അറബിക്കടലില്‍ രണ്ടര ടണ്‍ മയക്കുമരുന്ന്‌ പിടികൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 24, 2018, 03:00 PM | 0 min read

മനാമ > വ്യത്യസ്‌‌‌ത സംഭവങ്ങളിലായി അറബിക്കടലില്‍ പരമ്പരാഗത ബോട്ടുകളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന രണ്ടര ടണ്ണോളം മയക്കുമരുന്നു പിടികൂടി. ബഹ്‌‌‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യ സേന (സിടിഎഫ് 150)യുടെ ഭാഗമായ ഫ്രഞ്ച് യുദ്ധകപ്പല്‍ ലാ ഫിയെറ്റയാണ് രണ്ടു ദിവസത്തിനിടെ സംശയകരമായി കണ്ട ബോട്ടുകളില്‍ നിന്നും മയക്കു മരുന്നു പിടികൂടിയത്.

ഏപ്രില്‍ 11ന് ബോട്ടില്‍നിന്നും 413 കിലോ ഹെറോയിനും കഴിഞ്ഞ 17ന് സംശയകരമായ നിലയില്‍ കണ്ട മറ്റൊരു ബോട്ടില്‍നിന്നും 1940 കിലോ ഗ്രാം ഹാഷിഷുമാണ് പിടികൂടിയതെന്ന് സിടിഎഫ് 150 കമാന്‍ഡര്‍ മാല്‍ വൈസ് അറിയിച്ചു. ഹെറോയിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 9.6 കോടി ഡോളറും ഹാഷിഷിന് 7.5 കോടി ഡോളറും വില വരും,. അന്താരാഷ്ട്ര സമുദ്ര പരിധിയില്‍ നിന്നാണ് ഇവ പിടികൂടിയത്.

ഇതോടെ കഴിഞ്ഞ നാലു മാസത്തിനിടെ സിടിഎഫ് 150 പിടികൂടിയ മയക്കു മരുന്നു 33 ടണ്ണായി ഉയര്‍ന്നു. പിടികൂടിയ മയക്കു മരുന്നു കടലില്‍ നശിപ്പിച്ചു. ഫ്രഞ്ച് യുദ്ധ കപ്പലായ ജീന്‍ ഡി വിയന്നയും ഓസ്ട്രേലിയന്‍ യുദ്ധ കപ്പല്‍ എച്ച്എംഎഎസ് വാറമുംഗയും കഴഞ്ഞ മാസം 12.21 ടണ്‍ ഹാഷിഷും 132 കിലോ ഹറോയിനും പിടികൂടിയിരുന്നു.

കടല്‍ കൊള്ളയും കടല്‍ വഴിയുള്ള ഭീകരതയും തടയാനായി രൂപീകരിച്ച സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലാണ് സിടിഎഫ് പ്രവര്‍ത്തനം. കടത്തിയ 414 കിലോ ഹെറോയിന്‍ വാറമുംഗ പിടികൂടിയിരുന്നു. ബഹ്റൈന്‍ ആസ്ഥാനമായ സിഎംഎഫില്‍ 31 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഇതിനു കീഴിലെ മൂന്നു സമുദ്ര ദൗത്യ സംഘങ്ങളില്‍ ഒന്നാണ് സിടിഎഫ് 150. സമുദ്രമേഖലയിലെ മയക്കുമരുന്നു കള്ളക്കടത്തും ഭീകര പ്രവര്‍ത്തനവും തടയുക എന്ന ലക്ഷ്യത്തോടെ 2002ലാണ് സിടിഎഫ് 150 രൂപീകരിച്ചത്.






 



deshabhimani section

Related News

View More
0 comments
Sort by

Home