കവർസ്റ്റോറി
ജാനകി എന്ന നാദപ്രപഞ്ചം


വി ടി മുരളി
Published on Jul 27, 2026, 10:50 AM | 6 min read
എന്റെയീ ജീവിത കാലഘട്ടത്തിൽ ഞാൻ എത്രയെത്ര പ്രിയപ്പെട്ടവരുടെ മരണത്തെ അഭിമുഖീകരിച്ചു. ഇവരിൽ പലരും നേരിട്ട് പരിചയമുള്ളവരാണ്. കൂടുതൽ പേരും പരിചയമില്ലാത്തവരും. കലാകാരനും എഴുത്തുകാരനും നമ്മുടെ വ്യക്തിപരമായ പരിചയങ്ങൾക്കപ്പുറത്തല്ലേ... അവരുടെ തിരോധാനം നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. അവർ അവശേഷിപ്പിച്ചു പോയ കാര്യങ്ങളെ കുറിച്ച് ഓർത്താണ് നമ്മളെല്ലാം ആശ്വസിക്കുന്നത്.
ഞാൻ ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത എസ് പി ബാലസുബ്രഹ്മണ്യം നമ്മെ വിട്ടുപോയപ്പോൾ ഞാൻ പൊട്ടിക്കരയുകയായിരുന്നു. സങ്കടം നിയന്ത്രിക്കാനാവാതെ ഞാൻ ഒന്നു രണ്ടു ദിവസം വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയി. കേൾക്കുകയല്ലാതെ ഒരിക്കലും ഞാൻ അദ്ദേഹത്തിന്റെ പാട്ടുകൾ പാടിയിട്ടില്ല, എന്നിട്ടും. വയലാർ രാമവർമ മരണം കാത്തുകിടന്ന സമയത്ത് അദ്ദേഹത്തിന് രക്തം നൽകാനായി ഞാൻ മുൻപന്തിയിലുണ്ടായിരുന്നു. രക്തദാനത്തെക്കുറിച്ചൊന്നും വലിയ ശാസ്‌ത്രീയ ധാരണകളൊന്നുമില്ലാത്ത ചെറിയ പ്രായത്തിൽ. പക്ഷേ ഞാനങ്ങനെ ചെയ്യേണ്ടതുണ്ട്, അതെന്റെ കടമയാണ് എന്നെനിക്ക് അന്ന് തോന്നിയതിന്റെ പിന്നിലെ ചേതോവികാരം എന്താണ്? ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ. എസ് ജാനകിയെന്ന വലിയ കലാകാരി മരിച്ചുവെന്ന് കേട്ടപ്പോൾ എല്ലാ ഓർമകളും നിരനിരയായി എന്റെ മുന്നിലേക്ക് വരികയാണ്.
‘മരഗതവീണ’ എന്ന ചിത്രത്തിലെ പാട്ട് റെക്കോഡിങ് വേളയിൽ എസ് ജാനകിക്ക് നിർദേശങ്ങൾ നൽകുന്ന സംഗീതസംവിധായകൻ വി ദക്ഷിണാമൂർത്തി
എസ് ജാനകിയെ ഞാൻ രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ട്. അവരുടെ രണ്ട് റെക്കോഡിങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞുവെങ്കിലും അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. ഒന്ന്, ‘കണ്ണാടിക്കൂട്' എന്നൊരു