾ എന്നിവ പരിപൂർണ്ണനിലയിൽ സംയോജിപ്പിക്കേണ്ടതുണ്ട്. പുനരുപയോഗ ഊർജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുകയും ഹരിത ഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുവാൻ ആവശ്യമായ ഇടപെടലുകൾ സ്വീകരിക്കുകയും വേണം. സ്റ്റേഡിയങ്ങളുടെ ചുറ്റുപാടുകളിൽ വനവൽക്കരണ പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണ മാർഗങ്ങളും സ്വീകരിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദവും കാർബൺ ന്യൂട്രലുമായ കായികലോകത്തിനായി നമുക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാം.
(എസ്‍സിഇആർടി കേരളത്തിൽ റിസർച്ച് ഓഫീസറാണ് ലേഖകൻ )









0 comments