ഖരീഫ് സീസൺ: ഒരുക്കം പൂർത്തിയായെന്ന് ഒമാൻ പൊലീസ്

മസ്‌കത്ത് : ഖരീഫ് സീസണിൽ ഉണ്ടാകാൻ സാധ്യതയുള്ള വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ദോഫാർ ഗവർണറേറ്റിൽ ഒരുക്കം പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനും സേവനം ലഭ്യമാക്കാനും സേനയുടെ സാന്നിധ്യം മുഴുവൻ സമയവും ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ബന്ധപ്പെട്ട വിഭാഗങ്ങളുമായെല്ലാം നിരവധി തവണ ചർച്ച നടത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് സുരക്ഷാ മുൻകരുതൽ ഉറപ്പുവരുത്തിയതായും പൊലീസ് വ്യക്തമാക്കി.
പാതയോരങ്ങളിൽ സുരക്ഷാ കേന്ദ്രങ്ങൾ ഉൾപ്പടെ നിരവധി നടപടികൾ പൂർത്തിയാക്കി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്റെ സേവനം എല്ലായിടങ്ങളിലും ലഭ്യമാക്കി. അടിയന്തര സഹായത്തിനായി ബന്ധപ്പെടാവുന്ന നമ്പറും നൽകി. പൊതുജനങ്ങൾക്ക് 9999 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും പൊലീസ്, ആംബുലൻസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ സേവനം ബന്ധപ്പെടാനാകും. അനായാസമായും വേഗത്തിലും സേവനം ഉപയോഗിക്കാനായി ക്യുആർ കോഡും തയ്യാറാക്കിയിട്ടുണ്ട്.
ദോഫാറിലേക്കുള്ള യാത്രയിലും ഗവർണറേറ്റിലും വാഹനമോടിക്കുന്നവർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കണം. അമിത വേഗത അപകടം ക്ഷണിച്ചുവരുത്തും. വിൻഡ് ഷീൽഡിന്റെ അകത്തും പുറത്തും പൊടിപടലം അടിയുന്നത് കാഴ്ചയെ തടസ്സപ്പെടുത്തും. ഇവ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഹെഡ്‌ലൈറ്റും ടെയിൽലൈറ്റും പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കണം. സൂര്യാസ്‌തമയത്തിന് ഒരു മണിക്കൂർ മുമ്പുതന്നെ ഹെഡ് ലൈറ്റ് പ്രവർത്തിപ്പിക്കണം. രാത്രി കാർ പെട്ടെന്ന് നിർത്തുകയാണെങ്കിൽ റോഡിന്റെ വശങ്ങളിൽ നിർത്തണം. ഹസാർഡ് ഉൾപ്പെടെ എല്ലാ ലൈറ്റും പ്രവർത്തിപ്പിക്കണം.
യാത്ര ആരംഭിക്കുംമുമ്പ് കാറിലെ കണ്ണാടി ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കണം. പരമാവധി കാഴ്ച ലഭിക്കാൻ ഗ്ലാസിൽനിന്ന് നീരാവി നീക്കം ചെയ്യാനായി വെന്റിലേഷനും ഗ്ലാസ് വൃത്തിയാക്കുന്ന വൈപ്പറും ഉപയോഗിക്കണം. ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ വിൻഡോ തുറന്നിടണം. ഇത് എതിരെ വരുന്ന വാഹനത്തിന്റെ ശബ്‌ദം കേൾക്കാൻ സഹായിക്കുമെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കി.









0 comments