എൽബ്രസ് പർവതം കീഴടക്കി എമിറാത്തി പെൺകുട്ടി

കെ എൽ ഗോപി
Published on Jul 10, 2025, 03:40 PM | 1 min read
ഷാർജ: എൽബ്രസ് പർവതം കീഴടക്കി എമിറാത്തി പെൺകുട്ടി. പതിനേഴുകാരി ഫാത്തിമ അബ്ദുറഹ്മാൻ അൽ അവാദിയാണ് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയത്. ആഗോള പർവതാരോഹണ ലക്ഷ്യമായ ‘സെവൻ സമ്മിറ്റ്സ്’ വെല്ലുവിളി കൈവരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് എൽബ്രസ് കീഴടക്കിയത്.
കഠിനമായ കാലാവസ്ഥയെയും ദുഷ്‌കരമായ ഭൂപ്രകൃതിയെയും അതിജീവിച്ചാണ് ഫാത്തിമ എൽബ്രസ് മലമുകളിൽ യുഎഇ പതാക നാട്ടിയത്. ജോർജിയ അതിർത്തിക്ക് സമീപം റഷ്യയുടെ തെക്ക് സ്ഥിതിചെയ്യുന്ന എൽബ്രസിന് 5642 മീറ്റർ ഉയരമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോ ഫാത്തിമ നേരത്തേ കീഴടക്കിയിരുന്നു.
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുകയാണ് ‘സെവൻ സമ്മിറ്റ്സിന്റെ ലക്ഷ്യം. ഏഷ്യയിലെ എവറസ്റ്റ്, തെക്കേ അമേരിക്കയിലെ അക്കോൺ കാഗുവ, വടക്കേ അമേരിക്കയിലെ ദിനാലി, ആഫ്രിക്കയിലെ കിളിമഞ്ചാരോ, യൂറോപ്പിലെ എൽബ്രസ്, അന്റാർട്ടിക്കയിലെ വിൻസൻ, ഓസ്‌ട്രേലിയയിലെ കോസിയുസ്‌കോ എന്നിവയാണ് ഏഴ് പർവതനിരകൾ.










0 comments