കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ- വിസ സംവിധാനം ആരംഭിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് പൗരർക്കായി ഇന്ത്യ ഇ- വിസ പദ്ധതി ആരംഭിച്ചു. 2025 ജൂലൈ 13 മുതൽ പ്രാബല്യത്തിൽ വരുന്ന ഇ-വിസ പദ്ധതി ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്/വെൽനെസ് കോൺഫറൻസ് എന്നിവ ഉൾപ്പടെ അഞ്ചു പ്രധാന വിഭാഗങ്ങളിലായി ലഭ്യമാകും. വിനോദസഞ്ചാര ഇ-വിസ അഞ്ചു വർഷം വരെ കാലാവധിയുള്ളതായിരിക്കും. ബിസിനസ് വിസയ്ക്ക് ഒരു വർഷം. മെഡിക്കൽ, മെഡിക്കൽ അറ്റൻഡന്റ്, കോൺഫറൻസ് വിസകൾ കുറച്ചുകാലത്തേക്കാണ് അനുവദിക്കപ്പെടുക.
പൂർണമായും ഡിജിറ്റലായ സംവിധാനം വിസാ അപേക്ഷാ പ്രക്രിയയെ തികച്ചും ലളിതമാക്കുന്നു. വിസാ ആപ്ലിക്കേഷൻ സെന്ററുകൾ സന്ദർശിക്കേണ്ടതില്ല. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാം, ഫീസ് അടയ്ക്കാം, അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ വിമാനത്താവളത്തിൽ എത്തിയതിന് ശേഷം ബയോമെട്രിക് പരിശോധന നടക്കും, അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് 80 ഡോളറും, കുറവ് കാലത്തേക്കുള്ള വിസകൾക്ക് 40 ഡോളറിൽ തുടങ്ങിയുമാണ് നിരക്കുകൾ. ഓൺലൈൻ പേയ്മെന്റ് ഗേറ്റ്‍വേകളിലൂടെയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലൂടെയും പണമടയ്ക്കാം.
ഇ- വിസ ലഭ്യമാക്കപ്പെട്ടവർക്ക് ഇന്ത്യയിലെ 32 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയും അഞ്ച് നാവികത്താവളങ്ങളിലൂടെയും പ്രവേശനം അനുവദിക്കും. അതേസമയം, തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കുവൈത്തിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴി പരമ്പരാഗത രീതിയിൽ വിസ നേടിയെടുക്കുന്നതിനുള്ള സംവിധാനവും തുടരും.








0 comments