ചിത്രത്തിന്റെ ഗാന ശബ്ദലേഖന വേളയിൽ. ആ സിനിമ നിർമിക്കപ്പെട്ടില്ലെങ്കിലും ആറ് പാട്ടുകൾ എവിഎം സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്‌തിരുന്നു. പി ടി അബ്ദുറഹിമാൻ എഴുതി വടകര കൃഷ്‌ണദാസ് സംവിധാനം ചെയ്‌തതാണ് പാട്ടുകൾ. അതിൽ ‘മുനമുള്ളു കൊണ്ടെന്റെ' എന്ന ഗാനം പാടിയത് ജാനകിയാണ്. ആറു പാട്ടുകളിൽ ഏറ്റവും വികാരനിർഭരമായ ഗാനം അതായിരുന്നു. ആ ഗാനം പാടിക്കഴിഞ്ഞപ്പോൾ കേട്ടുനിന്ന സിനിമാ പ്രവർത്തകരെല്ലാം നിശ്ശബ്ദരായിപ്പോയി. വൈകാരികതയുടെ പൂർണതയ്‌ക്ക് വേണ്ടി അവർ ആലാപനത്തിൽ കൊണ്ടുവരുന്ന സവിശേഷതകൾ എന്നെപ്പോലൊരു സംഗീത വിദ്യാർഥിക്ക് വലിയൊരു പാഠമായിരുന്നു. പാട്ടിൽ സംഗീത സംവിധായകനോ ചിത്രത്തിന്റെ സംവിധായകനായ പള്ളിക്കര വി പി മുഹമ്മദോ ആവശ്യപ്പെടാത്തൊരിടത്ത് ഒരു തേങ്ങൽ അവർ കൂട്ടിച്ചേർത്തു. പാട്ടു കേട്ടുനിന്ന ഞങ്ങൾ സ്തംഭിച്ചുപോയി. ആ തേങ്ങലോടുകൂടി പാട്ടിനെ അവർ അതിന്റെ പാരമ്യത്തിലെത്തിച്ചു. എത്രയോ സമയം അവർ അടുത്തുണ്ടായിട്ടും എനിക്കവരോട് സംസാരിക്കാൻപോലും കഴിഞ്ഞില്ല. വളരെ അകന്നാണ് ഞാൻ നിന്നത്. അവരാണെങ്കിൽ എല്ലാവരോടും വളരെ സൗഹൃദത്തോടെ പെരുമാറുന്നു. പക്ഷേ എന്റെ ഉള്ളിൽ അവർ എത്രയോ ഉയരത്തിലാണല്ലോ. കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻപോലും അന്ന് കഴിഞ്ഞില്ല. സിനിമയുടെ പ്രവർത്തകരെല്ലാം ഒരുമിച്ച് നിന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടായിരുന്നു. അത് കയ്യിൽനിന്ന് നഷ്ടപ്പെട്ടു പോവുകയും ചെയ്‌തു. അവരോട്, അവരുടെ പാട്ടിനോട്, അവരുടെ സ്വഭാവ വിശേഷങ്ങളോട്, അവരുടെ സമീപനങ്ങളോട്, അവരുടെ നിലപാടുകളോടൊക്കെ ആദരവ് തോന്നിയിട്ടുള്ള ഒരാളാണ് ഞാൻ. ആദരവിന്റെ അപ്പുറം അത് ഒരുതരം ആരാധനയായിരുന്നു എന്ന് പറയാം. നമ്മൾ ആരാധിക്കുന്ന വിഗ്രഹത്തിന്റെ അടുത്തേക്ക് പോകാൻ നമുക്ക് കഴിയില്ലല്ലോ. വിഗ്രഹം എപ്പോഴും ശ്രീകോവിലിനുള്ളിലല്ലേ...
എസ് ജാനകി, ഞാൻ എന്റെ ഉള്ളിൽവച്ച് ആരാധിക്കുന്ന സംഗീതത്തിന്റെ അധിദേവതയായിരുന്നു.
