ad
Deshabhimani

കോംഗോയിൽ എബോള ഭീതി രൂക്ഷം: മരണസംഖ്യ 1,405 ആയി ഉയർന്നു

Ebola

Photo:Reuters

വെബ് ഡെസ്ക്

Published on Jul 27, 2026, 08:59 AM | 1 min read

ബുനിയ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. ഇതുവരെ 3,200 പേർക്ക് രോഗം സ്ഥിരീകരിച്ചതായി സർക്കാർ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,405 ആയി ഉയർന്നു. കഴിഞ്ഞ മേയ് 15ന് കിഴക്കൻ കോംഗോയിൽ ആരംഭിച്ച എബോള ബാധ, ഏറ്റവും വേഗത്തിൽ പടരുന്ന വൈറസ് വ്യാപനമാണ്.


ഇതിന് കാരണമാകുന്ന ബുണ്ടിബുഗ്യോ വൈറസിനെതിരെ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സാ രീതികളോ ലഭ്യമല്ലെന്നത് വെല്ലുവിളി വർധിപ്പിക്കുന്നു. വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന വൈറസ്, പിന്നീട് രോഗബാധിതരുടെ ശാരീരിക സ്രവങ്ങളിലൂടെയാണ് അതിവേഗം പടരുന്നത്. പ്രദേശത്തെ വിമത സംഘങ്ങളുടെ ആക്രമണവും സുരക്ഷാ ഭീഷണിയും പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.


രോഗബാധയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും കിംവദന്തികളും കാരണം ആരോഗ്യ പ്രവർത്തകർക്ക് നേരെയും ആശുപത്രികൾക്ക് നേരെയും നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ജോലി ഉപേക്ഷിച്ചതും തിരിച്ചടിയായി. 36 ആരോഗ്യപ്രവർത്തകർ ഇതിനകം രോഗം ബാധിച്ച് മരണപ്പെട്ടു.


രോഗവ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയും കടുത്ത ആശങ്ക രേഖപ്പെടുത്തി. പുതിയ കേസുകളിൽ 80 ശതമാനവും എവിടെനിന്നാണ് പടരുന്നതെന്ന് കണ്ടെത്താൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും രോഗം നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home