ഖരീഫ് സീസൺ; അതീൻ സ്‌ക്വയർ പരിപാടികൾ തുടങ്ങി

മസ്‌കത്ത് : ഖരീഫ് സീസണിന്റെ ഭാഗമായി ദോഫാർ മുനിസിപ്പാലിറ്റി സലാലയിൽ സംഘടിപ്പിക്കുന്ന ‘അതീൻ സ്‌ക്വയർ' പരിപാടികൾ തുടങ്ങി. പൗരന്മാരെയും താമസക്കാരെയും ഗവർണറേറ്റിലേക്കുള്ള സന്ദർശകരെയും ആകർഷിക്കുന്ന വിനോദ സാംസ്‌കാരിക കേന്ദ്രമായ സ്‌ക്വയർ ആഗസ്‌ത് 31 വരെ പ്രവർത്തിക്കും. സംയോജിത ഷോപ്പിങ് ഏരിയ, ഓപ്പൺ തിയറ്റർ, ആധുനിക ഗെയിമിങ് ഏരിയ, നവീകരിച്ച ലൈറ്റിങ്, ലേസർ ഷോ എന്നിവ സംയോജിപ്പിച്ചാണ് സ്‌ക്വയർ ഒരുക്കിയത്.
പരിസ്ഥിതി സൗഹൃദ വെടിക്കെട്ട് പ്രദർശനങ്ങളും നൂതനമായ ദൃശ്യാവിഷ്‌കാരവും ഉപയോഗിച്ച് അതീൻ സമതലത്തിന്റെ ആകാശത്തെ പ്രകാശിപ്പിക്കുന്ന ഡ്രോൺ ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. ബഹിരാകാശ വസ്ത്രങ്ങളും സംവേദനാത്മക ലൈറ്റുകളും അവതരിപ്പിക്കുന്ന "ഗാലക്സി’ ഷോ, അക്രോബാറ്റിക് ചലനങ്ങളും ആവേശകരമായ കായിക പ്രകടനവും സംയോജിപ്പിക്കുന്ന "ഗോട്ട് ടാലന്റ്’ ക്രൂ ഷോ എന്നിവയും ഇവിടെയുണ്ട്. 20 ഇമോജി അവതരിപ്പിക്കുന്ന "ഇമോജി ഷോ’, മെക്‌സികൻ ലാറ്റിൻ ബാൻഡ്, അർജോള ബാൻഡ് തുടങ്ങിയ അന്താരാഷ്ട്ര കലാസംഘങ്ങളെ അവതരിപ്പിക്കുന്ന ഷാഡോ, ഫാന്റസി ഷോയും നടക്കും.
യുനെസ്‌കോ സംഘടിപ്പിക്കുന്ന നാടോടി പ്രകടനങ്ങൾ വൈവിധ്യമാർന്ന അന്താരാഷ്ട്ര സാംസ്‌കാരിക പങ്കാളിത്തം അവതരിപ്പിക്കുന്നു. യൂറോപ്യൻ ബാൻഡുകൾ അവതരിപ്പിക്കുന്ന "മ്യൂസിക് കാർണിവൽ’, ഓറിയന്റൽ സംഗീത പ്രകടനങ്ങളുമായി റഷ്യൻ ബാൻഡുകൾ അവതരിപ്പിക്കുന്ന "യൂറോപ്യൻ കാർണിവൽ’, വനിതാ നൃത്തസംഘം അവതരിപ്പിക്കുന്ന "പീറ്റർ കാർണിവൽ’, "ഹോട്ട് എയർ ബലൂൺ കാർണിവൽ’ എന്നിവയും കാർണിവലിൽ ഉൾപ്പെടുന്നു. ‘ഭൂതകാലത്തിന്റെ തിരിച്ചുവരവ്' എന്ന പ്രമേയത്തിൽ പരമ്പരാഗത ഒമാനി ജീവിതത്തിന്റെ വശങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ ഇത്തവണ അവതരിപ്പിക്കും.









0 comments