64–-ാം കേരള സ്കൂള്‍ കലോത്സവം
ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ: മന്ത്രി ശിവന്‍കുട്ടി

തൃശൂര്‍: കൗമാര കലാമാമാങ്കത്തിനുള്ള ഒരുക്കങ്ങൾ സാംസ്‌കാരിക നഗരിയിൽ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന് മുന്നോടിയായി ഒമ്പതിന് ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ആറായിരം കുട്ടികൾ അണിചേരുന്ന ‘പ്രതിരോധച്ചങ്ങല' തീർക്കും. ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ ഇതിൽ പങ്കുചേർന്ന് പ്രതിജ്ഞയെടുക്കും. സ്വർണക്കപ്പിന് 13ന് പകൽ 3.30ന് തൃശൂർ ടൗൺഹാളിൽ സ്വീകരണം നൽകും.
കലോത്സവത്തിന്റെ വരവറിയിച്ച് ജില്ലയിലെ 1250 സ്കൂളുകളിലും ബോർഡുകൾ സ്ഥാപിക്കും. ഉത്സവപ്രതീതി ഉണർത്തുന്ന ക്രമീകരണങ്ങള്‍ ഒരുക്കും. മറ്റ് ജില്ലകളിൽനിന്നുള്ള മത്സരാർഥികൾക്ക് മികച്ച താമസസൗകര്യം ഉറപ്പാക്കും. 20 സ്കൂളുകളിലായാണ് താമസസൗകര്യം. പിടിഎ, വിവിധ രാഷ്ട്രീയ പാർടികൾ, സന്നദ്ധസംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് മികച്ച സൗകര്യങ്ങൾ ഒരുക്കുക.
വൃത്തിയുള്ള ശുചിമുറിയും ജലലഭ്യതയും ഉറപ്പാക്കും. പൊലീസ്, വനിതാപൊലീസ്, ഷാഡോ പൊലീസ് എന്നിവരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി കെ രാജന്‍, മന്ത്രി ആര്‍ ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Highlights: ലഹരിക്കെതിരെ 9ന് ‘പ്രതിരോധച്ചങ്ങല’










0 comments