തൊട്ടടുത്തുണ്ടായിട്ടും 'മൈൻഡ്' ചെയ്തില്ല; അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ വി ഡി സതീശൻ

കൊച്ചി: ഗവൺമെന്റ് പ്ലീഡർ നിയമനത്തെച്ചൊല്ലിയുള്ള കെഎസ്‌യു–മുഖ്യമന്ത്രി പോര് രൂക്ഷമായിരിക്കെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. തേവര എസ്‌എച്ച് കോളേജിൽ നടന്ന ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റിലാണ് സംഭവം.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കടന്നുവരുമ്പോൾ മുൻനിരയിൽ അലോഷ്യസ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ വരവേൽക്കാൻ കാത്തുനിന്നെങ്കിലും സതീശൻ അലോഷ്യസിന്റെ മുഖത്തേക്ക് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അലോഷ്യസിനെ അവഗണിച്ച് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ആർഎസ്എസ് ബന്ധത്തെ കെഎസ്‌യു ചോദ്യംചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും സംഘടനാ നേതൃത്വവും തമ്മിലുള്ള ഭിന്നത പരസ്യമായത്. “തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നത്? കെഎസ്‌യുവിന് ഇതിൽ ഒരു കാര്യവുമില്ല” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ അലോഷ്യസ് നേരത്തെ തുറന്നടിച്ചിരുന്നു. പ്ലീഡർ നിയമനത്തിൽ ആശങ്ക അറിയിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച അദ്ദേഹം, കഴിഞ്ഞ പത്തുവർഷം കേരളത്തിന്റെ തെരുവുകളിൽ സമരംചെയ്ത പ്രവർത്തകരുടെ വികാരം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ നേരിട്ട് സംസാരിക്കാൻ സമയം തേടിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അനുമതി ലഭിച്ചിരുന്നില്ലെന്നാണ് വിവരം.
ഇതിനിടെയാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് സമയം നൽകാത്തതിനു പിന്നാലെ നേരിൽ കണ്ടപ്പോഴും മുഖ്യമന്ത്രി സംസാരിക്കാതെ കടന്നുപോയത് കോൺഗ്രസിലെയും കെഎസ്‌യുവിലെയും ഭിന്നത കൂടുതൽ പ്രകടമാക്കിയിരിക്കുകയാണ്.
സജീവ ആർഎസ്എസ് ബന്ധമുള്ളയാളെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെയാണ് കെഎസ്‌യു വിമർശനം ഉയർത്തിയത്. മാവേലിക്കര തഴക്കര സ്വദേശിയായ ഡി എസ് ശരത്തിനെ ജൂലൈ എട്ടിന് പുറത്തിറക്കിയ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ എബിവിപി നേതാവായിരുന്ന ഇയാൾ ആർഎസ്എസുകാർ പ്രതികളായ കേസുകളിൽ ഹാജരായിട്ടുണ്ടെന്നാണ് കെഎസ്‌യുവിന്റെയും കോൺഗ്രസ് അഭിഭാഷക സംഘടനയിലെ ഒരു വിഭാഗത്തിന്റെയും ആരോപണം.
അതേസമയം, ഹിന്ദു ഐക്യവേദി നേതാക്കളായ കെ പി ശശികലയ്ക്കും ആർ വി ബാബുവിനും കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയ മുഖ്യമന്ത്രി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനും കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനും അവസരം നൽകിയില്ലെന്ന വിമർശനവും ശക്തമാണ്.










0 comments