നടി ശാരദയോടൊപ്പം
എന്റെ സംഗീത ജീവിതം ആരംഭിക്കുന്ന കുട്ടിക്കാലത്ത്, എന്റെയെന്നല്ല എന്റെ പ്രായത്തിലുള്ള എല്ലാ ഗായകരും സംഗീതത്തിലേക്ക്, പാട്ടിലേക്ക് ആകൃഷ്ടരാവുന്നത് പ്രധാനമായും സ്ത്രീ ഗായകരുടെ പാട്ടുകൾ കേട്ടാണ്. പി ലീലയും പി സുശീലയുമെല്ലാം അതിൽ ഉൾപ്പെടും. പക്ഷേ അന്നും പി സുശീലയും എസ് ജാനകിയുമായിരുന്നു എന്റെ സംഗീതമൂർത്തികൾ. ഞാൻ എന്നല്ല, അന്നത്തെ എന്റെ പ്രായത്തിലുള്ള ആൺകുട്ടികളെല്ലാം തന്നെ സ്‌ത്രീശബ്ദത്തിലുള്ള പാട്ടുകളാണ് പാടിയിരുന്നത്. ഏറ്റവും മികച്ച ഗാനങ്ങളെല്ലാം സ്‌ത്രീശബ്ദത്തിലായിരുന്നു എന്നത് ഒരു കാരണമാവാം. ആദ്യകാല മലയാള സിനിമയുടെ പ്രമേയങ്ങളും കഥാപാത്രങ്ങളും എല്ലാം തറവാടുകളുടെ അകത്തളങ്ങളിൽ നിശ്ശബ്ദരാക്കപ്പെട്ട സ്‌ത്രീ സമൂഹമായിരുന്നു. അവരുടെ ദുഃഖങ്ങളായിരുന്നു. സന്തോഷത്തേക്കാളേറെ സങ്കടമായിരുന്നു അവരുടെ പൊതുവികാരം. അതെല്ലാം പി ഭാസ്‌കരൻ മാസ്റ്ററും വയലാറും ഒഎൻവിയും യൂസഫലി കേച്ചേരിയും ശ്രീകുമാരൻ തമ്പിയുമെല്ലാം വാക്കുകളിലാക്കി. അതിനെല്ലാം ബാബുരാജും കെ രാഘവനും ദേവരാജനും എം എസ് വിശ്വനാഥനും ദക്ഷിണാമൂർത്തിയും ചിദംബരനാഥും അർജുനനും എല്ലാം തങ്ങളുടെ സംഗീത സ്‌പർശംകൊണ്ട് കൂടുതൽ വികാരവത്താക്കി. ആ വരികൾക്ക് ജീവൻ നൽകി ഈ ഗായകരെല്ലാം. ഇതിൽ ഭൂരിപക്ഷം പാട്ടുകളും പാടിയിരുന്നത് പി ലീലയും എസ് ജാനകിയും പി സുശീലയും ആയിരുന്നു. ഇതൊക്കെ ഏറ്റുപാടിയാണ് ഞങ്ങൾ കുട്ടികൾ പാട്ടിന്റെ വഴിയിലേക്ക് നടന്നു കയറുന്നത്.
മലയാളത്തിൽ എം എസ് ബാബുരാജിന്റെയും എം ബി ശ്രീനിവാസന്റെയും എം എസ് വിശ്വനാഥന്റെയും എ ടി ഉമ്മറിന്റെയും ഭൂരിപക്ഷം പാട്ടുകളും പാടിയത് എസ് ജാനകിയാണെന്ന് തോന്നുന്നു. ‘ഇരുട്ടിന്റെ ആത്മാവി'ൽ ആകെയുള്ള നാല് പാട്ടുകളും പാടിയത് എസ് ജാനകിയാണ്. എം ബി ശ്രീനിവാസന്റെ ഗാനങ്ങൾ മറ്റേതെങ്കിലും ഗായികമാർ പാടിയിട്ടുണ്ടോ എന്നറിയില്ല. ആദ്യകാല ഗാനങ്ങൾമുതൽ അവസാനംവരെ എംബിഎസിന്റെ മികച്ച ഗാനങ്ങൾ എസ് ജാനകിയാണ് പാടിയിട്ടുള്ളത്. എംബിഎസുമായി ചേർന്നുള്ള ഒരു ഗാന റെക്കോഡിങ് സന്ദർഭത്തിന് ഞാൻ സാക്ഷിയായിട്ടുണ്ട്. ‘കത്തി' എന്ന ചലച്ചിത്രത്തിന്റെ ഗാന ശബ്ദലേഖന വേളയിലായിരുന്നു അത്. ആ ചിത്രത്തിൽ ഒഎൻവി എഴുതി എംബിഎസ് സംഗീതം നൽകിയ "പാതിരാക്കാറ്റിൽ ഗന്ധർവൻ പാടും’ എന്ന ഗാനം മദ്രാസ് തരംഗിണി സ്റ്റുഡിയോയിലാണെടുത്തത്. അവിടെയും ജാനകി അവരുടെ സംഗീതപാടവം പ്രകടിപ്പിക്കുന്നത് നേരിട്ട് കാണാൻ എനിക്ക് സാധിച്ചു. ആ സിനിമയിൽ ഞാൻ പാടിയ ഒരു പാട്ടും ഉണ്ടായിരുന്നു- ‐ ‘പൊന്നരളിപ്പൂവൊന്ന്...' എംബിഎസ് എന്നെ നേരിട്ട് പഠിപ്പിച്ചതാണ് ‘പൊന്നരളിപ്പൂ.'
