ad
Deshabhimani

ലോക വോളിയിൽ 
ഇനി മലയാളി വിസിൽ മുഴക്കം

volley

എം ജിബിൻ ജോർജ്

വെബ് ഡെസ്ക്

Published on Jun 27, 2026, 02:31 AM | 1 min read

പറവൂർ


ചൈനയിലെ ഷാങ്--ലുവോയിൽ ജൂലൈ ഒന്നുമുതൽ 10 വരെ നടക്കുന്ന അണ്ടർ 18 ലോക സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മലയാളിയായ എം ജിബിൻ ജോർജ് മത്സരങ്ങൾ നിയന്ത്രിക്കും. 30 രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളുടെ മത്സരങ്ങൾ ഇദ്ദേഹം നിയന്ത്രിക്കും.


ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനും മുൻ ദേശീയ വോളിബോൾ താരംകൂടിയായ ജിബിൻ തന്റെ പരിശീലനത്തിലൂടെ നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്തിട്ടുണ്ട്. 2008 മുതൽ സ്റ്റേറ്റ് റഫറി പാനലിലേക്കും 2015 മുതൽ ദേശീയ വോളിബോൾ റഫറി പാനലിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ നാഷണൽ, ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് ഉൾപ്പെടെ നിരവധി ദേശീയമത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 2023, 25 വർഷങ്ങളിൽ നാഷണൽ സ്കൂൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ കേരള വനിതാടീമിന്റെ മാനേജരായിരുന്നു.


2024–25 വർഷങ്ങളിൽ ഉത്തർപ്രദേശിൽ നടന്ന നാഷണൽ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ് മത്സരം നിയന്ത്രിച്ച ഏക മലയാളിയാണ് ജിബിൻ. നാഗ്പുർ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ നേവിയിൽ തേർഡ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ വള്ളംകളിയുടെ സ്റ്റാർട്ടറും ഗോതുരുത്ത് എസ്എപി ക്ലബ്ബിന്റെ വൈസ് പ്രസിഡന്റുമാണ്. ഗോതുരുത്ത് മട്ടക്കൽ വീട്ടിൽ പരേതനായ ജോർജിന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ അധ്യാപികയായ കെ ജെ സോഫിയ. മക്കൾ: അൽന ജിബിൻ, എയ്ഞ്ചൽ ജിബിൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home