ad
Deshabhimani

തേക്കിന്‍ക്കാട്ടില്‍ സര്‍വം'കല'

kala
avatar
ജിബിന സാ​ഗരന്‍

Published on Jan 14, 2026, 01:45 AM | 2 min read

തൃശൂര്‍: കേരള സംസ്ഥാന കലോത്സവത്തിന് വേദിയുണരും മുന്നേ കലാരവങ്ങളില്‍ മുഴുകാന്‍ തേക്കിന്‍കാട് മൈതാനിയും സ്ഥിരം സന്ദര്‍ശകരും തയ്യാറായി കഴിഞ്ഞു. കലോത്സവത്തിന്റെ ആദ്യംദിനം തന്നെ തൃശൂര്‍ പൂരത്തിന് മുമ്പേ, ഇലഞ്ഞിത്തറമേളത്തിന് സമാനമായ പാണ്ടിമേളം തേക്കിന്‍കാട് മൈതാനിയില്‍ ആസ്വദിക്കാമെന്ന സന്തോഷത്തിലാണ് പൂരപ്രേമികള്‍. കലോത്സവത്തിന്റെ ഭാഗമായി പൂരങ്ങളുടെ നാട്ടിലെത്തുന്ന മറ്റുജില്ലക്കാര്‍ക്ക് തൃശൂരിന്റെ മിനി പൂരക്കാഴ്ച ഒരുക്കുമ്പോള്‍ അത് തൃശൂര്‍ക്കാരുടെയും മനം നിറയ്‌ക്കും.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒമ്പതിന് പ്രധാനവേദിയായ സൂര്യകാന്തിക്ക് (തേക്കിന്‍ക്കാട് മൈതാനി എക്സിബിഷന്‍ ഗ്രൗണ്ട്) സമീപമാണ് 100 കലാകാരന്മാര്‍ അണിനിരക്കുന്ന ഒരു മണിക്കൂര്‍ നീളുന്ന പാണ്ടിമേളം അരങ്ങേറുന്നത്. തൃശൂർ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ മേള പ്രമാണം വഹിക്കുന്ന കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശേരി കുട്ടൻ മാരാർ എന്നിവർ നേതൃത്വം നൽകും. ഇലഞ്ഞിത്തറ മേളം പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ, തിരുവമ്പാടി മേള പ്രമാണി ചെറുശേരി കുട്ടൻ മാരാർ എന്നിവരുടെ നേതൃത്വത്തിലാണ് പാണ്ടിമേളം അരങ്ങേറുന്നത്. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, താളത്തിന് ഏഷ്യാഡ് ശശി, കൊമ്പിന് മച്ചാട് മണികണ്ഠൻ, കുഴലിന് വെളപ്പായ നന്ദനും പ്രമാണിമാരാകും.

64-ാം സ്കൂള്‍ കലോത്സവത്തിന്റെ പ്രതീകമായി 64 വര്‍ണക്കുടകളോടെയുള്ള കുടമാറ്റവും നടക്കും. കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന പാണ്ടിമേളവും കുടമാറ്റവും മറ്റുജില്ലകളില്‍ നിന്നെത്തുന്നവര്‍ക്കൊപ്പം ഇതാ ഞങ്ങളുടെ മിനി പൂരം എന്ന അഭിമാനത്തോടെ തലയുയര്‍ത്തി കാണണമെന്ന ആഗ്രഹത്തിലാണ് തൃശൂര്‍ക്കാര്‍.

തേക്കിന്‍ക്കാടില്‍ വേദികള്‍ മൂന്ന്

പ്രധാന വേദിയുള്‍പ്പെടെ മൂന്നുവേദികളാണ് തേക്കിന്‍കാട് മൈതാനിയിലുള്ളത്. അഞ്ചുദിവസങ്ങളിലായി മോഹിനിയാട്ടം, സംഘനൃത്തം, ഭരതനാട്യം, തിരുവാതിരക്കളി, കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് ഒന്നാം വേദിയായ സൂര്യകാന്തിയില്‍ മത്സരം നടക്കുന്നത്. രണ്ടാം വേദിയായ പാരിജാതത്തില്‍ ഭരതനാട്യം, ഒപ്പന, നാടോടി നൃത്തം, ഒപ്പന, പരിചമുട്ട്, വൃന്ദവാദ്യം, കുച്ചിപ്പുടി എന്നീ ഇനങ്ങള്‍ അരങ്ങേറും. മൂന്നാം വേദിയായ നീലകുറിഞ്ഞിയില്‍ പണിയനൃത്തം, മംഗലംകളി, മലപുലയ ആട്ടം, ഇരുള നൃത്തം, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളില്‍ മത്സരം നടക്കും. തേക്കിന്‍കാട് മൈതാനിയില്‍ സായാഹ്നം ആസ്വദിക്കാനെത്തുന്നവര്‍ ഇനിയുള്ള അഞ്ചുദിവസം കലകള്‍ കൂടി ആസ്വദിക്കാം.

തൃശൂരും നൈറ്റ് ഷോപ്പിങ്

തിങ്കളാഴ്ച മുതല്‍ നഗരത്തിൽ കലോത്സവ അലങ്കാരങ്ങളില്‍ മുങ്ങും. ഉത്സവപ്രതീതിയോടെ ആകര്‍ഷകമായ ലൈറ്റുകള്‍ മിന്നിത്തിളങ്ങും. തേക്കിന്‍കാട് മൈതാനിയിലും വൃക്ഷങ്ങളിലും ലൈറ്റുകളാല്‍ അലങ്കരിക്കും. ആകാശപ്പാതയടക്കമുള്ള ഇടങ്ങള്‍ പ്രത്യേകമായി അലങ്കരിക്കും. നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യവുമുണ്ടാകും. രാത്രി 10 വരെ കടകള്‍ പ്രവര്‍ത്തിക്കും,10 വരെ ചെറുവഴികളിലേക്ക് ഉൾപ്പെടെ ബസ്‌ സർവീസുകൾ നടത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home