വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തവരെ ക്ഷേമപദ്ധതികളിൽനിന്ന് ഒഴിവാക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി: വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യപ്പെടുന്നവരെ പൊതുവിതരണ സംവിധാനം ഉൾപ്പെടെയുള്ള സർക്കാരിന്റെ ക്ഷേമപദ്ധതികളിൽനിന്ന് ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസയച്ചു.
പശ്ചിമബംഗാളിലെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (എസ്‌ഐആർ) നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവർ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യുന്നത് ഓട്ടോമാറ്റിക്കായി മറ്റ് ക്ഷേമ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിലേക്ക് നയിക്കരുതെന്ന് ഹർജിക്കാരൻ വാദിച്ചു. അപ്പീലുകൾ തീർപ്പാക്കുന്നതിന് മുമ്പ് തന്നെ ഇത്തരക്കാർക്ക് റേഷൻ, അന്നപൂർണ്ണ പദ്ധതികൾ, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ നിഷേധിക്കപ്പെടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ 34 ലക്ഷത്തോളം അപ്പീലുകൾ കെട്ടിക്കിടക്കുമ്പോൾ ചുരുക്കം ചിലത് മാത്രമാണ് തീരുമാനിക്കപ്പെട്ടിട്ടുള്ളത്. ട്രൈബ്യൂണലുകളുടെ പ്രവർത്തനം സുതാര്യമാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടവകാശത്തെക്കുറിച്ച് തീരുമാനമെടുക്കാൻ അധികാരമുണ്ടെങ്കിലും പൗരത്വത്തെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ ബിഹാർ എസ്ഐആർ കേസിലെ വിധി കോടതി ഓർമ്മിപ്പിച്ചു.
വോട്ടർ പട്ടികയിലെ പേര് നീക്കം ചെയ്യൽ പൗരത്വത്തെ ബാധിക്കുന്ന വിഷയമല്ലെന്നും, ഇത്തരം കാര്യങ്ങൾ പൗരത്വ നിയമപ്രകാരം മന്ത്രാലയത്തിന് റഫർ ചെയ്യണമെന്നും കോടതി ആവർത്തിച്ചു. ക്ഷേമപദ്ധതികളിൽനിന്ന് ജനങ്ങളെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയം ജൂലൈ 25-നകം വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.











0 comments