കുവൈത്തിൽ പുതിയ വിസ പോർട്ടൽ ആരംഭിച്ചു

kuwait visa
വെബ് ഡെസ്ക്

Published on Jul 19, 2025, 07:29 PM | 1 min read

കുവൈത്ത് സിറ്റി: നാലുതരം വിസക്കാർക്കായി പുതിയ ഓൺലൈൻ വിസ പോർട്ടൽ ആരംഭിച്ച്‌ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിനോദ സഞ്ചാരം, കുടുംബ സന്ദർശനം, വ്യാപാരം, സർക്കാർ സന്ദർശന വിസ എന്നിവയ്ക്കായാണ്‌ പുതിയ പോർട്ടൽ. kuwaitvisa.moi.gov.kw എന്ന ലിങ്കിലൂടെ പുതിയ സേവനം ലഭ്യമാകും. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരം ആക്ടിങ്‌ അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.


വിനോദസഞ്ചാര വിസയ്ക്ക് 90 ദിവസവും മറ്റുള്ള വിസകൾക്ക് പരമാവധി 30 ദിവസവുമായിരിക്കും കാലാവധി. ഓരോ വിഭാഗത്തിനും പ്രത്യേകം രേഖകളും അപേക്ഷ നിബന്ധനകളുമുണ്ടാകും. സേവനം മുഴുവനും ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയാണ്. അപേക്ഷ സമർപ്പിക്കൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യൽ, ഫീസ് അടയ്ക്കൽ, അപേക്ഷയുടെ നില പരിശോധിക്കൽ തുടങ്ങി എല്ലാ ഘട്ടങ്ങളും ഓൺലൈനായി നടത്താം. ഓരോ അപേക്ഷയും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. വിസ നിബന്ധനകൾ ലംഘിക്കുന്നവർക്ക് കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


കുവൈത്തിലെ വിനോദ സഞ്ചാര രംഗത്തെ വികസിപ്പിക്കാനും വ്യാപാര നിക്ഷേപങ്ങളെ ആകർഷിക്കാനുമാണ് പുതിയ പോർട്ടൽ ലക്ഷ്യമിടുന്നത്. കുടുംബാംഗങ്ങളെ സന്ദർശിക്കാനുള്ള സൗകര്യം വർധിപ്പിക്കുന്നതും സർക്കാർ ബന്ധങ്ങൾ ശക്തമാക്കുന്നതും ഇതുവഴി സാധ്യമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു. ജിസിസി രാജ്യങ്ങളുമായി ചേർന്ന് ‘ഗ്രാൻഡ് ടൂർ വിസ’ എന്ന സംയുക്ത പദ്ധതി ഉടൻ അവതരിപ്പിക്കാനുള്ള നീക്കവും പ്രാരംഭഘട്ടത്തിലാണ്.


ഇനി കുവൈത്ത് സന്ദർശിക്കേണ്ട വിദേശികൾക്ക് എംബസികളിലേക്കായി നേരിട്ട് എത്തേണ്ടതില്ലെന്ന സവിശേഷതയുണ്ട്‌. പുതിയ പോർട്ടൽ വഴി പാസ്‌പോർട്ട്, ഫോട്ടോ, യാത്രാ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിങ്‌/ സ്‌പോൺസർ വിവരങ്ങൾ എന്നിവ സഹിതം വീട്ടിൽനിന്ന് അപേക്ഷ സമർപ്പിക്കാം. കുവൈത്തിന്റെ ഈ പുതിയ ഡിജിറ്റൽ വിസ സംവിധാനം ഗൾഫ് മേഖലയിലെ വിനോദസഞ്ചാരവും വ്യാപാരവും കൂടുതൽ സജീവമാക്കുമെന്നും പ്രതീക്ഷിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home