യുകെസിഐഎസ്എ ഗ്ലോബൽ കമ്മ്യൂണിറ്റി അവാർഡ്: എസ്എഫ്ഐ യുകെ ഷോർട്ട്‌ലിസ്റ്റിൽ

ലണ്ടൻ: യുകെ കൗൺസിൽ ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അഫയേഴ്‌സ് (UKCISA) ഗ്ലോബൽ കമ്മ്യൂണിറ്റി അവാർഡിനായി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ യുകെ (SFI-UK) ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ഈ വർഷത്തെ 420-ലധികം നോമിനേഷനുകളാണ് പുരസ്കാരത്തിനായി ലഭിച്ചത്. ഇതിൽ നിന്നും ആറ് ഫൈനലിസ്റ്റുകളെയാണ് തിരഞ്ഞെടുത്തത്.
സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ യുകെ, ഇറാസ്മസ് സ്റ്റുഡന്റ് നെറ്റ്‌വർക്ക് യുകെ, നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്‌സ് ആൻഡ് അലുമ്‌നി യൂണിയൻ യുകെ, വിയറ്റ്നാമീസ് സ്റ്റുഡന്റ് സൊസൈറ്റി, നോർത്താംപ്ടൺ സ്റ്റുഡന്റ്‌സ് യൂണിയൻ, എഡിൻബർഗ് സർവകലാശാലയിലെ ലൈഫ് ഓഫ് ഇംപാക്റ്റ് വോളണ്ടിയറിംഗ് ഇനിഷ്യേറ്റീവ് എന്നിവരാണ് ഈ വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ.
കൂടാതെ, എസ്‌എഫ്‌ഐ-യുകെയിലെ (ഡണ്ടി യൂണിവേഴ്‌സിറ്റി) സഖാവ് രാകുൽ സ്യാം സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
കാമ്പസിനുള്ളിലും പുറത്തും കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നതിനായി നൂതനമായ നടപടികൾ സ്വീകരിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥി നേതൃത്വത്തിലുള്ള സംഘടനകളെയാണ് ഗ്ലോബൽ കമ്മ്യൂണിറ്റി അവാർഡിനായി പരിഗണിക്കുന്നത്. അന്താരാഷ്ട്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിലും, സമത്വം പ്രോത്സാഹിപ്പിക്കുന്നതിലും, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ സാംസ്കാരിക വിനിമയവും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിലും സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് എസ്എഫ്ഐ യുകെ.
യുകെയിലെ അന്താരാഷ്ട്ര വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തതെന്ന് സംഘടനയുടെ നേതാക്കൾ പറഞ്ഞു. വരാനിരിക്കുന്ന യുകെസിഐഎസ്എ വാർഷിക സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും.









0 comments