ad
Deshabhimani

64–-ാം കേരള സ്കൂള്‍ കലോത്സവം

കലോത്സവം ജനകീയ പിന്തുണയിൽ: വി ശിവൻകുട്ടി

school kalolsavam
വെബ് ഡെസ്ക്

Published on Jan 06, 2026, 01:00 AM | 2 min read

തൃശൂർ

തൃശൂരില്‍14മുതല്‍ 18വരെ നടക്കുന്ന 64–-ാമത് കേരള സ്കൂള്‍ കലോത്സവത്തിന്‌ സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ ആവശ്യമായ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ടെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി വിവിധ വിഭാഗങ്ങളുമായി യോഗം ചേര്‍ന്നു. പ്രധാനാധ്യാപകർ, പ്രിൻസിപ്പൽമാർ, സ്കൂൾ മാനേജ്‌മെന്റ്, പിടിഎ പ്രതിനിധികൾ, 19 സബ് കമ്മിറ്റി കൺവീനർമാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഹോട്ടൽ ആന്‍ഡ് റസ്റ്റോറന്റ് ഉടമകൾ, വിദ്യാർഥി- യുവജന സംഘടനകൾ, രാഷ്ട്രീയ പാർടികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി. കലോത്സവ വിജയത്തിനായി എല്ലാവരും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗങ്ങളിൽ പങ്കെടുത്തവര്‍ ഉറപ്പുനല്‍കി.

മത്സരാര്‍ഥികളെ വേദികളിലെത്തിക്കാനായി ജില്ലയിലെ സ്കൂളുകളുടെ വാഹനങ്ങള്‍ വിട്ടുതരാമെന്ന് യോഗത്തില്‍ പ്രതിനിധികള്‍ ഉറപ്പുനല്‍കി. കലോത്സവത്തിന്റെ ലോഗോ പതിപ്പിച്ച ഓട്ടോകളില്‍ മത്സരാര്‍ഥികള്‍ക്ക്‌ സൗജന്യമായി വേദികളിലെത്താനുള്ള സൗകര്യമുണ്ടാകും.

കൗമാര കലാപൂരത്തിന് ഇനി ഏഴുദിവസം

​ഏഴുദിവസംകൂടി പിന്നിട്ടാല്‍ തൃശൂരില്‍ കൗമാര കലാപൂരം. 14ന് രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന ഇലഞ്ഞിത്തറ മേളവും അരങ്ങേറും. 64–-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും.

രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ‘ഉത്തരവാദിത്വ കലോത്സവം' എന്തെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വിശദീകരിക്കും. ഉദ്ഘാടന വേദിയിൽ പതിനായിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും അരങ്ങേറും. പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാര്‍ഥികള്‍ എഴുതി സംഗീതം നല്‍കിയ തീം സോങ്ങിന്റെ അവതരണവുമുണ്ടാകും. 25 വേദികളിലായി 249 ഇനങ്ങളിലായാണ് മത്സരം. 25 വേദികളില്‍ ഡിഡിഇ, ആര്‍ഡിഡി, ജെഡി, എഇഒ, ഡിഇഒ എന്നിവര്‍ക്ക് ചുമതല നല്‍കും. 19 സബ് കമ്മിറ്റികള്‍ക്കും എഇഒ, ഡിഇഒമാര്‍ മേല്‍നോട്ടം വഹിക്കും.

സ്വര്‍ണക്കപ്പ് ഘോഷയാത്ര വരവേല്‍പ്പ് 13ന്

​സ്വര്‍ണക്കപ്പ് ഘോഷയാത്രയ്ക്ക് 13ന് വൈകിട്ട് 3.30ന് തൃശൂര്‍ ടൗണ്‍ഹാളില്‍ വരവേല്‍പ്പ് നല്‍കും. എസ്‌പിസി, എൻസിസി, എൻഎസ്എസ് തുടങ്ങി 1000-ത്തോളം സന്നദ്ധ സേനാംഗങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. അന്നേദിവസം കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ആദ്യബാച്ചിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. കുട്ടികള്‍ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പരാതികളുണ്ടെങ്കില്‍ അറിയിക്കാനായി ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കും.

പാലുകാച്ചല്‍ 13ന്

തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് സജ്ജീകരിച്ചിരിക്കുന്ന പാചകപ്പുരയില്‍ 13ന് പകല്‍ 3.30ന് പഴയിടത്തിന്റെ നേതൃത്വത്തില്‍ പാലുകാച്ചല്‍ നടത്തും. ഉച്ചഭക്ഷണം കഴിക്കാനായി ദിവസം 20,000 പേരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home