പോയറ്റിക് ഹാർട്ട് കാവ്യസമ്മേളനത്തിൽ തിളങ്ങി മലയാളി വിദ്യാർഥിനി

ദുബായ്: 14ാമത് പോയിറ്റിക്ക് ഹാർട്ട്' കാവ്യ സമ്മേളനത്തിൽ തിളങ്ങി മലയാളി വിദ്യാർഥിനി തഹാനി ഹാഷിർ. ദുബായ് എമിറേറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസിൽ നടന്ന കാവ്യ സമ്മേളനത്തിൽ വിവിധ രാജ്യക്കാരായ 11 കവികൾക്കൊപ്പമാണ് 16 കാരിയായ തഹാനിയും തന്റെ കവിതകൾ അവതരിപ്പിച്ചത്. കാവ്യസമ്മേളനത്തിൽ ഇതുവരെ പങ്കെടുത്തതിൽ ഏറ്റവും പ്രായം കുറഞ്ഞ കവയത്രിയാണ് തഹാനി ഹാഷിർ.
ചെറുപ്രായത്തിൽ തന്നെ കവിതകൾ എഴുതിത്തുടങ്ങിയ തഹാനി ഇതിനോടകം മൂന്ന് കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2018 ൽ പത്താം വയസ്സിലായിരുന്നു തഹാനിയുടെ ആദ്യപുസ്തകം പുറത്തിറങ്ങിയത്. ഷാർജ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിർ.
ദുബായ് നോളജ് വില്ലേജ്, ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റി എന്നിവയുടെ സഹകരണത്തോടെ സോക്ക ഗക്കായ് ഇന്റർനാഷണൽ ഗൾഫ് (എസ്.ജി.ഐ ഗൾഫ്) ആണ് പോയറ്റിക് ഹാർട്ട് സംഘടിപ്പിക്കുന്നത്. 2012 മുതൽ വർഷംതോറും സംഘടിപ്പിച്ചുവരുന്ന പോയറ്റിക് ഹാർട്ടിൽ ഇതുവരെ 90 കവികളാണ് പങ്കെടുത്തിട്ടുള്ളത്.








0 comments