ഇത്തവണയും മുനീർ മാഷെത്തി 121 കുട്ടികളുമായി

ഹർഷിദ ബത്താലി
Published on Jan 15, 2026, 03:50 PM | 1 min read
തൃശൂർ: ഇത്തവണയും പതിവ് തെറ്റിക്കാതെ വലിയൊരു സംഘം കുട്ടികളുമായാണ് മുനീർ മാഷ് കലോത്സവത്തിനെത്തിയിരിക്കുന്നത്. കണ്ണൂർ, കാസർകോട്, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി 121 കുട്ടികളുമായാണ് മാഷ് കലോത്സവനഗരിയിലെത്തിയത്. ഒപ്പന, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളിലാണ് ഈ കുട്ടികൾ വേദിയിലെത്തുന്നത്.
ഏഴ് ജില്ലകളിലായി ചിതറിക്കിടക്കുന്ന കുട്ടികളെ പഠിപ്പിക്കുക എന്നത് മാഷിനെ സംബന്ധിച്ച് വലിയൊരു ദൗത്യമാണ്. മിക്കപ്പോഴും ജില്ലകളിൽ നിന്നും ജില്ലകളിലേക്കുള്ള ഓട്ടത്തിനിടയിലാണ് മാഷിന്റെ ഉറക്കം. എന്നാൽ മാഷിന് അതിൽ പരാതിയോ ബുദ്ധിമുട്ടുകളോ ഇല്ല. കലയോടുള്ള താൽപ്പര്യം കൊണ്ട് മാത്രം ഈ അധ്വാനത്തെ മാഷ് സന്തോഷത്തോടെയാണ് കാണുന്നത്. താൻ പഠിപ്പിച്ച കുട്ടികളെ സംസ്ഥാന കലോത്സവ വേദിയിൽ എത്തിക്കണമെന്ന ചെറിയൊരു പിടിവാശി കൂടിയുണ്ട് മുനീർ മാഷിന്.
കുട്ടികൾക്കും വലിയ കാര്യമാണ് തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിനെ. ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾ ഇത്തവണയോട് കൂടി കലോത്സവവേദികളോട് വിടപറയുന്നതോടൊപ്പം മാഷിന്റെ ശിക്ഷണത്തിൽ ഇനി പഠിക്കാൻ പറ്റില്ല എന്ന വിഷമത്തിലാണ്. മാഷിന്റെ ശാസനകളിൽ പോലും സ്നേഹമാണ് എന്നതാണ് കാരണമെന്ന് കുട്ടികൾ പറയുന്നു.
മാഷിനെ സഹായിക്കാൻ പഴയ ശിഷ്യന്മാരുടെ ഒരു ടീമും കൂടെയുണ്ട്. ഇവരും കൂടിയാണ് മാഷിന്റെ കരുത്ത്. കലോത്സവ വേദികളിൽ നിന്ന് ഇറങ്ങിയെങ്കിലും എന്നും മാഷിന്റെ കൂടെയുണ്ടാവുന്നതിൽ സന്തോഷമെന്നാണ് ഇവർ പറയുന്നത്. സെയ്ദാർപ്പള്ളിയിൽ നിന്ന് തുടങ്ങിയ മാഷിന്റെ ഈ കലാപ്രവർത്തനം ഇന്ന് കേരളത്തിലെ പല ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഓരോ വർഷവും കൂടുതൽ കുട്ടികളെ കലാരംഗത്തേക്ക് എത്തിക്കാൻ സാധിക്കുന്നതിലാണ് ഈ ഗുരു തന്റെ സന്തോഷം കണ്ടെത്തുന്നത്.










0 comments