എങ്ങനെയാണ് അദ്ദേഹം പാടുന്നതെന്നും പഠിപ്പിക്കുന്നതെന്നും മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞത് അപ്പോഴാണ്. പാട്ട് റെക്കോഡിങ്ങിന്റെ തലേദിവസം എംബിഎസുമായി കുറേസമയം ചെലവഴിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അദ്ദേഹം പാടുന്നത് പൂർണമായി മനസ്സിലാക്കി പാടുന്നത് എസ് ജാനകി മാത്രമാണെന്ന് ഞാൻ ആ സന്ദർഭത്തിൽ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചതേയുള്ളൂ. പക്ഷേ പിറ്റേദിവസം റെക്കോഡിങ്ങിൽ എന്നെക്കൊണ്ട് പാടിക്കുന്ന വേളയിൽ അദ്ദേഹം എന്നോട് പറഞ്ഞു. "മുരളി ഇന്നലെ പറഞ്ഞതോർക്കുന്നുണ്ടോ? ഞാൻ പാടുന്നത് പോലെ കൃത്യമായി ജാനകി പാടുമെന്ന്. അതു മുരളിക്കും ബാധകമാണ്. അത് ഓർമയിൽ വെക്കണം.’ സത്യത്തിൽ ഞാൻ വിഷമിച്ചു പോയി. ഇത്രയും വലിയ ഒരാളോട് ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു എന്നപ്പോഴാണ് ഓർത്തത്.
പിന്നീടും ഒന്നു രണ്ടു സന്ദർഭങ്ങളിൽ ഞാൻ ജാനകിയെ കണ്ടിട്ടുണ്ട്. ഒരിക്കൽ മലയാള സിനിമയുടെ എഴുപത്തഞ്ചാം വർഷം ദുബായിൽ ആഘോഷിച്ച വേദിയിലും, ഒരിക്കൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ഒരു സർക്കാർ പരിപാടിയിലും. ഈ രണ്ടു വേളകളിലും ഞാനും പാടിയിട്ടുണ്ട്. അപ്പോഴൊന്നും എനിക്കവരെ പരിചയപ്പെടാനോ അനുഗ്രഹം വാങ്ങാനോ കഴിഞ്ഞിരുന്നില്ല. റെക്കോഡിങ് വേളയിൽ സംഗീത സംവിധായകന്റെ മേൽനോട്ടത്തിൽ പാടുമ്പോഴും, വേദികളിൽ പൊതുജനമധ്യത്തിൽ പാടുമ്പോഴും ശരീരചലനങ്ങൾ ഒന്നുമില്ലാതെ എങ്ങനെ തന്റെ നാദംകൊണ്ട് മാത്രം പാട്ടുകളെ വ്യാഖ്യാനിക്കുന്നു എന്ന് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ സന്ദർഭങ്ങളാണിതൊക്കെ.
എ ടി ഉമ്മർ, അഗസ്‌റ്റിൻ പ്രകാശ്, ബിച്ചു തിരുമല, എസ് ജാനകി. ‘സൂത്രക്കാരി’ സിനിമയുടെ റെക്കോഡിങ് വേളയിൽ
ബാബുരാജിന്റെ വിഖ്യാത ഗാനങ്ങളിൽ ഭൂരിപക്ഷവും പാടിയത് എസ് ജാനകി തന്നെ. ജാനകിയുടെ ശബ്ദത്തിലാണ് എംടിയുടെ കഥാപാത്രങ്ങൾ പാടിയത്. നബീസുവും അമ്മുക്കുട്ടിയും ബഷീറിന്റെ ഭാർഗവിക്കുട്ടിയുടെ ശബ്ദവും അതുതന്നെ. ‘തച്ചോളി ഒതേന’നിലെ വടക്കൻപാട്ട് പെൺകുട്ടി ‘അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി’ മണവാളനെ കാത്തിരുന്നതും ഈ ശബ്ദത്തിൽ തന്നെ. മലയാള സിനിമയിലെ കഥാസാഹിത്യത്തിലെ എത്രയെത്ര നായികമാർക്ക് വേണ്ടിയാണ് ജാനകി പാടിയത്... ഓരോ കഥാപാത്രത്തിനു വേണ്ടി പാടുമ്പോൾ ആ കഥാപാത്രമാവാൻ എസ് ജാനകിക്കു കഴിഞ്ഞിരുന്നു എന്നതാണ് അവരുടെ ആലാപന സമീപനത്തിലെ വ്യതിരിക്തത. മറ്റുപലരും തങ്ങളുടെ ശബ്ദത്തിന്റെ മഹിമയിൽ അഭിരമിച്ചപ്പോൾ ജാനകി