ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി; ലുബാന്‍ ഒമാന്‍, യെമന്‍ ഭാഗത്തേക്ക്

മനാമ > അറബികടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി വികസിച്ചതായി ഒമാന്‍ കലാവസ്ഥാ വിഭാഗം അറിയിച്ചു. 'ലുബാന്‍' എന്നു പേരിട്ട ചുഴലികാറ്റ് സലാല തീരത്തു നിന്നും 940 കിലോമീറ്റര്‍ അകലെ അറബിക്കടലിന്റെ തെക്കു കിഴക്ക് ഭാഗത്തായാണ് ഉള്ളത്. കാറ്റിന്റെ ഗതി തെക്കന്‍ ഒമാന്‍, യെമന്‍ ഭാഗത്തേക്കാണ്. കാറ്റിന്റെ അനുബന്ധമായ മേഘങ്ങള്‍ 400 കിലോമീറ്റര്‍ അകലെയെത്തി. ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ചയോടെ ചുലിക്കാറ്റ് പരോക്ഷമായി അനുഭവപ്പെട്ട് തുടങ്ങുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. ഇവിടെ ശകതമായ മഴക്കും കാറ്റിനും തിരമാലകള്‍ മൂന്നു മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.
യെമനില്‍ ഒമാന്‍ തീരാതിര്‍ത്തി മുതല്‍ അല്‍ മുകല്ലവരെ കാറ്റ് അനുഭവപ്പെടും. യെമനില്‍ എത്തുന്നതിനു മുന്‍പ് സൊകോര്‍ട്ട ദ്വീപില്‍ ചൂഴലിക്കാറ്റ് അനുഭവപ്പെടും. വ്യാഴാഴച മുതല്‍ ശനിയാഴ്ച വരെ ഇവിടെ ശകതമായ മഴ ഉണ്ടാകും. നിലവില്‍ മണിക്കൂറില്‍ 64 74 കിലോമീറ്ററാണ് വേഗം. ഇത് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗം കൈവരിച്ച് അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉന്നത തല യോഗം വിളിച്ചു തയ്യാറെടുപ്പുകള്‍ വിലയിരുത്തി.
'ലുബാന്‍' എന്നാല്‍ അറബിയില്‍ കുന്തിരിക്കം എന്നാണ് അര്‍ഥം. ഒമാനാണ് ഈ പേര് നല്‍കിയത്. വടക്കു പടിഞ്ഞാറു നിന്ന് പടിഞ്ഞാറോട്ടാണ് ഇപ്പോള്‍ ചുഴലിയുടെ സഞ്ചാരം. കാറ്റിന്റെ ഗതിയില്‍ 24 മണിക്കൂറിനുള്ളില്‍ മാറ്റം വരാനുള്ള സാധ്യതകള്‍ ഒഴവാക്കാനാകില്ലെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നു.
സലാല പോര്‍ട്ടിലെ ലോഞ്ചുകള്‍ കഴിഞ്ഞ ദിവസം തന്നെ ഇവിടം വിട്ട് ആഫ്രിക്കന്‍ തീരങ്ങളിലേക്ക് പോയിരുന്നു. കഴിഞ്ഞ മെയ് അവസാനത്തില്‍ വീശിയ മെക്കനു ചുഴലിക്കാറ്റില്‍ 30 പേരാണ് ഒമാനിലും യെമനിലുമായി മരിച്ചത്. ഈ വര്‍ഷം അറബിക്കടലില്‍ രൂപം കൊള്ളുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ലുബാന്‍








0 comments