ad
Deshabhimani

കലോത്സവമെന്നാൽ നടി ബീന ചന്ദ്രന് ഓർമ്മകളുടെ വസന്തകാലമാണ്

BEENA chandran
വെബ് ഡെസ്ക്

Published on Jan 16, 2026, 09:11 PM | 1 min read

തൃശൂർ: മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന ചന്ദ്രന് തൃശൂർ വെറുമൊരു കലോത്സവ വേദിയല്ല, മറിച്ച് തന്റെ കലാജീവിതത്തിന് വേരോട്ടം നൽകിയ മണ്ണാണ്. തൃശൂരിലെ കലോത്സവ നഗരിയിൽ ബീന തിരയുന്നത് തന്നിലെ പഴയ പത്താം ക്ലാസ്സുകാരിയെയാണ്.


പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയാണ് ബീന തൃശൂരിന്റെ മണ്ണിൽ തന്റെ പേര് കുറിച്ചത്. പിന്നീട് ഒരു അധ്യാപികയുടെ റോളിൽ തന്റെ ശിഷ്യയെ മോണോ ആക്ട് പഠിപ്പിച്ച് ഇതേ വേദിയിൽ എത്തിച്ചതും ബീനയ്ക്ക് അഭിമാന നിമിഷമാണ്. ഇപ്പോൾ വീണ്ടും തൃശൂർ കലോത്സവത്തിന് വേദിയാകുമ്പോൾ, അനിയത്തിയുടെ മകൾ നങ്ങ്യാർകൂത്തിൽ മത്സരിക്കാൻ എത്തുന്നു എന്ന സന്തോഷത്തിലാണ് അവർ.


മുൻപ് വളരെ കുറച്ചു കുട്ടികൾ മാത്രം പങ്കെടുത്തിരുന്ന നങ്ങ്യാർകൂത്ത് ഇന്ന് ഒരുപാട് മത്സരാർത്ഥികളാൽ സമ്പന്നമായതിൽ താരം വലിയ സന്തോഷം പങ്കുവെക്കുന്നു. ശുഷ്കിച്ച മത്സരയിനം എന്നതിൽ നിന്ന് മാറി പുതിയ തലമുറ ഈ കലാരൂപത്തെ ഗൗരവമായി പഠിക്കാൻ ശ്രമിക്കുന്നത് ശുഭസൂചനയാണെന്നാണ് അവർ പറയുന്നത്.



കലോത്സവ നഗരിയിലെ തിരക്കിലും ആരവത്തിലും നിൽക്കുമ്പോൾ, ഓരോ വേദിയും തനിക്ക് സമ്മാനിക്കുന്നത് സമൃദ്ധമായ ഓർമ്മകളാണെന്ന് ബീന ചന്ദ്രൻ പറയുന്നു. ഓരോ തലമുറയും കലയെ നെഞ്ചേറ്റുന്നത് കാണുന്നതാണ് ഒരു കലാകാരി എന്ന നിലയിൽ തനിക്ക് ഏറ്റവും വലിയ സംതൃപ്തി നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.


തടവ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്കൂൾ അധ്യാപിക കൂടിയായ ബീന ചന്ദ്രൻ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. 2024ൽ നടി ഉർവശിക്കൊപ്പമായിരുന്നു ബീന മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home