ad
Deshabhimani

പൊലീസ്‌ നിഷ്‌ക്രിയം

ഹൈബി ഇ‍ൗഡൻ എംപിയുടെ 
വീട്ടിൽ അക്രമിയുടെ അഴിഞ്ഞാട്ടം

The attacker's rampage

അലക്സ് ചാക്കോ

വെബ് ഡെസ്ക്

Published on Jun 27, 2026, 03:17 AM | 1 min read

കൊച്ചി


എറണാകുളം നഗരത്തിൽ അക്രമിസംഘങ്ങളുടെ അഴിഞ്ഞാട്ടം പതിവായിട്ടും ഫലപ്രദമായ നടപടികളെടുക്കാനാകാതെ പൊലീസ്‌. നഗരമധ്യത്തിൽ ഹൈബി ഇ‍ൗഡൻ എംപിയുടെ വീടിനുനേരെയാണ്‌ ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്‌. കലൂരിൽ പെൺകുട്ടികൾക്കുനേരെയുമുണ്ടായ ആക്രമണങ്ങൾക്ക്‌ പിന്നാലെയാണിത്‌.


​ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല എറണാകുളം നഗരത്തിലുണ്ടായിരുന്ന ദിവസമാണ്‌ ഹൈബി ഇ‍ൗഡന്റെ വീടിനുനേരെ ആക്രമണമുണ്ടായത്‌. ഹൈബിയുടെ സഹപാഠിയായ തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (43)യാണ്‌ വീടാക്രമിച്ച്‌ ഭീകരാവസ്ഥ സൃഷ്‌ടിച്ചത്‌. കലൂർ ജോർജ്‌ ഇ‍ൗഡൻ റോഡിലെ അന്പാട്ട്‌ വീട്ടിൽ വ്യാഴം പുലർച്ചെ 2.45നായിരുന്നു സംഭവം. അലക്‌സ്‌ വീട്ടിലെ മുപ്പതോളം ചെടിച്ചട്ടികളും അടിച്ചുതകർത്തു. എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയെന്നും കാർ കത്തിക്കാൻപോകുകയാണെന്നും പ്രതി കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതായി പൊലീസ്‌ പറഞ്ഞു. എംപിയുടെയും ഭാര്യയുടെയും വാട്സാപ്പിലേക്ക് പ്രതി ഭീഷണിസന്ദേശങ്ങളും അയച്ചു. എംപിയുടെ ഭാര്യ അന്ന ലിൻഡ ഇ‍ൗഡന്റെ പരാതിയെ തുടർന്ന്‌ നോർത്ത്‌ പൊലീസ്‌ എത്തി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തശേഷം കേസ്‌ പാലാരിവട്ടം പൊലീസിന്‌ കൈമാറി.


അലക്സിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. തന്റെ ബാങ്ക് ജപ്തി നടപടിയിൽ എംപി ഇടപെടാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് അലക്സ് മൊഴി നൽകി.

‘ഓപ്പറേഷൻ തൂഫാൻ' ദി നർക്കോ ഹണ്ട് പദ്ധതിയുടെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടിയിൽ വ്യാഴം രാവിലെ ചെന്നിത്തലയും ഹൈബിയും വേദി പങ്കിടുമെന്നതിനാൽ വീടാക്രമണവിവരം പൊലീസ്‌ മൂടിവച്ചു. എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ വ്യാഴം പകൽ 11നായിരുന്നു പരിപാടി. പരിപാടി കഴിഞ്ഞ്‌ ആഭ്യന്തരമന്ത്രി ജില്ല വിടുന്നതുവരെ വാർത്ത പുറത്തുവിടരുതെന്ന്‌ പൊലീസിന്‌ നിർദേശം ലഭിച്ചിരുന്നു. രാത്രിയാണ്‌ അറസ്‌റ്റ്‌ വിവരം വെളിയിൽ വന്നത്‌.

ജൂൺ രണ്ടിനാണ്‌ കലൂരിൽ ചായകുടിക്കാനിറങ്ങിയ വിദ്യാർഥിനികളെ നഗരമധ്യത്തിൽ പത്തംഗസംഘം അതിക്രൂരമായി വളഞ്ഞിട്ടാക്രമിച്ചത്‌. ആക്രമണത്തിനിരയായ വിദ്യാർഥിനിയുടെ മൊഴിയെടുക്കാൻ എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഇതാണോ നിങ്ങളു ടെ വസ്‌ത്രധാരണമെന്നും പുലർച്ചെ പുറത്തിറങ്ങിയത്‌ എന്തിനാണെന്നും ചോദിച്ചത്‌ വിവാദമായിരുന്നു. മുഖ്യപ്രതിയെ ഉൾപ്പെടെ പൊലീസ്‌ പിടിച്ചത്‌ ദിവസങ്ങൾക്കുശേഷമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home