ദുബായ് പറക്കും ടാക്‌സി; പരീക്ഷണം വിജയകരം

ദിലീപ് സി എൻ എൻ
Published on Jul 02, 2025, 02:06 PM | 1 min read
ദുബായ് : ദുബായ് പറക്കും ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചു. ദുബായ് അൽ ഐൻ റോഡിലെ മർഗാമിൽ ദുബായ് ജെറ്റ്മാൻ ഹെലിപാഡിലുള്ള ജോബിയുടെ പറക്കൽ കേന്ദ്രത്തിൽ പരീക്ഷണം നടന്നു. ജോബി ഏവിയേഷൻ വികസിപ്പിച്ചെടുത്തതാണ് ഈ പറക്കും ടാക്‌സി. മണിക്കൂറിൽ 320 കിലോമീറ്റർ വേഗം കൈവരിക്കാനും 450 കിലോ ഭാരം വഹിക്കാനും ശേഷിയുള്ള പറക്കും ടാക്‌സിയുടെ പരീക്ഷണമാണ് നടത്തിയത്. അടുത്ത വർഷം ആദ്യ പകുതിയിൽ ടാക്‌സി ഔദ്യോഗികമായി പ്രവർത്തനം തുടങ്ങും. ഈ പുതിയ നേട്ടം ദൂരം കുറയ്ക്കുകയും ദുബായിലെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യും.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തെ പുനർനിർവചിക്കാനും സഹായിക്കും. നൂതനാശയങ്ങളിലും സാങ്കേതിക വിദ്യയിലും ആഗോള നേതൃത്വമെന്ന നിലയിലുള്ള യുഎഇയുടെ സ്ഥാനം ശക്തമാക്കാനുള്ള തുടർശ്രമങ്ങളുടെ ഭാഗമാണിതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പറക്കും ടാക്‌സി സേവനങ്ങൾ ആരംഭിക്കാനുള്ള വിശാലമായ തയ്യാറെടുപ്പുകളുടെ ഭാഗമാണ് പരീക്ഷണമെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. പറക്കും ടാക്‌സിയ്ക്ക് പൈലറ്റിനെയും നാലു യാത്രക്കാരെയും വഹിക്കാനാകുമെന്ന് ജോബി ഏവിയേഷനിലെ എയർക്രാഫ്റ്റ് ഒഇഎം പ്രസിഡന്റ് ദിദിയർ പാപഡോ പൗലോസ് പറഞ്ഞു.
പരമ്പരാഗത ഹെലികോപ്റ്ററിനേക്കാൾ 100 ഇരട്ടി ശബ്ദം കുറവാണിതിന്. ജോബി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനും ദുബായ് മറീനയ്ക്കുമിടയിലാണ് ആദ്യ റൂട്ട്. ഭാവിയിൽ ഡൗൺ ടൗൺ ദുബായിലേക്കും പാം ജുമൈറയിലേക്കും സർവീസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ദുബായ് വിമാനത്താവളത്തിൽനിന്നും പാം ജുമൈറയിലേക്ക് യാത്രാസമയം നിലവിലെ 45 മിനുട്ടിൽനിന്ന് 12 മിനുട്ടായി കുറയും. ഒന്നിലധികം ടാക്‌സികളും ആയാണ് പ്രവർത്തനം ആരംഭിക്കുക. യുഎഇയിലുടനീളം പറക്കുന്ന ടാക്‌സി സേവനങ്ങൾ വിപുലീകരിക്കാനായി കമ്പനി മറ്റ് എമിറേറ്റുകളുമായും ചർച്ച നടത്തുകയാണെന്നും പാപഡോ പറഞ്ഞു.










0 comments