റഷ്യ-ഉക്രെയ്ൻ അതിർത്തികളിൽ വ്യോമാക്രമണം: മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

റഷ്യ-ഉക്രെയ്ൻ അതിർത്തികളിൽ നടന്ന വ്യോമാക്രമണം| Photo: AP
മോസ്കോ/കീവ് : റഷ്യ - ഉക്രെയ്ൻ അതിർത്തി നഗരങ്ങളിൽ വീണ്ടും ശക്തമായ വ്യോമാക്രമണം. ഇരു രാജ്യങ്ങളിലുമായി മൂന്ന് പേർ കൊല്ലപ്പെട്ടു, 24 പേർക്ക് പരിക്കേറ്റു. റഷ്യൻ നഗരങ്ങളായ റോസ്റ്റോവ്-ഓൺ-ഡണിലും ബെൽഗൊറോഡിലും ഉക്രെയ്ൻ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. അസോവ് കടലിന് സമീപമുള്ള പ്രധാന കയറ്റുമതി കേന്ദ്രമായ റോസ്റ്റോവ്-ഓൺ-ഡണിൽ ഒരു കുടുംബത്തിലെ ദമ്പതികളാണ് കൊല്ലപ്പെട്ടത്.
ഇവിടെ പരിക്കേറ്റ അഞ്ച് പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് സംഭരണശാലകൾ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ തീപിടുത്തമുണ്ടാവുകയും കെട്ടിടത്തിന്റെ ജനലുകൾ തകരുകയും ചെയ്തു. ബെൽഗൊറോഡിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഉക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെക്കൻ ഉക്രെയ്നിയൻ നഗരമായ സപ്പോറിഷ്യയിൽ ഗൈഡഡ് വ്യോമ ബോംബും ഡ്രോണും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതും രണ്ടുപേർക്ക് പരിക്കേറ്റതും. വടക്കൻ ഉക്രെയ്നിലെ സുമി മേഖലയിലുണ്ടായ ഗൈഡഡ് ബോംബാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ഉക്രെയ്ൻ വ്യക്തമാക്കി. സാധാരണക്കാരെ ലക്ഷ്യമിട്ടല്ല ആക്രമണമെന്ന് ഇരു രാജ്യങ്ങളും അവകാശപ്പെട്ടു.










0 comments