ഇരമ്പിവരുന്നു ഇംഗ്ലണ്ട്

ഇംഗ്ലണ്ട്
ലോകകപ്പ് യോഗ്യത: 14 തവണ
മികച്ച പ്രകടനം: ചാമ്പ്യൻമാർ (1966)
2014 ലോകകപ്പ്: ഗ്രൂപ്പ്ഘട്ടം
യോഗ്യതാ റൗണ്ട്: യൂറോപ്പ് ഗ്രൂപ്പ് എഫിൽ ഒന്നാമത്
മത്സരക്രമം: ടുണീഷ്യ (18), പാനമ (24), ബൽജിയം (28)
പരിശീലകൻ: ഗാരെത് സൗത്ഗേറ്റ്
ക്യാപ്റ്റൻ: ഹാരി കെയ്ൻ
പ്രധാന കളിക്കാർ: കെയ്ൻ, റഹീം സ്റ്റെർലിങ്, കൈൽ വാൾക്കർ
പ്രതീക്ഷിക്കുന്ന ടീം ഘടന (3‐5‐2): ജോർദാൻ പിക്ഫോർഡ്, കൈൽ വാൾകർ, എറിക് ദിയെർ, ജോൺ സ്റ്റോൺസ്, കീറൺ ട്രിപ്പിയെർ, ഹെസെ ലിങ്ഗാർഡ്, ജോർദാൻ ഹെൻഡേഴ്സൺ, ഡെലെ ആല്ലി, ഡാനി റോസ്, റഹീം സ്റ്റെർലിങ്, ഹാരി കെയ്ൻ.
സ്ഥിരതയുള്ള പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് ലോകകപ്പിനെത്തിയത്. യോഗ്യതാറൗണ്ടിൽ മുഴുവൻ കളിയിലും ജയം. എല്ലാ തവണയും ഇംഗ്ലണ്ട് ഈ രീതിയിൽതന്നെയാണ് ലോകകപ്പ് കളിക്കാനെത്തുന്നത്. അമിതപ്രതീക്ഷകൾ തിരിച്ചടിയാകാറാണ് പതിവ്്. മൂന്ന് ഫുൾബാക്കുകളെ നിലനിർത്തിയുള്ള പരീക്ഷണമാണ് ഗാരെത് സൗത്ഗേറ്റ് റഷ്യയിൽ നടത്തുക. മികച്ച മധ്യനിരയും കെയ്ൻ നയിക്കുന്ന മുന്നേറ്റവും. 1966നുശേഷം ലോകകപ്പ് കൊതിക്കുന്ന ഇംഗ്ലണ്ടിന് റഷ്യയിൽ എന്തുകിട്ടുമെന്ന് കാത്തിരുന്ന് കാണാം.
പദ്ധതികൾ കളത്തിൽ കൃത്യതയോടെ നടപ്പാക്കാൻകഴിയുന്ന കളിക്കാരാണ് ഇംഗ്ലണ്ടിനുള്ളത്. യുവനിരയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ താരങ്ങളാണ്. മികച്ച പ്രതിരോധമുണ്ട്.
കെയ്നാണ് മുന്നേറ്റത്തിലെ ശ്രദ്ധേയൻ. സമ്മർദമുണ്ട് ഈ ടോട്ടനം ഹോട്സ്പർ താരത്തിന്. മാർച്ചിൽ പരിക്കേറ്റശേഷം കളിമികവ് കുറഞ്ഞിട്ടുണ്ട്. പകരക്കാരനായി മികച്ചൊരു സ്ട്രൈക്കർ സൗത്ഗേറ്റിനില്ല. ജാമി വാർഡിയും മാർകസ് റാഷ്ഫഡുമാണ് പകരക്കാരുടെ നിരയിൽ. കെയ്നിന്റെ അത്രയുംവരില്ല ഇരുവരും. പ്രതിരോധത്തിൽ സെന്റർ ബാക്കുകളുടെ കാര്യത്തിൽ സംശയമുണ്ട്. ക്ലബ്തലത്തിൽ സ്ഥിരതപുലർത്തുന്നവരാണ് സ്റ്റോൺസും വാൾകറും.
ഗ്രൂപ്പിൽനിന്ന് ഇംഗ്ലണ്ടിന് എളുപ്പത്തിൽ മുന്നേറാം. ബൽജിയമാണ് പ്രധാന വെല്ലുവിളി. എങ്കിലും രണ്ടാംസ്ഥാനക്കാരായി മുന്നേറാനുള്ള സാധ്യതയുണ്ട്. ശേഷിക്കുന്ന ടീമുകളായ പാനമയും ടുണീഷ്യയും ഇംഗ്ലണ്ടിന് വെല്ലുവിളിയല്ല.
സന്നാഹമത്സരങ്ങളിൽ മികച്ച ജയം നേടാനായത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.









0 comments