വീണ്ടും എലിപ്പനി മരണം: പകര്‍ച്ചവ്യാധി മരണം 19

കൊച്ചി
ജില്ലയില്‍ വീണ്ടും പകര്‍ച്ചവ്യാധി മരണം. 20ന് എരൂരില്‍ മരിച്ച ഉരുളൻപറമ്പിൽ പി ബി ശശികുമാറിന്റെ (63) മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഈമാസം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഒന്പതിന് 64 വയസ്സുള്ള കുമ്പളങ്ങി സ്വദേശി എലിപ്പനി ബാധിതനായി മരിച്ചിരുന്നു. വീണ്ടും എലിപ്പനി മരണം ഉണ്ടായതോടെ അധികൃതരുടെ അനാസ്ഥ ചോദ്യം ചെയ്യപ്പെടുകയാണ്. ഏലൂര്‍ പ്രദേശത്തും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
മഴക്കാലപൂര്‍വ ശുചീകരണത്തില്‍ ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പരാജയപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ പ്രധാനകാരണം. കൂടിക്കിടക്കുന്ന മാലിന്യത്തില്‍ എലിയും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകും പെരുകുന്നു. 19 മുതല്‍ 21 വരെ ജില്ലയില്‍ നടത്തിയ ഡ്രൈഡേയും പരാജയമായെന്ന് നിരന്തരമുണ്ടാകുന്ന പകര്‍ച്ചവ്യാധി മരണങ്ങൾ തെളിയിക്കുന്നു. നിരവധിപേര്‍ രോഗബാധിതരായിട്ടും മാലിന്യനീക്കം കൃത്യമായി നടത്താനോ കൊതുകിന്റെ ഉറവിടനശീകരണം നടത്താനോ അധികൃതര്‍ മുന്‍കൈയെടുക്കുന്നില്ല. ഈമാസം 19 പേരാണ് ജില്ലയില്‍ വിവിധ പകര്‍ച്ചവ്യാധികള്‍മൂലം മരിച്ചത്.
പനിച്ചൂടില്‍ വലഞ്ഞ്
പനിവ്യാപനത്താല്‍ വലയുകയാണ് ജനങ്ങള്‍. ഈമാസം ഇതുവരെ 23,419 പേര്‍ പനിബാധിതരായി. വെള്ളിയാഴ്ച 752 പേര്‍ പനിബാധിതരായി. 26 പേര്‍ക്ക് ഡെങ്കി ബാധിച്ചു. ചൂര്‍ണിക്കര, കളമശേരി, കാഞ്ഞൂര്‍, മലയാറ്റൂര്‍, നെടുമ്പാശേരി, പിറവം, വെങ്ങോല, വെണ്ണല പ്രദേശത്തുള്ളവര്‍ക്കാണ് ഡെങ്കി ബാധിച്ചത്.
ഒഴിയാതെ ഷിഗല്ല
ജില്ലയില്‍ ഷിഗല്ല രോഗവും ആശങ്കയുണ്ടാക്കുന്നു. പാമ്പാക്കുടയിലാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത കുടൽ അണുബാധയ്‌ക്ക് കാരണമാകുന്ന മാരക ബാക്ടീരിയയാണ് ഷിഗല്ല. രോഗാവസ്ഥയെ ഷിഗെല്ലോസിസ് എന്ന് വിളിക്കുന്നു. കുറഞ്ഞ അളവില്‍ ബാക്ടീരിയ ശരീരത്തിൽ എത്തിയാലും രോഗം പിടിപെടാം. മലിനമായ ജലവും ഭക്ഷണവും രോഗിയുമായി നേരിട്ടുള്ള സമ്പർക്കം എന്നിവ വഴി രോഗം പകരാം.









0 comments