റെയില്‍പ്പാളം മോഷണത്തില്‍ കേന്ദ്രസേനയ്ക്കും വീഴ്ച
ആര്‍പിഎഫ് കേസെടുക്കും: ഉപേക്ഷിക്കപ്പെട്ട് 100 ഏക്കറിലേറെ ഭൂമി

മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷൻ
സിറിൾ രാധാകൃഷ്‌ണൻ
Published on Jun 27, 2026, 03:04 AM | 2 min read
കൊച്ചി
കൊച്ചി തുറമുഖ അതോറിറ്റിയുടെ അതിസുരക്ഷാ മേഖലയില്‍നിന്ന് റെയിൽപ്പാളം മോഷണംപോയ സംഭവത്തിൽ റെയിൽ സുരക്ഷാസേന (ആർപിഎഫ്) കേസെടുക്കും. എറണാകുളം വാർഫ് ക്യു 9 ബർത്തിനുസമീപം പാളത്തിന്റെ ഭാഗമാണ് കാണാതായത്.
മോഷണസ്ഥലത്ത് റെയില്‍ അധികൃതര്‍ പരിശോധന നടത്തി. 240 മീറ്റർ നീളത്തിലാണ് പാളം ഉണ്ടായിരുന്നത്. മോഷ്ടിക്കപ്പെട്ട പാളത്തിന്റെ നീളം ഉദ്യോഗസ്‌ഥർ അളന്നു. സ്ലീപ്പറില്‍നിന്ന് വേര്‍പെടുത്തിയ പാളത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുത്തു. ഇലക്ട്രിക്കൽ, എൻജിനിയറിങ് വിഭാഗം, ആർപിഎഫ് എന്നിവരാണ് പരിശോധന നടത്തിയത്. പാളം കടന്നുപോകുന്ന വളപ്പ് അധികൃതര്‍ അടച്ചു.
മംഗളവനത്തോട് ചേർന്നുള്ള കൊച്ചി ഓൾഡ് റെയിൽവേ സ്റ്റേഷൻ (ഫയൽ ചിത്രം)
എറണാകുളം റെയില്‍വേ സീനിയര്‍ സെക്‌ഷന്‍ എൻജിനിയറുടെ പരാതിയില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം നടത്തും. തുറമുഖ അതോറിറ്റിയും സമാന്തര ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. തുറമുഖം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ സുരക്ഷാ ചുമതല കേന്ദ്രവ്യവസായ സംരക്ഷണസേനയ്ക്കാണ് (സിഐഎസ്എഫ്). പാളം മോഷണംപോയതോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലാകും.
ഉപേക്ഷിച്ചനിലയില്‍ നിരവധി വസ്തുക്കള്‍
ജില്ലയില്‍ സുരക്ഷയില്ലാതെ നിരവധി വസ്തുവകകളാണ് റെയില്‍വേയ്ക്കുള്ളത്. ക്യു 9 ബെര്‍ത്തിനുസമീപം കൊച്ചി ഹാർബർ ടെർമിനസ്, മട്ടാഞ്ചേരി ഹാള്‍ട്ട്, മംഗളവനം പ്രദേശത്തെ എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷൻ (ഓൾഡ് റെയിൽവേ സ്റ്റേഷൻ) എന്നിവ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടനിലയിലാണ്.
കൊച്ചി ഉപേക്ഷിച്ച ലോകകവാടം
ഇന്ത്യയിലെ ചരക്കുകള്‍ ലോകമെമ്പാടും എത്തിയിരുന്നതും തുറമുഖം വഴി എത്തിയവ വിതരണം ചെയ്യപ്പെട്ടതും കൊച്ചി ഹാർബർ ടെർമിനസ് വഴിയാണ്. 1943ല്‍ തുറന്ന സ്റ്റേഷനില്‍നിന്ന് കൊച്ചി -ഷൊർണൂര്‍ ജങ്ഷൻ പാസഞ്ചർ സര്‍വീസ് തുടങ്ങി. 1961ൽ ആദ്യ ഡീസൽ ട്രെയിൻ റെയിൽവേ മന്ത്രി ജഗ്ജീവന്‍റാം ഫ്ലാഗ്ഓഫ് ചെയ്തതും ഇവിടെനിന്നാണ്. 2013ൽ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. നിലവില്‍ കാടുമൂടി ഉപേക്ഷിക്കപ്പെട്ടനിലയിലാണ് സ്റ്റേഷന്‍.
കാടുമൂടി ഗാന്ധി സ്മരണ
1902ല്‍ ആരംഭിച്ച എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷനും ഉപേക്ഷിക്കപ്പെട്ടനിലയിലാണ് (ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍). വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാന്‍ 1925- മാര്‍ച്ചില്‍ മഹാത്മാഗാന്ധി കേരളത്തില്‍ വന്നിറങ്ങിയത് ഇവിടെയാണ്. ഹൈക്കോടതിക്കടുത്ത് മംഗളവനം പ്രദേശത്താണിത് സ്ഥിതിചെയ്യുന്നത്.
മോഷണത്തിനും സ്വകാര്യവല്‍ക്കരണത്തിനും സാധ്യത
കൊച്ചിയിലും മംഗളവനത്തിനടുത്തുമായി 100 ഏക്കറോളം ഭൂമി റെയില്‍വേ ഉടമസ്ഥതയിലുണ്ട്. എറണാകുളം സൗത്ത് സ്റ്റേഷനിലെ 300 കോടി വിലമതിക്കുന്ന ഭൂമി ഈമാസം ആദ്യമാണ് 40 വര്‍ഷം സ്വകാര്യ പാട്ടത്തിന് നല്‍കിയത്. സമാനമായി ഈഭൂമിയും കൈമാറ്റം ചെയ്യാനോ ക്യു 9 ബെര്‍ത്തിലേതുപോലെ റെയില്‍വേ വസ്തുക്കള്‍ മോഷിക്കപ്പെടാനും സാധ്യതയേറെയാണ്.









0 comments