പുതിയ നിയമം ഫലം കണ്ടു; കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ 33 ശതമാനം കുറവ്

പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: ഗാർഹിക പീഡനത്തിനെതിരായ പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യത്ത് ഇത്തരം കേസുകളിൽ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കുവൈത്ത് നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത് അറിയിച്ചു. നിയമം നടപ്പാക്കിയതിന്റെ ആദ്യ മൂന്ന് മാസത്തെ കണക്കുകളിലാണ് മാറ്റം പ്രകടമായത്.
നീതിന്യായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത 486 കേസുകൾ ഇത്തവണ 328 ആയി കുറഞ്ഞു. ആകെ 158 കേസുകളുടെ കുറവാണ് ഉണ്ടായത്. കുടുംബ സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിയമനടപടികളുടെ ദുരുപയോഗം തടയുന്നതിനും പുതിയ നിയമം ഫലപ്രദമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഗാർഹിക പീഡന പരാതികൾ സ്വീകരിക്കുന്നതിലും അന്വേഷിക്കുന്നതിലും വ്യക്തമായ നടപടിക്രമങ്ങൾ പുതിയ നിയമം ഉറപ്പാക്കുന്നുണ്ട്. സാധാരണ തർക്കങ്ങളിൽ ഒത്തുതീർപ്പിന് അവസരമുണ്ടെങ്കിലും ലൈംഗികാതിക്രമം, കുട്ടികൾക്കും മാതാപിതാക്കൾക്കും എതിരെയുള്ള അതിക്രമങ്ങൾ, പ്രത്യേക സംരക്ഷണം ആവശ്യമുള്ളവർക്കെതിരായ പീഡനം തുടങ്ങിയ ഗുരുതര കേസുകളിൽ ഒത്തുതീർപ്പോ പരാതി പിൻവലിക്കലോ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേസുകളുടെ എണ്ണം കുറഞ്ഞത് ഇരകൾക്ക് സംരക്ഷണം ലഭിക്കാത്തത് കൊണ്ടല്ല, മറിച്ച് യഥാർത്ഥ കേസുകൾക്ക് കൃത്യമായ നിയമപരിരക്ഷ ഉറപ്പാക്കുകയും വ്യാജ പരാതികൾ നിയന്ത്രിക്കുകയും ചെയ്തതിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഗാർഹിക പീഡന പ്രതിരോധത്തിനായി രൂപവത്കരിച്ച ദേശീയ പദ്ധതിയുടെ ഭാഗമായി നിയമത്തിന്റെ ഫലപ്രാപ്തി തുടർച്ചയായി വിലയിരുത്തുമെന്നും കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
31 വകുപ്പുകൾ ഉൾക്കൊള്ളുന്ന ഗാർഹിക പീഡന സംരക്ഷണ നിയമത്തിന് ഈ വർഷമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിൽ വരികയായിരുന്നു. കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായി സംരക്ഷിക്കുകയും കുടുംബാംഗങ്ങളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുകയുമാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.










0 comments