ആ കഥാപാത്രങ്ങളായി, അവരുടെ വൈകാരിക ശബ്ദമായി. ഇത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ഇങ്ങനെ കഴിയണമെങ്കിൽ ഭാഷയെ മനസ്സിലാക്കാൻ കഴിയണം, സാഹിത്യത്തെ അറിയണം, തന്റെ മാതൃഭാഷയല്ലാത്ത ഒരു അന്യഭാഷയോട് ആദരവ് വേണം. അവർ പാടിയിട്ടുള്ള എല്ലാ പാട്ടുകളുടെ സാഹിത്യ മൂല്യത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും അവർക്കറിയാമായിരുന്നു. ‘ഇരുട്ടിന്റെ ആത്മാവി’ലെ ‘ഇരുകണ്ണീർത്തുള്ളികൾ’ എന്ന ഗാനത്തെ കുറിച്ച് ഒരിക്കൽ അവർ വിശദീകരിക്കുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. പാടുന്നതിന് മുമ്പുതന്നെ ഭാസ്‌കരൻ മാസ്റ്ററിൽനിന്ന് ആ പാട്ടിന്റെ ഉള്ളും കഥാപാത്രത്തിന്റെ വൈകാരിക സവിശേഷതകളും അവർ മനസ്സിലാക്കിയിരുന്നു. മലയാളികളായ എത്ര ഗായകർക്ക് ഇത് അവകാശപ്പെടാൻ കഴിയും? അവരെല്ലാം പാട്ടിന്റെ സംഗീതത്തിന്റെ ഭാവത്തിലേക്ക് പോകുമ്പോൾ ജാനകി കഥാപാത്രത്തിന്റെ ശബ്ദമായി മാറുന്നു. അതൊരു സാംസ്‌കാരിക ശബ്ദമായി മാറുന്നു.
സംഗീതത്തിലെ ഒരു ബഹുമുഖ പ്രതിഭ എന്ന് അവരെ വിശേഷിപ്പിക്കാം. പാട്ടിന്റെ എല്ലാ വൈവിധ്യങ്ങളിലൂടെയും സഞ്ചരിക്കാൻ അവരുടെ ആലാപനത്തിന് അനായാസം സാധിക്കുന്നു. വലിയ ശാസ്ത്രീയ സംഗീത ശിക്ഷണം ഒന്നും തനിക്ക് ലഭിച്ചിട്ടില്ല, സംഗീത സംവിധായകൻ പറഞ്ഞുതരുന്നത് അങ്ങ് പാടുന്നു എന്ന് അവർ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീത അടിത്തറയുള്ള, പാടി പഠിപ്പിക്കാൻ ശാരീരവും ശരീരവും ആവശ്യമുള്ള പാട്ടുകൾപോലും ഒരു വെല്ലുവിളിയായി അവർ ഏറ്റെടുക്കുന്നു. ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ് സിനിമയിലെ ‘ശിങ്കാരവേലനെ’ എന്ന ഗാനം സൂക്ഷ്മമായി ശ്രദ്ധിച്ചിട്ടുള്ളവർക്ക് അറിയാം, ഗാനത്തിൽ കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരവുമായി പരസ്‌പരം മത്സരിക്കുന്ന ജാനകിയെയും നാദസ്വര വിദ്വാനെയും നമുക്ക് കാണാം. നാദസ്വരത്തിന്റെ ശബ്ദമാണോ ജാനകിയുടെ ശബ്ദത്തിന്, അല്ലെങ്കിൽ തിരിച്ചോ എന്ന് സംശയം തോന്നും. അരുണാചലത്തിന്റെ കയ്യിലെ നാദസ്വരം എങ്ങനെയാണ് അദ്ദേഹത്തിന് വഴങ്ങുന്നത് അതുപോലെ സ്വന്തം കണ്ഠം ജാനകിയുടെ ഇംഗിതത്തിന് വഴങ്ങുന്നത് ഈ ഗാനത്തിൽ നമുക്ക് കേൾക്കാം. ഇതുപോലൊരു പാട്ട് അതിനുമുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് എം ജയചന്ദ്രനുമായുള്ള ഒരു സംഭാഷണത്തിൽ അവർ പറയുന്നുണ്ട്. രണ്ടുപേരും ഒരേ സംഗതികൾ പാടുമ്പോൾ ഉപകരണവാദ്യത്തിലെ വൈദഗ്ധ്യവും വൈവിധ്യവും കാണിക്കുവാൻ കാരൈക്കുറിച്ചിയും ശ്രദ്ധക്കുന്നുണ്ട് എന്നത് കൗതുകകരമായ കാര്യമാണ്.
