ഫാർമസികളിലെ സ്വദേശിവത്കരണം: ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

Image: Gemini AI
മസ്‌കത്ത്: ഒമാനിലെ ഫാർമസി മേഖലകളിലെ സ്വദേശിവത്കരണ നടപടികൾ ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടത്തിന് വഴിയൊരുക്കുമെന്ന് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളുടെ തൊഴിലിനെ ഉത്തരവ് നേരിട്ട് ബാധിക്കും. ആശുപത്രികളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫാർമസികളിലെ ഫാർമസിസ്റ്റുകളും അവരുടെ സഹായികളും സ്വദേശികളായിരിക്കണമെന്ന് നിർദേശിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറക്കിയത്.
നിർദ്ദേശം സമയബന്ധിതമായി പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥാപനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. അടുത്ത നാളുകളിൽ തന്നെ സർക്കുലർ പ്രകാരമുള്ള നടപടികളിലേക്ക് ഫാർമസി സ്ഥാപനങ്ങൾ മുന്നോട്ട് വരും. ഈ ഘട്ടത്തിൽ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളുടെ തൊഴിലിനെ ഉത്തരവ് നേരിട്ട് ബാധിക്കും. ആശുപത്രികളിലും മാളുകളിലും പ്രവർത്തിക്കുന്ന ഫാർമസികളിൽ ജോലിചെയ്യുന്നവരിൽ വലിയ ശതമാനവും മലയാളികളാണ്. ഇതിൽത്തന്നെ നിരവധി സ്ത്രീകളുമുണ്ട്. നിലവിൽ ഈ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ ലൈസൻസുകൾ ഇനി പുതുക്കില്ല.
ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് വർധിച്ചതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ ഡോക്ടർമാരുടെ അനുപാതത്തിലും മാറ്റമുണ്ടായി. മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചതായും സർക്കാർ മേഖലയിൽ സ്വദേശിവത്കരണം 72 ശതമാനമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യ മന്ത്രാലയം, ദിവാൻ ഓഫ് റോയൽ കോർട്ട്, റോയൽ ഒമാൻ പോലീസ്, സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി, പെട്രോളിയം ഡവലപ്‌മെന്റ് ഒമാൻ എന്നിവയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെ പൊതുമേഖലാ ജീവനക്കാരായാണ് പരിഗണിക്കുന്നത്. തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി സ്‌പെഷ്യലൈസേഷനുകളിൽ ആരോഗ്യ ബിരുദ ധാരികൾക്ക് പരിശീലനം നൽകുന്നുണ്ട്.
സ്വദേശികളായ ദന്ത ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, മെഡിക്കൽ കോഡർമാർ എന്നിവർക്ക് നിയമനം നൽകുന്നതിന് ആരോഗ്യ മന്ത്രാലയം പ്രത്യേകം പദ്ധതികളും നടത്തിവരുന്നുണ്ട്. മെഡിക്കൽ മേഖലയിലെ തൊഴിൽ ആവശ്യകതകൾ വിലയിരുത്തി സ്വദേശികൾക്ക് സുസ്ഥിരമായ തൊഴിൽ ഉറപ്പാക്കുകയാണ് മന്ത്രാലയം ചെയ്യുന്നത്.









0 comments