ഒടുവിൽ സമ്മതിച്ചു, വിദ്യാര്‍ഥികൾക്ക് നേരെ മാരകമായ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചു; ആരുടെ ഉത്തരവ് എന്നതിന് ഉത്തരമില്ല

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ ജൂലൈ 20 ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികളുടെ നേര്‍ക്ക് മാരകമായ പെല്ലെറ്റ് ഗണ്ണുകൾ ഉപയോഗിച്ചിരുന്നെന്ന് സമ്മതിച്ച് പൊലീസ് സേന. സമാധാനപരമായി പാട്ടും പൂക്കളും പ്ലക്കാഡുകളുമായി സമരം നയിച്ച വിദ്യാര്‍ഥികൾക്ക് നേരെ മാരകമായ ആക്രമണമാണ് നടത്തിയത്.
സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ഥികൾക്കെതിരെ ഉണ്ടായ പൊലീസ് നടപടി മാനദണ്ഡങ്ങൾക്കും ആര്‍ പി എഫ് പരിശീലനത്തിനും അനുസൃതമായിരുന്നില്ലെന്ന സേനാ മേധാവി ഐ ജി സീമ ധുംതിയയുടെ പ്രതികരണം മാധ്യമങ്ങളിലൂടെ പുറത്തെത്തി. സേനയുടെ പതിവ് ആഭ്യന്തര അവലോകന യോഗത്തിലാണ് വിമര്‍ശനം ഉണ്ടായത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ വിദ്യാര്‍ഥികൾക്കെതിരായ അതിക്രമങ്ങളെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്.
പെല്ലറ്റ് ഉപയോഗിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് അവലോകന യോഗം വിലയിരുത്തിയത്. മാനദണ്ഡങ്ങൾ പാലിച്ചുമില്ല. ഇതിനായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ ആരുടെയും രേഖാമൂലമായ ഉത്തരവും ഉണ്ടായിരുന്നില്ല.
സംഭവത്തിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച സാഹചര്യം അന്വേഷിച്ച് സി ആർ പി എഫ് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. പ്രധാന ആക്ഷനുകൾക്ക് ശേഷം നടത്തുന്ന സാധാരണ പരിശോധനകളുടെ (SOP) ഭാഗമായാണ് ഇത്. കുറഞ്ഞത് 4 പേർക്കെങ്കിലും പെല്ലറ്റ് ഏറ്റ് മാരകമായി പരിക്കേറ്റതായി പരാതികൾ ഉയര്‍ന്നിരുന്നു. ഒരു വിദ്യാര്‍ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടമാവുന്ന സാഹചര്യമാണ്. ഈ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാനോ വിവരങ്ങൾ തിരക്കാനോ പൊലീസ് അനുവദിച്ചിരുന്നില്ല. ഇടതുപക്ഷ എംപമാരും നേതാക്കളും കാണാനെത്തിയപ്പോൾ അനുമതി നൽകാതെ തിരിച്ചയക്കുകയായിരുന്നു.
വെടിവെച്ചത് പ്രകോപനമില്ലാതെ
പോലീസുകാരൻ തോക്ക് ചൂണ്ടുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മുതുകിലും കൈമുട്ടിലും പെല്ലറ്റ് ഏറ്റതെന്ന് പരിക്കേറ്റ 25-കാരനായ യുവാവ് പറഞ്ഞിരുന്നു. ചൂടുള്ള ലോഹം ശരീരത്തിൽ തുളച്ചുകയറുന്ന അനുഭവം ഉണ്ടായെന്നും വ്യക്തമാക്കി. വലിയ കലാപങ്ങൾ ഉണ്ടാവുമ്പോൾ മാത്രം പ്രയോഗിക്കാൻ അനുമതിയുള്ള ആയുധമാണ്. വെടിച്ചീളുകൾ നാലുപാടും ചിതറിക്കയാണ് ചെയ്യുന്നത്. ശരീരത്തിന്റെ ആന്തരിക അവയവങ്ങളിൽ വരെ തുളച്ചു കയറി പരിക്കുകൾ സൃഷ്ടിക്കും. പുറത്തെടുക്കാവാതെ ജീവിത കാലം മുഴുവൻ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം ആയുധങ്ങൾ ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നതിനെതിരെ യു എൻ ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ തുടര്‍ച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ആരുടെ ഉത്തരവ്
എന്നതിന് ഉത്തരമില്ല
ജന്തര്‍മന്തറിലെ സേനാ വിന്യാസവും ആയുധ പ്രയോഗവും തലപ്പത്തെ ഉദ്യോഗസ്ഥരെ അറിയിച്ചായിരുന്നില്ല. പുറത്തു നിന്ന് ആരുടെയോ രാഷ്ട്രീയ നിര്‍ദ്ദേശങ്ങൾക്ക് വഴങ്ങി എന്നു തോന്നിപ്പിക്കുന്ന വിധമായിരുന്നു. അവലോകന യോഗത്തിൽ ഐജിയുടെ പരാമര്‍ശത്തിൽ ഇത് പ്രത്യേകം വ്യക്തമാവുന്നു. നടപടിക്ക് മുൻപ് സേനാ വിന്യാസം പ്രതിരോധ രീതി തുടങ്ങിയ വിവരങ്ങൾ ആസ്ഥാനത്ത് അറിയിച്ചിരുന്നില്ലെന്നാണ് ഐജി അവലോകന യോഗത്തിൽ പ്രതികരിച്ചിരിക്കുന്നത്.
Related News
കോണാട്ട് പ്ലേസ് മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 1 റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് 7 റൗണ്ടുകൾ വെടിവെച്ചതായി സി ആർ പി എഫ് നടത്തിയ ആഭ്യന്തര അന്വേഷണ കണ്ടെത്തിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതി സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാരിനോടും ഡൽഹി പോലീസിനോടും വിശദീകരണം തേടുകയും അന്നത്തെ മുഴുവൻ വീഡിയോ ദൃശ്യങ്ങളും സൂക്ഷിച്ചുവെക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.










0 comments