തെരഞ്ഞെടുത്ത രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ; മാധ്യമ പ്രചാരണം നിഷേധിച്ച് യുഎഇ

PHOTO CREDIT: X
ദുബായ്: തെരഞ്ഞെടുത്ത ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിക്കുമെന്ന മാധ്യമ പ്രചാരണങ്ങൾ നിഷേധിച്ച് യുഎഇ. ചില പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. എല്ലാ ഗോൾഡൻ വിസ അപേക്ഷകളും ഔദ്യോഗിക സർക്കാർ ചാനലുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. അപേക്ഷകളിൽ നടപടി എടുക്കാൻ മൂന്നാം കക്ഷികൾക്ക് അധികാരമില്ലെന്നും അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി.
യുഎഇയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നവരിൽനിന്ന് നിയമവിരുദ്ധമായി പണം ശേഖരിക്കാനുള്ള ശ്രമമാകാം ഇത്. അന്തസ്സുള്ളതും സുരക്ഷിതവുമായ ജീവിതത്തിനുള്ള ആളുകളുടെ പ്രതീക്ഷകളെ ചൂഷണം ചെയ്യാനായി ഇത്തരം തെറ്റായ വിവരം പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഗോൾഡൻ വിസയ്ക്കുള്ള വ്യവസ്ഥയും നിയന്ത്രണവും അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ സ്‌മാർട്ട് ആപ്ലിക്കേഷനിലോ വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
വേഗത്തിൽ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കിംവദന്തികൾക്കും തെറ്റായ വാർത്തകൾക്കും "മറുപടി നൽകുന്നതിൽനിന്ന് വിട്ടുനിൽക്കണം. സേവനം നൽകുന്നുവെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും കക്ഷിക്ക് ഫീസ് അടയ്ക്കുകയോ വ്യക്തിഗത രേഖ സമർപ്പിക്കുന്നതോ ഒഴിവാക്കണമെന്നും അതോറിറ്റി അറിയിച്ചു. സ്വകാര്യ ഗ്രൂപ്പിന്റെ ഏജൻസികൾ വഴി പരിമിതമായ സമയത്തേക്ക് ഒരുലക്ഷം ദിർഹത്തിന്റെ ഒറ്റത്തവണ നിരക്കിൽ ഇന്ത്യക്കാർക്കും ബംഗ്ലാദേശികൾക്കും യുഎഇ ആജീവനാന്ത, നാമനിർദേശ അധിഷ്ഠിത ഗോൾഡൻ വിസ വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന് നിരവധി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.











0 comments