ad
Deshabhimani

ദുരന്തത്തിന് രണ്ടാണ്ട്: പുത്തുമലയിലെ ‘ഹൃദയഭൂമി’ ശുചീകരിച്ച് DYFI

DYFI HRIDAYABHOOMI
വെബ് ഡെസ്ക്

Published on Jul 27, 2026, 11:43 AM | 1 min read

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട് തികയുകയാണ്. രണ്ടാം വാർഷികമായ ജൂലൈ 30ന് മുന്നോടിയായി, ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ ‘ഹൃദയഭൂമി’ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് ശുചീകരിച്ചു. വൈറ്റ് ഗാർഡ്, സൂചിപ്പാറ വിഎസ്എസ് പ്രവർത്തകരും ശുചീകരണത്തിൽ പങ്കുചേർന്നു.


ഹൃദയഭൂമിയും പരിസരവും വൃത്തിയാക്കുന്നതിന് നിരവധി സന്നദ്ധപ്രവർത്തകരാണ് എത്തിയത്. കല്ലറകളുടെ പരിസരത്തെ കാടും പാഴ്‌ച്ചെടികളും നീക്കി പ്രദേശം വൃത്തിയാക്കി. ജൂലൈ 30ന് നടക്കുന്ന അനുസ്മരണത്തിനായി ഹൃദയഭൂമിയെ ഒരുക്കുന്നതിനൊപ്പം, ദുരന്തത്തിൽ നഷ്ടപ്പെട്ടവരുടെ ഓർമകൾ സംരക്ഷിക്കുക എന്നതും പ്രവർത്തനത്തിന്റെ ലക്ഷ്യമായിരുന്നു.


2024 ജൂലൈ 30നാണ് നാടിനെയാകെ ഞെട്ടിച്ചുകൊണ്ട് ആ മഹാദുരന്തമുണ്ടായത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല മേഖലകളെ തകർത്ത ഉരുൾപൊട്ടലിൽ മുന്നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തോളം വീടുകൾ തകരുകയും ചെയ്തു. ഉറ്റവരെയും വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ട ഒരു ജനത നിസഹായരായി നോക്കി നിൽക്കുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്.


തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉൾപ്പെടെ പുത്തുമലയിലെ പൊതുഭൂമിയിലാണ് സംസ്കരിച്ചത്. പിന്നീട് ഈ പ്രദേശത്തിന് ‘ഹൃദയഭൂമി’ എന്ന് പേരിട്ടു.


ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകൾമുതൽ രക്ഷാപ്രവർത്തനത്തിലും മൃതദേഹങ്ങൾ കണ്ടെത്തുന്നതിലും ക്യാമ്പുകളുടെ നടത്തിപ്പിലും സന്നദ്ധസംഘടനകൾ സജീവമായിരുന്നു. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങൾ ദുരന്തഭൂമിയിൽ ദിവസങ്ങളോളം രക്ഷാപ്രവർത്തകരോടൊപ്പം നിന്നു. ഭക്ഷണം, വസ്ത്രം, മരുന്ന്, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലും പങ്കാളികളായി.


ദുരന്തബാധിതരെ ക്യാമ്പുകളിൽനിന്ന് വാടകവീടുകളിലേക്ക് മാറ്റൽ, വാടകസഹായം, അടിയന്തര ധനസഹായം, രേഖകൾ പുനഃസ്ഥാപിക്കൽ, വായ്പാബാധ്യതകളിൽ സഹായം തുടങ്ങിയ നടപടികൾ അന്നത്തെ എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. സ്ഥിരം പുനരധിവാസത്തിനായി വീടുകളും അടിസ്ഥാനസൗകര്യങ്ങളും ഉൾപ്പെടുന്ന ടൗൺഷിപ്പ് പദ്ധതിയും ആരംഭിച്ചു.


ദുരന്തബാധിതർക്കായി വീടുകൾ നിർമിക്കുന്ന ‘വി വയനാട്’ പദ്ധതിയാണ് ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്. ചായക്കട ചലഞ്ച് ഉൾപ്പെടെ കേരളമാകെ നടത്തിയ ജനകീയ ധനശേഖരണത്തിലൂടെയാണ് പദ്ധതിക്കുള്ള തുക കണ്ടെത്തിയത്.


രണ്ടുവർഷം പിന്നിടുമ്പോഴും മുണ്ടക്കൈയുടെയും ചൂരൽമലയുടെയും മുറിവുകൾ പൂർണമായി മാഞ്ഞിട്ടില്ല. വീടുകളും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ പുനരധിവാസം പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അതിനിടയിലാണ് നഷ്ടപ്പെട്ടവരുടെ ഓർമകൾ ഉറങ്ങുന്ന മണ്ണ് വൃത്തിയാക്കാൻ ഇവർ വീണ്ടും ഒന്നിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home