പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് കൂടുതല്‍ ബോധവത്കരണം നടത്തേണ്ടതുണ്ട്: മന്ത്രി എകെ ബാലന്‍

അബുദാബി > നിരവധി പ്രവാസി ക്ഷേമപദ്ധതികള്‍ ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ വേണ്ടത്ര പ്രവാസികളിലേയ്‌ക്കെത്തുന്നില്ലെന്ന് സംസ്ഥാന പട്ടികജാതിവര്‍ഗ, പിന്നാക്ക ക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസികളില്‍ കൂടുതല്‍ ബോധവത്ക്കരണം നടത്തേണ്ടിയിരിക്കുന്നു. നോര്‍ക്കയുടെ കീഴിലുള്ള ഒട്ടുമിക്ക ക്ഷേമ പദ്ധതികളെ കുറിച്ച് പലരും അജ്ഞരാണ്. പ്രവാസം കഴിഞ്ഞ് തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിന് നോര്‍ക്കയുടെ കീഴില്‍ പദ്ധതി നിലവിലുണ്ട്. തൊഴില്‍ സംരംഭകര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ വായ്‌പ കൊടുക്കുന്നതാണ് പദ്ധതി.

അതില്‍ തന്നെ 15 ശതമാനം സബ്‌സിഡിയുണ്ട്. 15,734 അപേക്ഷകളാണ് ഇതില്‍ ബാങ്കുകള്‍ക്ക് ശിപാര്‍ശ ചെയ്‌തിട്ടുള്ളത്. ഇതില്‍ ആയിരത്തിയെണ്ണൂറോളം പേര്‍ ഇതിനകം സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിദേശത്ത് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കാരുണ്യ എന്ന പേരില്‍ പദ്ധതിയുണ്ട്. ലക്ഷം രൂപ ഇതില്‍ സഹായം നല്‍കുന്നുണ്ട്. രോഗബാധിതരായി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിനും മക്കളുടെ വിവാഹത്തിനും സഹായം നല്‍കുന്നുണ്ട്. ബാക്ക്‌വേര്‍ഡ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് കോര്‍പ്പറേഷനും ലളിതമായ വ്യവസ്ഥയില്‍ വായ്‌പ ലഭ്യമാക്കുന്നുണ്ട്.
പലര്‍ക്കും ഇക്കാര്യം അറിയില്ല. എല്ലാ ജില്ലകളിലും ഇതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളും പ്രവാസികള്‍ക്കുണ്ട്. പ്രവാസികളുടെ ക്ഷേമത്തിന് ആഗോള പ്രവാസി സഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗ്ലോബല്‍ കേരള സാംസ്‌കാരികോത്സവം നടത്താനും തീരുമാനമുണ്ട്. ഇതിന് കഴിഞ്ഞ ബജറ്റില്‍ ആറര കോടി രൂപ വകവരുത്തിയിട്ടുണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ വളരെ അനുഭാവ പൂര്‍വ്വമായ നിലപാടാണ് പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പലരും തങ്ങളുടെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. മന്ത്രിയോടൊപ്പം എം. എല്‍. എ. മാരായ എ. പ്രദീപ്കുമാര്‍, വീണാ ജോര്‍ജ്, ബി. ഗണേഷ്‌കുമാര്‍, കെ. കൃഷ്‌ണന്‍കുട്ടി, ചിറ്റയം ഗോപകുമാര്‍, സണ്ണി ജോസഫ്, വി. പി. സജീന്ദ്രന്‍, അഡ്വ. എം. ഉമ്മര്‍ എന്നിവരും മലയാളം മിഷന്‍ ഡയറക്‌ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, ഡയറക്‌ടര്‍ ജനറല്‍ ഡോ. ബിജു ലക്‌ഷ്മണന്‍ എന്നിവരും സംബന്ധിച്ചു.
ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോയ് തോമസ് ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍ ചര്‍ച്ച നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്‌ദുല്‍ സലാം സ്വാഗതം പറഞ്ഞു.








0 comments