ad
Deshabhimani

അന്ന്‌ മത്സരാർഥി ഇന്ന് രക്ഷാധികാരി

BINDHU
avatar
ജിബിന സാഗരന്‍

Published on Jan 06, 2026, 01:00 AM | 1 min read

തൃശൂര്‍: പൂരങ്ങളുടെ നാട്ടില്‍ 64–-ാം സംസ്ഥാന കലോത്സവത്തിന് അരങ്ങുണരുമ്പോള്‍, രചനാമത്സരങ്ങളിലും നൃത്തയിനങ്ങളിലും മിന്നുംപ്രകടനം കാഴ്ചവച്ച ആ പഴയ ഒമ്പതാംക്ലാസുകാരി ഇന്ന് കലോത്സവത്തിന്റെ രക്ഷാധികാരിയാണ്. വേദികളില്‍ ദമയന്തിയായി വേഷമിട്ട് കലയെ അതേ ആവേശത്തോടെ ഹൃദയത്തിലേറ്റുന്ന മന്ത്രി ആര്‍ ബിന്ദുവാണ് ആ ഒമ്പതാംക്ലാസുകാരി. ചെറുപ്രായത്തില്‍ തന്നെ നൃത്തത്തില്‍ മിടുക്കിയായിരുന്നു.


എട്ടാംക്ലാസില്‍ കഥകളി പഠിക്കാനും തുടങ്ങി. നൃത്തയിനങ്ങള്‍ക്കൊപ്പം രചനാമത്സരങ്ങളിലും തിളങ്ങി. കലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കഥകളിയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. മന്ത്രി ആര്‍ ബിന്ദുവിന് ഗൃഹാതുരത്വത്തിന്റെ ചെപ്പ് തുറക്കുന്നത് പോലെയാണ് ഓരോ കലോത്സവവും. വര്‍‍ണപ്പകിട്ടാര്‍ന്ന ഓര്‍മകളാണ് മന്ത്രിക്ക് കലോത്സവങ്ങളുമായി ബന്ധപ്പെട്ടുള്ളത്. കലോത്സവം ഒരിക്കലും മത്സരമായിരുന്നില്ലെന്നും ആരോഗ്യകരമായ കൂട്ടായ പ്രവര്‍ത്തനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


ജില്ലകളില്‍ നിന്ന് സമ്മാനം നേടി സംസ്ഥാന യുവജനോത്സവത്തിലേക്ക് ആവേശത്തോടെയെത്തുന്നത് വിശദീകരിച്ചപ്പോള്‍ മന്ത്രി ആ പഴയ സ്കൂള്‍ വിദ്യാര്‍ഥിനിയായി. ""കലോത്സവത്തിനെത്തുമ്പോള്‍ സ്കൂളുകളിലാണ് താമസിക്കുക. ഒരുമിച്ച് താമസിക്കുന്നതുകൊണ്ടുതന്നെ കുട്ടികള്‍ തമ്മില്‍ വളരെ ഇഴയടുപ്പമുള്ള ബന്ധമാണുണ്ടാവുക. ഇപ്പോഴും ആ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. കലയ്ക്കും സാഹിത്യത്തിനുമൊക്കെ മനുഷ്യ മനസ്സുകളെ കൂട്ടിയോജിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വസിക്കുന്നത്.


അത്തരം സൗഹൃദങ്ങളാണ് കലോത്സവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത്'' മന്ത്രി പറഞ്ഞു. കലയില്‍ മാത്രം മുഴുകിയാണ് സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നത്. പക്ഷേ, കലാലയ കലോത്സവങ്ങള്‍ അങ്ങനെയായിരുന്നില്ല. അവിടെ സംഘാടനവും വിദ്യാര്‍ഥികളുടെ ചുമതലയാണ്. അതുകൊണ്ടുതന്നെ കലോത്സവങ്ങള്‍ സംഘടിപ്പിച്ചും പങ്കെടുത്തുമുള്ള പരിചയമുണ്ട്. കലോത്സവത്തിന്റെ രക്ഷാധികാരിയാകുമ്പോഴും പരിചയ സമ്പത്ത് കൈമുതലായുണ്ടെന്ന് മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home