ad
Deshabhimani

ഗാന്ധി സ്‌മരണകളുമായി ചില്ല ജനുവരി വായന

chilla

ചില്ല ജനുവരി വായനയിൽ ബിനീഷ് പാലിശേരി വായനാനുഭവം പങ്കുവയ്ക്കുന്നു

വെബ് ഡെസ്ക്

Published on Feb 03, 2026, 04:29 PM | 1 min read

റിയാദ്: ഗാന്ധിജിയുടെ ജീവിതദർശനവും മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ചർച്ച ചെയ്‌ത്‌ ചില്ല ജനുവരി വായന. സംഘപരിവാർ നടപ്പാക്കുന്ന വിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചുകൊണ്ട്‌ പരിപാടി തുടങ്ങി. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ വിവിധതലം തുറന്നുകാട്ടുന്നതിൽ പി എൻ ഗോപീകൃഷ്ണന്റെയും സുനിൽ പി ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും വലിയ പങ്കുവഹിക്കുന്നതായി പരിപാടി വിലയിരുത്തി.


മുഹമ്മദ് അലി ശിഹാബ് രചിച്ച ‘വിരലറ്റം– ഒരു യുവ ഐഎഎസുകാരന്റെ ജീവിതം’ ഓർമക്കുറിപ്പുകൾ ബിനീഷ് പാലിശേരി സദസ്സിന് പരിചയപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങളെ ആശയോടും ഇച്ഛാശക്തിയോടും അതിജീവിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൃതിയെന്ന് ബിനീഷ് പറഞ്ഞു.


ജി ആർ ഇന്ദുഗോപന്റെ കഥകളെ ആസ്‌പദമാക്കി റഫീഖ് പന്നിയങ്കര സംസാരിച്ചു. സമകാലിക കഥാകൃത്തുകൾക്ക് പലപ്പോഴും അപരിചിതമായ, വിചിത്രവും പുതുമയുള്ളതുമായ വഴികളിലൂടെയാണ് ഇന്ദുഗോപന്റെ കഥകൾ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പാശം’, ‘ബീജ ബാങ്കിലെ പെൺകുട്ടി’, ‘ഗൈനക്’, ‘ഉള്ളികുപ്പം’, ‘ചട്ടമ്പി സദ്യ’, ‘ഉറങ്ങാതിരിക്കുക കള്ളനെ പിടിക്കാം’ തുടങ്ങിയ കഥകൾ ഉദാഹരണങ്ങളാക്കി ഇന്ദുഗോപന്റെ കഥാലോകത്തെ അദ്ദേഹം വിശദീകരിച്ചു.


പി എൻ ഗോപീകൃഷ്ണന്റെ 32 കവിതകളടങ്ങിയ ‘തകർന്ന പള്ളിയാണ് വലിയ പള്ളി’ എന്ന സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം ശശി കാട്ടൂർ അവതരിപ്പിച്ചു. എവിടെനിന്ന്‌ ആരംഭിച്ചാലും ഗാന്ധിയിലെത്താൻ ആഗ്രഹിക്കുന്ന കവിതകളും തകർത്ത പള്ളിയിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്ന രാമൻ ഗാന്ധിയുടെ രാമനല്ലെന്ന ശക്തമായ സന്ദേശവും ഉൾക്കൊള്ളുന്ന കവിതകൾ വർത്തമാനകാല ഇന്ത്യയുടെ ആകുലത അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


പുസ്‌തകാവതരണത്തിനുശേഷം നടന്ന ചർച്ചയിൽ വിപിൻ കുമാർ, നജീം കൊച്ചുകലുങ്ക്, സ്‌നിഗ്‌ധ, അനിത്ര ജോമി, വിദ്യ, നിഷാദ്, നാസർ കാരന്തൂർ തുടങ്ങിയവർ പങ്കെടുത്തു. ചർച്ച ഉപസംഹരിച്ച് നാസർ കാരക്കുന്ന് സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home