5 മാസം; ദുബായിൽ 86 ലക്ഷം സഞ്ചാരികൾ

ദുബായ് : ഈ വർഷം ജനുവരിമുതൽ മെയ് വരെയുള്ള കാലയളവിൽ 86.8 ലക്ഷം അന്താരാഷ്ട്ര സന്ദർശകർ ദുബായിൽ എത്തിയതായി അധികൃതർ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനമാണ് വർധനയെന്നും അധികൃതർ അറിയിച്ചു. ദുബായ് സാമ്പത്തിക, വിനോദ സഞ്ചാര വകുപ്പിന്റെ ഏറ്റവും പുതിയ പ്രകടന റിപ്പോർട്ട് അനുസരിച്ച്, മേയിൽ മാത്രം 15.3 ലക്ഷം വിനോദസഞ്ചാരികൾ എത്തി.
സഞ്ചാരികളുടെ സ്രോതസ്സ് പട്ടികയിൽ പടിഞ്ഞാറൻ യൂറോപ്പാണ് ഒന്നാമത്. ഏകദേശം 19.2 ലക്ഷം സന്ദർശകർ ഇവിടെനിന്ന് എത്തി. റഷ്യ, സിഐഎസ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ് എന്നിവ 14 ലക്ഷവുമായി തൊട്ടുപിന്നിലെത്തി. ദക്ഷിണേഷ്യയും ജിസിസി മേഖലയും 12 ലക്ഷത്തിലധികംവീതം സഞ്ചാരികളെ കൊണ്ടുവന്നു. മറ്റ് പ്രധാന വിപണികളിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, വടക്കുകിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യ, അമേരിക്കൻ രാജ്യങ്ങൾ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടുന്നു.
ദുബായുടെ ഹോട്ടൽ മേഖലയും വളർച്ച കൈവരിച്ചു. 825 സ്ഥാപനം 1,53,000ൽ അധികം മുറികൾ വാഗ്‌ദാനം ചെയ്യുന്നു. ശരാശരി താമസ സൗകര്യം 83 ശതമാനമായി ഉയർന്നു. മൊത്തം മുറി രാത്രികൾ 190 ലക്ഷത്തിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ നാലുശതമാനം കൂടുതലാണിത്. അതിഥികൾ ശരാശരി 3.8 രാത്രികൾ താമസിച്ചു. ശരാശരി ദൈനംദിന മുറി നിരക്ക് 620 ദിർഹമായി. ലഭ്യമായ ഓരോ മുറിയുടെയും വരുമാനം 513 ദിർഹമായും വർധിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴുശതമാനം വർധനയാണിത്.










0 comments