അമിത് ഷായോട് ചോദ്യങ്ങളുന്നയിച്ചതിന് വനിതാ മാധ്യമപ്രവർത്തകരെ മർദിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖാഗുപ്തയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത ചടങ്ങിൽ ചോദ്യങ്ങളുന്നയിച്ചതിന് വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസിന്റെ ക്രൂരമർദനം. ഫോർ പിഎം ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരായ ഷഹീന്‍ ഖാന്‍, നാഫിസ എന്നിവരെയാണ് പൊലീസ് തല്ലിച്ചതച്ചത്.
വ്യാഴാഴ്ച ഡല്‍ഹിയിലെ സാകേത് മാക്‌സ് ഹോസ്പിറ്റലിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. സാകേത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മുന്നിൽ ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് തങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചതെന്ന് ഷഹീൻ ഖാൻ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷഹീന് നേരെ പൊലീസ് അതിക്രമം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും തുടർന്ന് പൊലീസ് ബലമായി പിടിച്ചുവലിച്ച് മർദിച്ച്, സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു എന്ന് ഷഹീൻ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് ഉദ്യോഗസ്ഥർ പേര് ചോദിക്കുകയും മുസ്ലിം മതത്തിൽപ്പെട്ടയാളാണെന്ന് മനസിലാക്കുകയും ചെയ്തതോടെ മർദനത്തിന്റെ കാഠിന്യം വർധിച്ചുവെന്നും ഷഹീൻ വ്യക്തമാക്കി. മർദ്ദനമേറ്റ് അവശയായ നഫിസ സ്റ്റേഷനിലെ സോഫയിൽ തളർന്നിരിക്കുന്നതും ഷഹീൻ ഖാന്റെ വീഡിയോയിൽ വ്യക്തമാണ്. പരിക്കേറ്റ നഫിസയ്ക്ക് നടക്കാൻ കഴിയാതെ വന്നതോടെ മറ്റുള്ളവരാണ് അവരെ സ്റ്റേഷന് പുറത്തേക്ക് കൊണ്ടുവന്നത്.
ഡൽഹി സർക്കാരിന്റെയും മുഖ്യമന്ത്രി രേഖ ഗുപ്തയുടെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ '4പിഎം' നിരന്തരം വാർത്തകൾ പുറത്തുവിട്ടിരുന്നുവെന്നും അതിന്റെ പ്രതികാരമാണോ ഈ നടപടിയെന്നും ഫോർ പിഎം ന്യൂസ് നെറ്റ്‌വര്‍ക്ക് എഡിറ്റർ-ഇൻ-ചീഫ് സഞ്ജയ് ശർമ്മ എക്സിൽ കുറിച്ചു. ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കുന്നത് എപ്പോഴാണ് കുറ്റകൃത്യമായി മാറിയതെന്നും സഞ്ജയ് ശർമ്മ കുറിച്ചു.









0 comments