സാമ്രാജ്യത്വനയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ കപട ദേശീയത ഉയർത്തുന്നു: പ്രൊഫ. എം എം നാരായണൻ

റിയാദ്: സാമ്രാജ്യത്വനയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ കപട ദേശീയത ഉയർത്തിപ്പിടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രൊഫ. എം എം നാരായണൻ. ഭരണാധികാരികളെ ജനം തെരഞ്ഞെടുക്കുന്നതിന് പകരം തെരഞ്ഞെടുക്കാൻ അവകാശമുള്ള വോട്ടർമാരെ ഭരണാധികാരികൾ തീരുമാനിക്കുന്ന അവസ്ഥയാണ് എസ്ഐആർ മുഖേന സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേളി കലാസാംസ്‌കാരിക വേദിയുടെ 12–ാം കേന്ദ്ര സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ തേടി പ്രവാസം സ്വീകരിച്ചവരായിരുന്നു മുൻകാലത്ത്. ഇപ്പോൾ സ്വസ്ഥജീവിതം തേടിയാണ് പോകുന്നത്. അതിനാൽ നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്ന പ്രവണത വർധിക്കുന്നു. പ്രവാസികളെ ഉൾക്കൊള്ളുന്നതിൽ പല രാഷ്ട്രങ്ങളും വിമുഖത കാണിക്കുന്നുണ്ട്. പ്രവാസികളിൽനിന്നുള്ള വരുമാന ഉറവ വറ്റാൻ സാധ്യതയുണ്ടെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവും സംഘവും ആലപിച്ച സ്വാഗതഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ സമ്മേളനത്തിൽ പ്രഖ്യാപിച്ച ഭവന നിർമാണ പദ്ധതിയുടെ ഫണ്ട് സുനിൽ ഉദിനൂക്കാരനും ഇസ്‌മായിൽ കൊടിഞ്ഞിക്കും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി.
രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, കുടുംബവേദി സെക്രട്ടറി വി കെ ഷഹീബ, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ, റെഡ് സ്റ്റാർ സെക്രട്ടറി റിയാസ് പള്ളാട്ട്, ഗൾഫ് ദേശാഭിമാനി റിയാദ് റിപ്പോർട്ടർ ഷമീർ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.










0 comments