എസ് ജാനകി ‐ ചെറുപ്പകാലം
ഒരു തെലുങ്ക് ഗാനത്തെക്കുറിച്ചും പറയാറുണ്ട്. എൽ വൈദ്യനാഥൻ സംവിധാനം ചെയ്‌ത ‘ശിവ ശിവ’ എന്ന ഗാനം. ഈ ഗാനത്തിന്റെ തുടക്കത്തിലെ ഹമ്മിങ് തന്നെ വ്യത്യസ്‌ത രാഗങ്ങളിലാണ്. എന്നാൽ ആ രാഗങ്ങളെ കുറിച്ച് ഒന്നുമറിയാതെ തന്നെ അവർ അത് കൃത്യമായി പാടുന്നു. പാട്ടിന്റെ ഒരു പ്രത്യേക ഭാഗത്ത് അത് പാടാൻ പ്രയാസമാണ്. ഞാൻ വയലിനിൽ വായിച്ചോളാം എന്ന് എം എസ് ഗോപാലകൃഷ്‌ണൻ പറഞ്ഞപ്പോൾ; വേണ്ട, ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞ് പാടുകയാണ് ജാനകി. അങ്ങനെയൊന്ന് പാടാൻ കഴിഞ്ഞില്ലെങ്കിൽ തനിക്ക് കുറച്ചിലല്ലേ എന്നാണ് അവർ കരുതുന്നത്. ഈ ഗാനം സിനിമാ സംഗീത ചരിത്രത്തിലെ ഒരു മഹാസംഭവമായി കരുതുന്നു. വിസ്മയം എന്നൊക്കെ പലരെയും വിശേഷിപ്പിക്കുന്നത് കേൾക്കാറുണ്ട്. ഇവിടെ ഇത് യഥാർഥത്തിൽ ഒരു മഹാവിസ്മയം തന്നെ.
എല്ലാ സംഗീതധാരകളും അവരിൽ ഒത്തുചേരുന്നു. ക്ലാസിക്കൽ സംഗീതത്തിലെ രാഗഭാവങ്ങളും അതിലെ സ്വരശുദ്ധതയും നാടോടിപ്പാട്ടിലെ തനിമയും നിഷ്‌കളങ്കതയും മറ്റു ഗാനങ്ങളിലെ മനുഷ്യഭാവങ്ങളും എല്ലാം ഒരാളിൽ ഒത്തുചേരുന്നു. അങ്ങനെ അത് സമ്പൂർണമാകുന്നു. അവരുടെ ശബ്ദത്തിലൂടെ, ആലാപന സുഭഗതയിലൂടെ സംഗീതസംവിധായകർ പുതിയ ഭൂമിയും പുതിയ ആകാശങ്ങളും കീഴടക്കി. പാട്ടുപാടുക മാത്രമാണ് തന്റെ ദൗത്യം, നിയോഗം എന്നവർ വിശ്വസിച്ചു. വൈകി വന്ന പത്മ പുരസ്‌കാരത്തെ അവർ നിരസിച്ചു. ഇനി പാടുന്നത് അധികപ്പറ്റാവും എന്ന് മനസ്സിലാക്കി താൻ പാട്ട് നിർത്തുകയാണ് എന്ന് പ്രഖ്യാപിച്ചു. എസ് ജാനകി എന്ന മഹാഗായികയുടെ നാദം ഇനിയും ആഹതനാദമായും അനാഹതനാദമായും നമ്മുടെ ഉള്ളിൽ മുഴങ്ങും .










0 comments