ad
Deshabhimani

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Supreme court.jpg
വെബ് ഡെസ്ക്

Published on Jul 27, 2026, 10:04 AM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണവും ഫൊറൻസിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആർജെഡി എംപി സുധാകർ സിങ് അടക്കമുള്ളവർ നൽകിയ ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.


പുനഃസംഘടിപ്പിച്ച എസ്‌ഐടിയുടെ വിശദാംശങ്ങൾ ഉത്തർ പ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. ഉത്തർ പ്രദേശ് സർക്കാരിന് വേണ്ടി ഹാജരാകുന്നത് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. സംഭാവനാ കൊള്ളയിലെ അന്വേഷണ പുരോഗതിയും എസ്‌ഐടി ഇന്ന് സുപ്രീം കോടതിയിൽ നൽകും.


അതേസമയം അയോധ്യ രാമക്ഷേത്രക്കൊള്ള അന്വേഷിക്കാൻ പുതിയ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) രൂപീകരിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്‌ സർക്കാർ. സാധാരണ ജീവനക്കാരെ ബലിയാടുകളാക്കി ‘വമ്പൻ സ്രാവുകളെ’ രക്ഷിക്കാൻ എസ്‌ഐടി ശ്രമിച്ചെന്ന ആക്ഷേപങ്ങൾക്കിടെയാണ്‌ നടപടി.


നേരത്തെ അയോധ്യ കാണിക്കക്കൊള്ള സിബിഐയെ ഏൽപ്പിക്കണമെന്ന ഹർജി പരിഗണിച്ച സുപ്രീംകോടതി നിലവിലെ എസ്‌ഐടിയിൽ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. വലിയ സാമ്പത്തിക തിരിമറി നടന്നതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതാണ്‌ ഉചിതമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ എസ്‌ഐടി പുനഃസംഘടിപ്പിച്ചത്‌. ഐജി എസ്‌ കിരൺ നേതൃത്വം നൽകുന്ന പുതിയ സമിതിയിൽ ഡിഐജിയും എസ്‌എസ്‌പിയും അംഗങ്ങളാകും. മുതിർന്ന ഐപിഎസ്‌ ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന സമിതിയെ ചുമതലയേൽപ്പിക്കാനും ജ‍ൂലൈ 27ന്‌ റിപ്പോർട്ട്‌ സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home