പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്ന് സമരക്കാർ; പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു

ന്യൂഡൽഹി: മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന യുവജന പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കവെ പാർലമെന്റിലേക്ക് ഇന്ന് വീണ്ടും മാർച്ച് നടത്തുമെന്ന് സമരക്കാർ വ്യക്തമാക്കി . ഇത് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും അവര്‍ പറഞ്ഞു. സമരം ചെയ്ത 70 പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. ഇന്നലെ സമരക്കാരെ നേരിട്ട പൊലീസ് പൊളിച്ചുകളഞ്ഞ സമരവേദി വീണ്ടും നിർമിച്ചു. മഴ നനയാതിരിക്കാനുണ്ടാക്കിയ ഷെഡ് അടക്കം പൊലീസ് പൊളിക്കുന്ന സ്ഥി തിയാണുണ്ടായത്.
ഏത് മഴയും മർദനവുമുണ്ടായാലും ഇവിടെ തന്നെ നിലനിൽക്കുമെന്നും സമരം തുടരുമെന്നും അവര്‍ ഉറപ്പിച്ചുപറഞ്ഞു. സമരത്തിന് വേണ്ടിയുണ്ടാക്കിയതെല്ലാം പൊലീസ് തകർത്ത നിലയിലാണ്. വിദ്യാർഥികളും യുവാക്കളും അണിനിരന്ന പാർലമെന്റ് മാർച്ചിൽ ഡൽഹി അക്ഷരാർഥത്തിൽ തന്നെ ഇന്നലെ സ്‌തംഭിച്ചു. ദേശീയപതാകയും ഭഗത്‌സിങ്, മഹാത്മാഗാന്ധി, ബി ആർ അംബേദ്കർ എന്നിവരുടെ ചിത്രങ്ങളുമായി ഇരച്ചെത്തിയ യുവജനസമുദ്രത്തിന് മുന്നിൽ സര്‍ക്കാര്‍ അമ്പരന്നു. പാർലമെന്റിന്റെ സുരക്ഷാ കവാടങ്ങൾ അടച്ചുപൂട്ടി കേന്ദ്രസേനയും ഡൽഹി പൊലീസും നടത്തിയ അടിച്ചമർത്തൽ ശ്രമം പ്രക്ഷോഭകർ ധീരമായി മറികടന്നു.
പൊലീസിന്റെ നരനായാട്ടിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി പേരെ അറസ്റ്റ്ചെയ്‌തു. അഭിനേതാക്കളായ പ്രകാശ് രാജിനും ശബാന ആസ്‌മിക്കും നേരെയും സേനകൾ പാഞ്ഞടുത്തു. വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയെ ക്രൂരമായി ആക്രമിച്ചു. ജന്തർമന്തറിലെ സമരപ്പന്തലുകൾ അടിച്ചുതക ർത്തു. എന്നിട്ടും ഡൽഹിയിൽ രാത്രിയും യുവജനങ്ങൾ പ്രക്ഷോഭം തുടർന്നു. പ്രക്ഷോഭകർക്ക് പിന്തുണയറിയിച്ച് വൈകിയും കൂടുതൽ പേർ സമരവേദയിലേക്കെത്തി.
സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി, സിപിഐ എം ലോക്സഭാ കക്ഷി നേതാവ് കെ രാധാകൃഷ്ണൻ, വി ശിവദാസൻ എംപി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി തുടങ്ങിയവർ രാത്രിയും ജന്തർമന്തറിൽ തുടർന്നു.കോക്രോച്ച് ജനതാ പാർടിയുടെയും എസ്‌എഫ്‌ഐ അടക്കമുള്ള സംഘടനകളുടെയും ആഹ്വാനപ്രകാരം ലക്ഷക്കണക്കിനാളുകളാണ് മാർച്ചിനെത്തിയത്. എച്ച്‌കെഎസ് സുർജിത്ത് ഭവനിൽനിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എസ്‌എഫ്‌ഐ പ്രവർത്തകർ മാർച്ച്‌ചെയ്‌തു. ജന്തർമന്തറിലേക്കുള്ള യുവപ്രവാഹത്തിൽ കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ പിഴച്ചു. ഇന്റർനെറ്റ് വിലക്കി. മെട്രോ സ്റ്റേഷനുകൾ അടച്ചു.










0 comments