സൗദി മലയാളി സമാജം സാഹിതീയം പുസ്‌തകചർച്ച

സൗദി മലയാളി സമാജം സാഹിതീയം പുസ്‌തകചർച്ചയിൽ പങ്കെടുത്തവർ
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്‌തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. കാലാതീതമായി വായനക്കാരുടെ മനസ്സിൽ നിലനിൽക്കുന്ന എം ടിയുടെ ‘മഞ്ഞ്’, 2025ലെ വയലാർ അവാർഡ് നേടിയ ഇ സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്നിവയാണ് സാഹിതീയം വേദിയിൽ ചർച്ച ചെയ്തത്.
മുതിർന്ന മാധ്യമപ്രവർത്തകൻ പി ടി അലവി ഉദ്ഘാടനം ചെയ്തു. സമാജം ദേശീയാധ്യക്ഷനും എഴുത്തുകാരനുമായ മാലിക് മഖ്ബൂൽ മഞ്ഞും ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപിക ഗായത്രി ബിജു തപോമയിയുടെ അച്ഛനും അവതരിപ്പിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി.
പ്രണയത്തിനും വിരഹത്തിനുമൊപ്പം പച്ചയായ മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയും വരച്ചുകാണിക്കുന്ന മനോഹരമായ കൃതിയാണ് മഞ്ഞ്. കാത്തിരിപ്പുകൾക്ക് പോലും സൗന്ദര്യമുണ്ടെന്ന് എം ടി മഞ്ഞിലൂടെ വരച്ചിടുന്നതായി മാലിക് പറഞ്ഞു. ദശകങ്ങളായി അഭയാര്‍ഥി പ്രവാഹങ്ങളിലലിഞ്ഞുചേർന്ന് നിൽക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മികച്ച നോവലാണ് തപോമയിയുടെ അച്ഛൻ. ജീവിത ഉൾക്കാഴ്ചകളിലേക്ക് വായനക്കാരെ എത്തിക്കുന്ന രചനയുടെ ഇന്ദ്രജാലമാണ് പുസ്‌തകത്തിലുള്ളതെന്നും ഗായത്രി ബിജു പറഞ്ഞു.
ഷാജി മതിലകം, ഷബീർ ചാത്തമംഗലം, ഷബ്‌ന നജീബ്, അനിൽ റഹീമ, മുസ്‌തഫ കണ്ണൂർ, ലുഖ്മാൻ വിളത്തൂർ, നജ്മുസ്‌മാൻ നിലമ്പൂർ, ആബിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റഹൂഫ് ചാവക്കാട് മോഡറേറ്ററായി. ലീന ഉണ്ണികൃഷ്ണൻ സ്വാഗതവും നജ്മുസ്‌മാൻ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.









0 comments