പ്രവാസി സംഗമത്തിന് വിപുലമായ ഒരുക്കം; മുഖ്യമന്ത്രി നാളെ ബഹ്‌റൈനില്‍

മനാമ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ബഹ്‌റൈനിലെത്തും. വെള്ളി വൈകീട്ട് ആറരയ്ക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, എം എ യൂസഫലി എന്നിവര്‍ പങ്കെടുക്കും.
പ്രവാസി സംഗമം വിജയിപ്പിക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതായും സ്വാഗതസംഘം ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് സംഗമം ഒരുക്കുന്നത്. നോര്‍ക്ക, ലോക കേരള സഭ, മലയാളം മിഷന്‍, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി ബഹ്‌റൈനിലെ മലയാളികളുമായി സംവദിക്കുമെന്നാണ് പ്രതീക്ഷ.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനം ബഹ്‌റൈനിലെ അംഗീകൃത നോര്‍ക്ക കേന്ദ്രങ്ങളായ സഖയ കേരളീയ സമാജം, സല്‍മാനിയ ബഹ്‌റൈന്‍ പ്രതിഭ ഓഫീസ് എന്നിവിടങ്ങളില്‍ വ്യാഴംവരെ സ്വീകരിക്കും. മലയാളി, മലയാളം, മാനവികത എന്ന പ്രമേയത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. പരിപാടി വിജയിപ്പിക്കാനായി ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരടങ്ങിയ 501 അംഗ സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ പി വി രാധാകൃഷ്ണപിള്ള, ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ലോക കേരള സഭ അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍, സമാജം വൈസ് പ്രസിഡന്റ് വി എസ് ദിലീഷ് കുമാര്‍, നൗഷാദ് മുഹമ്മദ്, വിനയചന്ദ്രന്‍ നായര്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









0 comments