പിതൃദിനത്തിൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെ അനുസ്മരിച്ച് യുഎഇ പ്രസിഡന്റ്

ദുബായ്: അന്താരാഷ്ട്ര പിതൃദിനത്തോടനുബന്ധിച്ച് യുഎഇ രാഷ്ട്രപിതാവും സ്ഥാപകനുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ അനുസ്മരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തന്റെ ബാല്യകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പിതാവിനെ അനുസ്മരിച്ചത്. അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന ലോകമെമ്പാടുമുള്ള എല്ലാ പിതാക്കന്മാർക്കും പ്രസിഡന്റ് ആദരവ് അർപ്പിച്ചു.
"ഒരു പിതാവ് കുടുംബത്തിന്റെ സന്തോഷത്തിന്റെയും സ്ഥിരതയുടെയും പ്രധാന തൂണും സ്വാധീനശക്തിയുള്ള മാതൃകയുമാണ്," എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. ജ്ഞാനവും കരുണയും അർപ്പണബോധവും കൊണ്ട് ഒരു രാഷ്ട്രത്തെ കെട്ടിപ്പടുത്ത പിതൃത്വത്തിന്റെ ഉത്തമ മാതൃകയായിരുന്നു ഷെയ്ഖ് സായിദെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്നേഹത്തോടെ കുടുംബത്തെ പരിപാലിക്കുകയും മക്കളിൽ മഹത്തായ മൂല്യങ്ങൾ വളർത്തുകയും പ്രത്യാശയുടെയും അവസരങ്ങളുടെയും വാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്യുന്ന എല്ലാ പിതാക്കളെയും ഈ ദിനത്തിൽ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. കുടുംബങ്ങൾ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയുടെയും ഉറവിടമായി നിലനിൽക്കാൻ പിതാക്കന്മാരുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.










0 comments