'ജല' തുണച്ചു; ജിസാനിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജിസാൻ: ജിസാനിൽ മരിച്ച കന്യാകുമാരി അമ്പിയം ആഴിത്തുറ എനയം സ്വദേശി ജസ്റ്റിൻ സൂസെ അന്തോണിയുടെ (52) മൃതദേഹം 'ജല' പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. കഴിഞ്ഞമാസം 11നാണ് ജസ്റ്റിൻ ഹൃദയാഘാതംമൂലം മരിച്ചത്. ജിസാനിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി അബൂഅരീഷ് കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജിസാനിൽ നിന്ന് റിയാദ് വഴിയാണ് മൃതദേഹം കൊച്ചിയിലേക്ക് അയച്ചത്. ശനിഴാഴ്‌ച രാവിലെ സ്വദേശമായ ആഴിത്തുറയിൽ മൃതദേഹം സംസ്‌കരിക്കും. ബന്ധുക്കളും സഹപ്രവർത്തകരുമായ മൊയ്‌സൺ പിള്ളയും ഹരിദാസനും ജസ്റ്റിൻറെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
കഴിഞ്ഞ പത്തുവർഷമായി ജിസാൻ ഫിഷിംഗ് ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു ജസ്റ്റിൻ. ജിസാൻ ഹാർബറിന് സമീപമുള്ള ഫ്‌ളാറ്റിൽ വെച്ച് രാത്രി നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് ജസ്റ്റിനെ സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതിനാൽ ജിസാൻ സിറ്റി സൗത്ത് പോലീസിൻറെ നിർദ്ദേശപ്രകാരം ജിസാൻ പബ്ലിക് പ്രോസിക്യൂഷൻറെ അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് ജസ്റ്റിൻറെ മൃതദേഹം നാട്ടിലയക്കാൻ കാലതാമസം നേരിട്ടത്. മൃതദേഹത്തിൻറെ രാസപരിശോധനയും ഫോറൻസിക്ക് പരിശോധനയും പൂർത്തിയാക്കിയ ശേഷം പൊലീസിൻറെ അന്തിമ റിപ്പോർട്ട് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ജസ്റ്റിൻറെ സ്പോൺസർ അവാജി ഹുസൈൻ ഹക്കമിയുമായി ബന്ധപ്പെട്ട് 'ജല'യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹിളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഗഫൂർ പൊന്നാനി, യൂണിറ്റ് ഭാവരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി എന്നിവർ മൃതദേഹം നാട്ടിലയക്കാൻ സഹായങ്ങൾ നൽകി.
സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ് ജസ്റ്റിൻ. ഭാര്യ മേരി, മക്കൾ: ജോൺ വർഷൻ, ജേഷ്‌മ











0 comments